
വെളിച്ചെണ്ണ വിലയിൽ കൈപൊള്ളി നിൽക്കുകയാണ് ഓണക്കാലത്തെ ഉപ്പേരി വിപണി. കായവറുത്തതും ശർക്കര വരട്ടിയും ഇല്ലാതെ ഓണം ആലോചിക്കാൻ വയ്യാത്തതിനാൽ ഉപ്പേരി പായ്ക്കറ്റുകൾക്ക് കടകളിൽ ക്ഷാമമില്ല.
എങ്കിലും കരുതലോടെയാണ് ഉപ്പേരിയുടെ വറുത്തു കോരൽ. മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ കായ ഉപ്പേരിക്ക് 10–15% വരെ വില കൂടിയിട്ടുണ്ട്.
ഓണത്തിനു ദിവസങ്ങൾക്കു മുൻപേ കായ വറുക്കൽ ഉഷാറാകുമെങ്കിൽ ഇത്തവണ വെളിച്ചെണ്ണ വില ലീറ്ററിന് 400 രൂപയ്ക്കു മുകളിൽ ആയതിനാൽ ഉപ്പേരി വറുക്കലിന് ഓണക്കാലത്തെ വേഗം വന്നിട്ടില്ല. ഓർഡർ അനുസരിച്ച് മാത്രമേ പലയിടത്തും കായ വറുക്കുന്നുള്ളൂ.
വെളിച്ചെണ്ണയിൽ വറുത്ത കായ ഉപ്പേരിക്ക് കിലോയ്ക്ക് ഏകദേശം 560 രൂപയാണ് സാധാരണ കടകളിൽ വില.
ശർക്കര വരട്ടിക്ക് 480 രൂപയും നാലു നുറുക്കിന് 600 രൂപയും ഉണ്ട്. കഴിഞ്ഞവർഷം കിലോയ്ക്ക് 450–480 രൂപയായിരുന്ന കായവറുത്തതിനാണ് ഇത്തവണ 100 രൂപയ്ക്കു മുകളിൽ വില കൂടിയത്.
ബേക്കറികളിൽ വിൽക്കുന്ന, വെളിച്ചെണ്ണയിൽ ഉണ്ടാക്കിയ ബ്രാൻഡഡ് ഉപ്പേരികൾക്ക് 800 രൂപ വരെയാണ് വില. ശർക്കര വരട്ടിക്ക് 670 രൂപയും നാലു നുറുക്കിന് 890 രൂപയും വിലയുണ്ട്.
ഓണസമ്മാന കിറ്റുകളായും ഉപ്പേരി പാക്കറ്റുകൾ വിറ്റു പോകുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു.
വെളിച്ചെണ്ണ വിലയുടെ പൊള്ളലിൽ നേന്ത്രക്കായക്ക് തിളക്കം മങ്ങിയിട്ടുണ്ട്. എറണാകുളം മാർക്കറ്റിൽ മൊത്ത വിപണിയിൽ കിലോയ്ക്ക് 30 രൂപയാണ് കായയുടെ വില.
മേട്ടുപ്പാളയത്തു നിന്നാണ് നേന്ത്രക്കായ എത്തുന്നത്. നേർത്തതും വറുത്താൽ നല്ല നിറവും ലഭിക്കുന്ന മേട്ടുപ്പാളയം നേന്ത്രക്കായക്കാണ് ഡിമാൻഡ് കൂടുതൽ.
ദിവസവും 300 ടണ്ണിൽ കുറയാത്ത നേന്ത്രക്കായ വിൽപന നടന്നിരുന്ന എറണാകുളം മാർക്കറ്റിൽ ഇപ്പോൾ ദിവസവും 100 ടൺ നടന്നാലായി എന്ന സ്ഥിതിയാണെന്ന് വ്യാപാരികൾ പറയുന്നു. എന്നാൽ ഓണാഘോഷങ്ങൾ ഉഷാറാകുന്ന വരും ദിവസങ്ങളിൽ വിപണി സജീവമാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]