കൊച്ചി ∙ വേദികൾക്കു മത്സരച്ചൂട് പകർന്ന കലോത്സവപ്പകലിലെ കിരീടപ്പോരാട്ടത്തിൽ കുതിപ്പു തുടർന്ന് എറണാകുളം ഉപജില്ല (469 പോയിന്റ്). മിന്നും പ്രകടനങ്ങൾക്കൊപ്പം വേറിട്ട
പ്രതിഷേധങ്ങളുമുണ്ടായ കലോത്സവത്തിന്റെ രണ്ടാം ദിനത്തിൽ പറവൂർ ഉപജില്ലയാണ് രണ്ടാമത് (439). മൂന്നാമത് മട്ടാഞ്ചേരി (420). സ്കൂൾ പോയിന്റ് നിലയിൽ ആലുവ വിദ്യാധിരാജ വിദ്യാഭവൻ ഇഎംഎച്ച്എസാണ് ഇന്നലെ ഒന്നാമത് (123 പോയിന്റ്).
എറണാകുളം സെന്റ് തെരേസാസ് സിജിഎച്ച്എസ്എസ് തൊട്ടുപിന്നാലെയുണ്ട് (121). ചെറായി സഹോദരൻ മെമ്മോറിയൽ എച്ച്എസ്എസ് (117), മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ജിഎച്ച്എസ്എസ് (110), എടവനക്കാട് ഹിദായത്തുൽ ഇസ്ലാം എച്ച്എസ്എസ് (103) സ്കൂളുകളാണ് 3 മുതൽ 5 വരെ സ്ഥാനങ്ങളിൽ
യുപി വിഭാഗം അറബിക് കലോത്സവത്തിൽ ആലുവ, മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂർ, വൈപ്പിൻ, മട്ടാഞ്ചേരി, പറവൂർ, കോലഞ്ചേരി ഉപജില്ലകൾ 20 പോയിന്റുമായി ഒപ്പത്തിനൊപ്പമാണ്.
ഹൈസ്കൂൾ വിഭാഗത്തിൽ 35 പോയിന്റോടെ പെരുമ്പാവൂർ ഉപജില്ലയാണ് മുന്നിൽ. 33 പോയിന്റോടെ കോലഞ്ചേരി, അങ്കമാലി ഉപജില്ലകൾ രണ്ടാം സ്ഥാനത്താണ്.
യുപി വിഭാഗം സംസ്കൃതോത്സവത്തിൽ 53 പോയിന്റുമായി മൂവാറ്റുപുഴ, പറവൂർ, അങ്കമാലി, ആലുവ ഉപജില്ലകളാണു മുന്നിൽ. എച്ച്എസ് വിഭാഗത്തിൽ 30 പോയിന്റോടെ മൂവാറ്റുപുഴ, പെരുമ്പാവൂർ, തൃപ്പൂണിത്തുറ, മട്ടാഞ്ചേരി, പറവൂർ, കോലഞ്ചേരി, അങ്കമാലി, ആലുവ ഉപജില്ലകൾ മുന്നിലാണ്.കലോത്സവത്തിന്റെ ഉദ്ഘാടനം കലക്ടർ ജി.പ്രിയങ്ക നിർവഹിച്ചു.
റീജനൽ ഡപ്യൂട്ടി ഡയറക്ടർ ഡോ. ഡി.ജെ.സതീഷ് അധ്യക്ഷനായി.
കലോത്സവ ലോഗോ തയാറാക്കിയ പുതുപ്പാടി ഫാ. ജോസഫ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി ബിൻസിൽ ബിജു മാത്യുവിന് നടൻ ബിബിൻ ജോർജ് പുരസ്കാരം സമ്മാനിച്ചു.
3 വർഷമായി ജില്ലാ കലോത്സവ ലോഗോ തയാറാക്കുന്നതു ബിൻസിലാണ്.വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ, സെന്റ് ആൽബർട്സ് സ്കൂൾ മാനേജർ ഫാ.
ജയൻ പയ്യപ്പിള്ളി, ദാറുൽ ഉലൂം വിഎച്ച്എസ്എസ് മാനേജർ മുഹമ്മദ് ബാബുസേട്ട്, സെന്റ് തെരേസാസ് സ്കൂൾ മാനേജർ സിസ്റ്റർ റോസ് മാർഗരറ്റ്, സെന്റ് ആന്റണീസ് സ്കൂൾ മാനേജർ സിസ്റ്റർ ഈഡിത്ത്, സെന്റ് മേരീസ് സ്കൂൾ മാനേജർ സിസ്റ്റർ തെരേസ് മരിയ, എസ്എസ്കെ ജില്ലാ കോഓർഡിനേറ്റർ ജോസഫ് വർഗീസ്, ഡയറ്റ് പ്രിൻസിപ്പൽ ജി.എസ്.ദീപ, ഡിഇഒ സക്കീന മലയിൽ കണ്ണഞ്ചേരി, എറണാകുളം ബിപിസി ഏലിയാസ് മാത്യു, വിവിധ അധ്യാപക സംഘടനാ പ്രതിനിധികൾ, മത്സരം നടക്കുന്ന സ്കൂളുകളിലെ പ്രധാന അധ്യാപകർ തുടങ്ങിയവർ പ്രസംഗിച്ചു. കലോത്സവത്തിന്റെ ട്രോഫി റൂം വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ഡി.ഉല്ലാസ് ഉദ്ഘാടനം ചെയ്തു.
കലോത്സവ വേദിയിൽ പ്രതിഷേധ യക്ഷഗാനം
കൊച്ചി ∙ വിധികർത്താക്കളും കാണികളുമില്ലാതെയാണു ചേന്ദമംഗലം കരിമ്പാടം ഡിഡി സഭാ എച്ച്എസ് വിദ്യാർഥികൾ വേദിയിൽ യക്ഷഗാനം അവതരിപ്പിച്ചത്.
ഇന്നലത്തെ യക്ഷഗാന മത്സരം വെള്ളിയാഴ്ചയിലേക്ക് മാറ്റിയതിലായിരുന്നു പ്രതിഷേധം. 10 വർഷമായി സംസ്ഥാന കലോത്സവത്തിൽ യക്ഷഗാന മത്സരത്തിൽ ഈ സ്കൂൾ ജില്ലയെ പ്രതിനിധീകരിക്കുന്നു.
കഴിഞ്ഞ ദിവസം വൈകിട്ടാണ് യക്ഷഗാനം മാറ്റിയെന്ന ഔദ്യോഗിക ഇ– മെയിൽ അറിയിപ്പ് സ്കൂളുകൾക്കു ലഭിച്ചതെന്ന് സ്കൂളിലെ അധ്യാപകർ പറയുന്നു.
ഇതിനകം മംഗളൂരുവിൽ നിന്നു പരിശീലകരും പക്കമേളക്കാരും എറണാകുളത്തേക്ക് പുറപ്പെട്ടിരുന്നു. മേളക്കാർക്കു മറ്റു പരിപാടിയുള്ളതിനാൽ വെള്ളിയാഴ്ച മത്സരത്തിൽ പങ്കെടുക്കാനാകില്ലെന്നും പറയുന്നു.
കാസർകോട്ടു നിന്നു കൊണ്ടുവന്ന വസ്ത്രങ്ങളും തിരികെ കൊടുക്കണം. തുടർന്നാണു പ്രതിഷേധമായി വേദിയുടെ താഴെ യക്ഷഗാനം അവതരിപ്പിച്ചത്.കർണാടകയിലും കാസർകോടു ജില്ലയിലും യക്ഷഗാന സീസൺ ആയതിനാൽ മത്സര ദിവസം മാറ്റണമെന്ന് ആവശ്യപ്പെട്ടതു സ്കൂൾ അധികൃതർ തന്നെയാണെന്നു പ്രോഗ്രാം കമ്മിറ്റി കൺവീനർ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

