
ആർഡിഎസ് അവന്യൂ വൺ ഫ്ലാറ്റിലെ മുഴുവൻ കുടുംബങ്ങളെയും ഒഴിപ്പിക്കും; ഫ്ലാറ്റിന് ബലക്ഷയമെന്ന് റിപ്പോർട്ട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ പനമ്പിള്ളി നഗറിൽ പില്ലർ അപകടാവസ്ഥയിലായ ആർഡിഎസ് അവന്യൂ വൺ ഫ്ലാറ്റിന് ബലക്ഷയമുണ്ടെന്ന് റിപ്പോർട്ട്. മുഴുവൻ താമസക്കാരും ഫ്ലാറ്റ് ഒഴിയാൻ നിർദേശിക്കുമെന്നും ഇതു സംബന്ധിച്ചു നോട്ടിസ് നൽകുമെന്നും ജില്ലാ ദുരന്തനിവാരണ സമിതി ഡപ്യൂട്ടി കലക്ടർ കെ. മനോജ് പറഞ്ഞു. ഫ്ലാറ്റിനു ബലക്ഷയമുണ്ടായതിന്റെ കാരണം വ്യക്തമല്ല. പനമ്പിള്ളി നഗർ റീജനൽ പാസ്പോർട്ട് ഓഫിസിനു സമീപമുള്ള ഫ്ലാറ്റിൽ 16 നിലകളിലായി 54 കുടുംബങ്ങളാണുള്ളത്.
ഞായറാഴ്ച രാവിലെയാണ് ഫ്ലാറ്റിന്റെ പാർക്കിങ് ഭാഗത്തുള്ള പില്ലറുകളിലൊന്ന് വലിയ ശബ്ദത്തോടെ തകർന്നത്. കലക്ടറുടെ നിർദേശമനുസരിച്ച് ഇന്നലെ ഫ്ലാറ്റിൽ ദുരന്തനിവാരണ സമിതിയും പിഡബ്ല്യുഡി വിഭാഗവും പരിശോധന നടത്തിയിരുന്നു. തുടർന്ന് വൈകിട്ടോടെ പിഡബ്ല്യുഡി കൈമാറിയ റിപ്പോർട്ട് അനുസരിച്ചാണ് താമസക്കാർക്ക് ഒഴിയാൻ നോട്ടിസ് നൽകുന്നത്.
തകർന്ന പില്ലറിനോടു ചേർന്നുള്ള എ ബ്ലോക്കിലെ 24 കുടുംബങ്ങളെ ഇന്നലെ തന്നെ മാറ്റിത്താമസിപ്പിച്ചിരുന്നു. ബി ബ്ലോക്കിലേതുൾപ്പെടെ മുഴുവൻ താമസക്കാരും മാറണമെന്ന നിർദേശമാണ് റിപ്പോർട്ടിലുള്ളത്. ഫ്ലാറ്റിന്റെ ബലപ്പെടുത്തൽ പൂർത്തിയായാൽ മാത്രമേ താമസയോഗ്യമാകൂയെന്നും അതിനുള്ള കൂടുതൽ നിർദേശങ്ങൾ അസോസിയേഷനു നൽകുമെന്നും ഡപ്യൂട്ടി കലക്ടർ പറഞ്ഞു.
ഫ്ലാറ്റിൽ നടത്തിയിരുന്ന നിർമാണ പ്രവൃത്തികൾക്ക് കോർപറേഷന്റെ അനുമതിയുണ്ടെന്നും ഇതുസംബന്ധിച്ച രേഖകൾ ഇന്നലെ അധികൃതർക്കു നൽകിയെന്നും ഫ്ലാറ്റ് ഓണേഴ്സ് അസോസിയേഷൻ സെക്രട്ടറി അവിനാഷ് കൃഷ്ണൻ പറഞ്ഞു. പരിശോധന നടത്തിയ ഉദ്യോഗസ്ഥർ നിർദേശിച്ചതനുസരിച്ചുള്ള ബലപ്പെടുത്തൽ ജോലികൾ ആരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു.