
ഏലൂർ ഫെറി ‘പഴയ ഫെറിയല്ല’; ജലകായിക വിനോദങ്ങൾ മാടിവിളിക്കുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net
കളമശേരി ∙ ഏലൂർ ഫെറിയിലേക്കു വരൂ.. സാഹസിക ജല കായിക വിനോദങ്ങൾ ആസ്വദിക്കാം. പെരിയാറിന്റെ വശ്യതയും മനോഹരമായ ഭൂപ്രകൃതിയും തൊട്ടറിയാം. വാട്ടർ മെട്രോയിൽ കയറി ചിറ്റൂർ വരെ പോകാം, കടത്തുവഞ്ചിയിൽ കയറി അക്കരെയിക്കരെ പോയിവരാം. തീരത്തു കാറ്റേറ്റു വിശ്രമിക്കാം, ചൂണ്ടയിട്ടു മീൻപിടിക്കാം, ഒഴിവുവേളകൾ ആനന്ദപ്രദമാക്കാം.ത്രിവേണി മുതൽ മലയാളത്തിലും തമിഴിലുമായി പത്തോളം സിനിമകളുടെ ചിത്രീകരണം നടന്ന ഏലൂർ ഫെറിയും പെരിയാറും സാഹസിക ജലകായിക വിനോദങ്ങൾ ഇഷ്ടപ്പെടുന്നവരെ മാടിവിളിക്കുന്നു. പെരിയാർ വരാപ്പുഴ കായലിൽ ചേരുന്ന വിശാലമായ കായൽപരപ്പിൽ ഓളങ്ങളെ കീറിമുറിച്ച് മുന്നേറുന്ന വിവിധ കായികവിനോദങ്ങളാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും ഏലൂർ നഗരസഭയും ഇവിടെ ഒരുക്കുന്നത്.
ഏലൂർ ഫെറി ജില്ലയിലെ പ്രധാന ജല ടൂറിസം കേന്ദ്രമായി മാറുകയാണ്. നഗരപ്രദേശത്തിനോട് അടുത്താണെന്നതും പ്രാധാന്യം നൽകുന്നു. വാട്ടർ ടൂറിസത്തിന്റെ ഭാഗമായി പെഡൽ ബോട്ട്, കയാക്കിങ്, ജെറ്റ് അറ്റാക്ക്, ജെറ്റ് സ്കീ (വാട്ടർ സ്കൂട്ടർ), സ്പീഡ് ബോട്ട്, വാട്ടർ സൈക്കിൾ തുടങ്ങിയ വിനോദ ഉപാധികളാണ് ഒരുക്കിയിട്ടുള്ളത്.ജെറ്റ് അറ്റാക്ക്–300 രൂപ, പെഡൽ ബോട്ട് –100, സ്പീഡ് ബോട്ട്–300, ജെറ്റ് സ്കീ –500, വാട്ടർ സൈക്കിൾ –200, കയാക്കിങ് –200 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് സാഹസിക യാത്രകൾ ക്രമീകരിച്ചിട്ടുള്ളത്.
എൻജിൻ ഉപയോഗിച്ചു പ്രവർത്തിക്കുന്ന എല്ലാ ബോട്ടുകളിലും പരിശീലനം ലഭിച്ച റൈഡർമാരാണുള്ളത്. യാത്രക്കാർക്കായി എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. പദ്ധതിക്കാവാശ്യമായ കോസ്റ്റൽ റഗുലേഷന്റേതുൾപ്പെടെ എല്ലാ അനുമതിയോടെയുമാണു വാട്ടർ ടൂറിസം നടപ്പാക്കിയിട്ടുള്ളത്.ടൂറിസം വകുപ്പ് ഇവിടത്തെ അടിസ്ഥാന സൗകര്യ വികസനത്തിനും സൗന്ദര്യവൽക്കരണത്തിനുമായി ഒരുകോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതു കൂടാതെ അമൃത് പദ്ധതിയിൽ പെടുത്തി 68 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ഏലൂരിനെ ഒരു വർഷത്തിനുള്ളിൽ ടൂറിസം കേന്ദ്രമാക്കി മാറ്റുമെന്നു മന്ത്രി പി.രാജീവ് അറിയിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി അടിസ്ഥാന സൗകര്യ വികസനം 6 മാസത്തിനകം പൂർത്തിയാക്കും. ഓണത്തിന് മുൻപായി നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കും വിധമാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.സോളർ ട്രീ സ്ഥാപിക്കൽ, പഴയ കെട്ടിടങ്ങൾ പൊളിച്ചു നീക്കൽ, കഫെറ്റീരിയ, എസി വെയ്റ്റിങ് റൂം, ശുചിമുറികൾ, ഫീഡിങ് റൂം, വാക് വേ, ലാൻഡ്സ്കേപിങ്, ഇരിപ്പിടങ്ങൾ, ഹാൻഡ് റെയിലുകൾ, ഇന്റർലോക്ക് കട്ടകൾ പാകൽ, ഇലക്ട്രിക്കൽ ജോലികൾ തുടങ്ങിയ പ്രവർത്തനങ്ങൾ പൂർണതയിലെത്തുന്നതോടെ ഏലൂർ ഫെറി ‘പഴയ ഫെറി’ അല്ലാതാകും.