
‘നാർകോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്’; ആകാശപ്പൊക്കത്തിൽ ‘എമ്പുരാൻ’ ആവേശം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ നഗരരാവിൽ ‘എമ്പുരാൻ’ ആവേശം ആകാശപ്പൊക്കത്തിൽ. 250 ഡ്രോണുകൾ വരച്ചിട്ട അബ്രാം ഖുറേഷിയും സയീദ് മസൂദും ആയിരക്കണക്കിനു കാണികളെ ആവേശം കൊള്ളിച്ചതിനു പിന്നാലെ ആ പഞ്ച് ഡയലോഗ് മുഴങ്ങി– ‘നാർകോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്’. ഇതിനൊപ്പം, ലഹരിശൃംഖല തകർക്കുന്ന ഉരുക്കുകരത്തിന്റെ രൂപമായി ഡ്രോണുകൾ ആകാശത്തു വിരിഞ്ഞു. എമ്പുരാൻ ടീമും മനോരമ ഓൺലൈനും ജെയിൻ യൂണിവേഴ്സിറ്റിയും ജോയ്ആലുക്കാസും ചേർന്നു നടത്തുന്ന, ‘ലഹരിക്കെതിരെ ഒരുമിക്കൂ’ എന്ന, 10 ദിവസത്തെ ലഹരി വിരുദ്ധ ക്യാംപെയ്നിനു സമാപനം കുറിക്കുകയായിരുന്നു ഇൻഫോപാർക്കിലെ ജെയിൻ യൂണിവേഴ്സിറ്റി ക്യാംപസിൽ. അതിന്റെ ഭാഗമായിരുന്നു ഡ്രോൺ ഷോ വിസ്മയക്കാഴ്ച.
ഇന്നു മുതൽ തിയറ്ററുകളിൽ നിറയുന്ന എമ്പുരാൻ ആവേശം ഇന്നലത്തെ രാവിൽ കൊട്ടിക്കയറി. മോഹൻലാൽ, പൃഥ്വിരാജ്, ടൊവിനോ തോമസ്, ഇന്ദ്രജിത്, മഞ്ജു വാരിയർ എന്നിവരടങ്ങിയ താരനിരയും നിർമാതാക്കളുടെ നിരയിൽ ആന്റണി പെരുമ്പാവൂർ, കൃഷ്ണമൂർത്തി ഉൾപ്പെടെയുള്ളവരും അതിനു സാക്ഷികളായി. ജെയിൻ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ ഇൻഫോപാർക്ക് ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി ‘സേ നോ ടു ഡ്രഗ്സ്’ എന്ന പോസ്റ്റർ മോഹൻലാലിനു കൈമാറി. ഇൻഫോപാർക്ക് എസ്എച്ച്ഒ ജെ.എസ്. സജീവ്കുമാർ, ബീറ്റ് ഓഫിസർ ബൈജു പി. വർഗീസ് എന്നിവർ ചേർന്നാണു കൈമാറിയത്.
ലഹരിവിരുദ്ധ പോസ്റ്റർ ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ടർ ന്യൂ ഇനിഷ്യേറ്റീവ്സ് ഡോ. ടോം ജോസഫ് കൈമാറി. ‘സേ നോ ടു ഡ്രഗ്, യെസ് ടു ഗെയിം’ എന്ന സന്ദേശത്തോടെ അടുത്ത മാസം ദുബായ് പൊലീസ് ക്ലബ് സ്റ്റേഡിയത്തിൽ നടക്കുന്ന ‘ജിസിസി കപ്പ് 25’ന്റെ ഭാഗമായുള്ള ലഹരിവിരുദ്ധ പോസ്റ്റർ ജിസിസി ഫുട്ബോൾ കൺവീനർ ഫൈനാസ് അഹമ്മദ് കൈമാറി. മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ (കോട്ടയം) വിനോദ് നായർ, മനോരമ ഓൺലൈൻ സീനിയർ കോ ഓർഡിനേറ്റിങ് എഡിറ്റർ സന്തോഷ് ജോർജ് ജേക്കബ്, ജോയ്ആലുക്കാസ് ഡിജിഎം അനീഷ് വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു. ലഹരിവിരുദ്ധ സന്ദേശമുയർത്തി ഏറ്റവുമധികം പേരെ പങ്കെടുപ്പിച്ച് ഒരു യൂണിവേഴ്സിറ്റി ക്യാംപസിൽ നടത്തിയ ഡ്രോൺ ഷോയ്ക്കുള്ള ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സ്, ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സ് നേട്ടവും പരിപാടിക്കു ലഭിച്ചു.