കൊച്ചി ∙ മാലിന്യമലയിൽ നിന്നു ശാപമോക്ഷം കിട്ടിയ ബ്രഹ്മപുരത്ത് മാലിന്യത്തിൽ നിന്നു കംപ്രസ്ഡ് ബയോഗ്യാസ് (സിബിജി) ഉൽപാദിപ്പിക്കും. ഭാരത് പെട്രോളിയം കോർപറേഷൻ രാജ്യത്തു നടപ്പാക്കുന്ന ആദ്യത്തെ സിബിജി പ്ലാന്റ് ബ്രഹ്മപുരത്ത് പ്രവർത്തനം തുടങ്ങുകയാണ്.
സംസ്ഥാനത്തെ ആദ്യത്തെ സിബിജി പ്ലാന്റാണിത്. കോർപറേഷൻ കൈമാറിയ 10 ഏക്കർ ഭൂമിയിൽ നിർമിച്ച പ്ലാന്റിൽ പ്രതിദിനം 150 ടൺ ജൈവ മാലിന്യം സംസ്കരിച്ച് 5.6 ടൺ സിബിജിയാണ് ഉൽപാദിപ്പിക്കുകയെന്ന് ബിപിസിഎൽ ബ്രാൻഡ്, പിആർ വിഭാഗം മേധാവി രമൺ മാലിക് പറഞ്ഞു.
ഇതു പൈപ്ലൈൻ വഴി ബിപിസിഎൽ കൊച്ചി റിഫൈനറിയിലെത്തിച്ച് ഗ്രീൻ ഹൈഡ്രജൻ ഉൽപാദനത്തിന് ഉപയോഗിക്കും.
100 ടൺ ദ്രാവക രൂപത്തിലുള്ള ജൈവ വളവും 28 ടൺ ഖര രൂപത്തിലുള്ള ജൈവ വളവും ഉപോൽപന്നങ്ങളായും ലഭിക്കും. ജൈവ വളം ഫാക്ട് വഴി വിപണനം ചെയ്യും.
88 കോടി രൂപ ചെലവിൽ നിർമിച്ച പ്ലാന്റിന്റെ നടത്തിപ്പിനു പ്രതിവർഷം 7.5 കോടി രൂപയാണു ചെലവ്. 2023ലെ തീപിടിത്തത്തിനു ശേഷമാണു ബ്രഹ്മപുരത്തു സിബിജി പ്ലാന്റ് നിർമിക്കുകയെന്ന ആശയം ബിപിസിഎൽ ഏറ്റെടുക്കുന്നത്.
മുൻ മേയർ എം. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കോർപറേഷൻ മുൻ കൗൺസിലിന്റെയും സംസ്ഥാന സർക്കാരിന്റെയും പിന്തുണ പദ്ധതിയിൽ നിർണായകമായി.
ഗ്യാസ് ഉൽപാദനം തുടങ്ങി
75 ടൺ വീതം ശേഷിയുള്ള 2 ഡൈജസ്റ്ററുകളാണു പ്ലാന്റിലുള്ളത്. ഇതിൽ ഒരു ഡൈജസ്റ്ററിലാണ് ഇപ്പോൾ ജൈവ മാലിന്യം നിറച്ചിട്ടുള്ളത്.
നിലവിൽ പ്രതിദിനം 3000 നോർമൽ ക്യുബിക് മീറ്റർ ഗ്യാസ് പ്ലാന്റിൽ ഉൽപാദിപ്പിക്കുന്നുണ്ട്. പ്ലാന്റിൽ തന്നെ സുരക്ഷിതമായി കത്തിച്ചുകളയുകയാണ് ഇപ്പോൾ ചെയ്യുന്നത്.
ഉൽപാദനം പൂർണ തോതിലേക്ക് എത്തുന്നതോടെ പൈപ്ലൈൻ വഴി സിബിജി ബിപിസിഎല്ലിലേക്ക് എത്തിക്കുമെന്ന് പ്ലാന്റ് ഓപ്പറേഷൻ ഇൻചാർജ് ടി.പി. സിബി പറഞ്ഞു.
ജൈവ മാലിന്യം സിബിജിയാകും എങ്ങനെ? 1) ആദ്യം തള്ളുക ബങ്കറിൽ
കൊച്ചി കോർപറേഷൻ ലഭ്യമാക്കുന്ന മാലിന്യം ആദ്യം വലിയ ബങ്കറിലാണു തള്ളുക.
ഒന്നിടവിട്ട ദിവസങ്ങളിൽ പ്രവർത്തിപ്പിക്കാനായി പ്ലാന്റിൽ 2 ബങ്കറുകളുണ്ട്.
ക്രെയിൻ ഗ്രാബർ ഉപയോഗിച്ച് ഈ മാലിന്യം കൺവെയർ ബെൽറ്റുകളിലെത്തിക്കും.
2) തരംതിരിക്കൽ വീണ്ടും
സെഗ്രഗേഷൻ ബെൽറ്റിൽ മാലിന്യത്തിലെ അജൈവ വസ്തുക്കൾ ആളുകൾ നീക്കം ചെയ്യും. മാലിന്യത്തിലെ ലോഹവസ്തുക്കൾ നീക്കംചെയ്യാനുള്ള മാഗ്നറ്റിക് സെപ്പറേറ്ററാണ് അടുത്ത ഘട്ടം.
വീണ്ടെടുത്ത അജൈവ വസ്തുക്കൾ കോർപറേഷൻ തന്നെ തിരിച്ചെടുക്കും.
3) ഷ്രെഡ്ഡറും ഗ്രൈൻഡറും
അടുത്ത ഘട്ടത്തിൽ ഷ്രെഡ്ഡർ മാലിന്യത്തെ ചെറു കഷണങ്ങളാക്കി മുറിക്കും. മാലിന്യത്തെ അരച്ചു കുഴമ്പു പരുവത്തിലാക്കുന്ന ഗ്രൈൻഡറാണ് അടുത്തത്.
അപ്പോഴേക്കും കഷണങ്ങളുടെ വലുപ്പം 5 മില്ലിമീറ്ററിൽ താഴെയാകും.
4) അൺലോഡിങ് പിറ്റും അരിപ്പയും
കുഴമ്പു പരുവത്തിലായ മാലിന്യത്തെ ഒന്നുകൂടി അരിച്ചെടുക്കുന്നതും വെള്ളം നീക്കം ചെയ്യുന്നതും ഈ ഘട്ടത്തിലാണ്.
5) ഹൈഡ്രൊളൈസറും ഇടനില ടാങ്കും
അടുത്ത ഘട്ടത്തിൽ ഈ മാലിന്യം ആദ്യം ഇടനില ടാങ്കുകളിലേക്കും പിന്നീട് ഹൈഡ്രൊളൈസർ ടാങ്കിലേക്കും മാറ്റുന്നു. ഗ്യാസ് ഉൽപാദനത്തിന് ആവശ്യമായ വിധം വെള്ളം ചേർക്കുന്നത് ഈ ടാങ്കിൽ വച്ചാണ്.
6) ഡൈജസ്റ്റർ
ഗ്യാസ് ഉൽപാദനം നടക്കുന്നതു കൂറ്റൻ ഡൈജസ്റ്ററുകളിലാണ്; 12 മീറ്റർ ഉയരം, 30 മീറ്റർ വ്യാസം.
8000 ഘനമീറ്ററാണ് കോൺക്രീറ്റിൽ നിർമിച്ച ഒരു ഡൈജസ്റ്ററിന്റെ ശേഷി. ഇത്തരത്തിലുള്ള 2 ഡൈജസ്റ്ററുകൾ പ്ലാന്റിലുണ്ട്.
ഹൈഡ്രൊളൈസർ ടാങ്കിൽ നിന്നു പമ്പ് ചെയ്തു ജൈവ മാലിന്യം ഈ ഡൈജസ്റ്ററിൽ നിറയ്ക്കുന്നു. ഡൈജസ്റ്ററിൽ രൂപപ്പെടുന്ന അസംസ്കൃത ഗ്യാസ് ശേഖരിക്കാനായി ഇതിനുമുകളിൽ 3000 ഘനമീറ്റർ വലുപ്പത്തിലുള്ള ബലൂൺ കൂടിയുണ്ട്.
2 ഡൈജസ്റ്ററുകൾക്കു മാത്രം നിർമാണ ചെലവ് 10 കോടി രൂപയാണ്.
7) സ്റ്റോറേജ് ബലൂൺ
ഡൈജസ്റ്ററിൽ രൂപപ്പെടുന്ന അസംസ്കൃത ഗ്യാസ് സംഭരിക്കുന്നതു നിലത്തുറപ്പിച്ച രീതിയിലുള്ള സ്റ്റോറേജ് ബലൂണിലാണ്. മീഥൈൻ (45–55%), കാർബൺ ഡയോക്സൈഡ് (35–45%), ഹൈഡ്രജൻ സൾഫൈഡ് (0.5– 2%), ജലാംശം (1–2%) എന്നിങ്ങനെയാണ് അസംസ്കൃത ഗ്യാസിന്റെ ഘടന.
8) ശുദ്ധീകരണം
അസംസ്കൃത ഗ്യാസിലെ മറ്റു ഘടകങ്ങൾ ഒഴിവാക്കി മീഥൈനിന്റെ അളവ് കൂട്ടുന്ന പ്രക്രിയയാണിത്.
ലഘു മർദവും ഉയർന്ന മർദവും പ്രയോഗിച്ചു കംപ്രസ് ചെയ്തെടുക്കുന്നതോടെ കംപ്രസ്ഡ് ബയോഗ്യാസായി ഇതു മാറും. ഗ്യാസിലെ മീഥൈനിന്റെ അളവ് 97 ശതമാനമായി ഉയരും.
ഈ സിബിജി പൈപ്ലൈൻ വഴി അമ്പലമുകളിലെ ബിപിസിഎൽ കൊച്ചി റിഫൈനറിയിലെത്തിക്കും.
9) ഫെർട്ടിലൈസർ ടാങ്ക്
ഡൈജസ്റ്ററിൽ ഗ്യാസ് ഉൽപാദനത്തിനു ശേഷമുള്ള മാലിന്യം ടാങ്കിന്റെ അടിവശത്തായി അടിയും ഇതു ഫെർട്ടിലൈസർ ടാങ്കിലേക്കു മാറ്റും. ഇതിൽ നിന്നു വെള്ളം നീക്കം ചെയ്യും.
ബാക്കിയുള്ളത് ജൈവ വളമായി പായ്ക്ക് ചെയ്തു ഫാക്ട് വഴി വിപണിയിലെത്തിക്കും. നീക്കം ചെയ്ത വെള്ളത്തിനും ജൈവ വളത്തിനു സമാനമായ ഗുണമുണ്ട്.
കൃഷി ആവശ്യത്തിന് ഉപയോഗിക്കാനായി ഇതു ടാങ്കറിൽ നൽകുകയോ വീണ്ടും സംസ്കരിച്ച ശേഷം പുറത്തേക്ക് ഒഴുക്കുകയോ ചെയ്യും.
(വിവരങ്ങൾ: ടി.പി. സിബി, ഓപ്പറേഷൻ ഇൻ ചാർജ്, ബിപിസിഎൽ സിബിജി പ്ലാന്റ്)
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

