കൊച്ചി / തിരുവനന്തപുരം ∙ എറണാകുളം ജില്ലയിൽ ചിത്രപ്പുഴ – കടമ്പ്രയാർ – മണക്കടവിൽ പുതിയ ഇറിഗേഷൻ ടൂറിസം പദ്ധതിക്ക് അനുമതിയായി. ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.
പോളകൾ നിറഞ്ഞ ചെളിയും എക്കലും അടിഞ്ഞു കൂടി വൃത്തിഹീനമായി കിടക്കുന്ന കടമ്പ്രയാറാണ് മുഖം മാറി വിനോദ സഞ്ചാരികളെ ആകർഷിക്കാനൊരുങ്ങുന്നത്്.
കടമ്പ്രയാറിലെ ചെളിയും എക്കലും കാലാകാലങ്ങളിൽ നീക്കം ചെയ്യുന്നതിന് ജലസേചന വകുപ്പ് വലിയ തുകയാണ് ചെലവഴിക്കുന്നത്. വിനോദ സഞ്ചാര പദ്ധതിക്ക് തുടക്കമാകുന്നതോടെ ഈ തുക വകുപ്പിന് ലാഭിക്കാൻ സാധിക്കും.
ഇതിനു പുറമേ വൃത്തിഹീനമായി കിടക്കുന്ന ഈ ഭാഗം മനോഹരമാക്കുകയും വിനോദ സഞ്ചാരികൾ കടന്നു വരുന്നതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കുകയും ചെയ്യും.
എറണാകുളം ജില്ലയിലെ കാക്കനാട്, കിഴക്കമ്പലം ഭാഗത്തായി സ്ഥിതി ചെയ്യുന്ന കടമ്പ്രയാർ പ്രകൃതി ഭംഗിയാൽ സമൃദ്ധമായ ടൂറിസം കേന്ദ്രമാണ്. ജലവിഭവ വകുപ്പിന്റെ എസ്പിവിയായ കെഐഐഡിസിയുടെ നേതൃത്വത്തിൽ മണക്കക്കടവ്-ചിത്രപ്പുഴ ഭാഗങ്ങളിൽ ജലവിനോദ സഞ്ചാര പദ്ധതികൾ നടപ്പിലാക്കാനാണ് പദ്ധതി.
ഇതിന്റെ ഭാഗമായി നശിച്ചു പോയ പാതകളും കൈവരികളും പുനർനിർമിക്കും. ജലവിനോദങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായി കടമ്പ്രയാറിലെ പായലും പോളയും നീക്കി ആറിന് ആഴംകൂട്ടും.
ദേശാടന പക്ഷികൾ ധാരാളമായി എത്താറുള്ളതിനാൽ വൈൽഡ് ലൈഫ് ഫൊട്ടോഗ്രാഫർമാർക്ക് ഗുണകരമായ വിധമുള്ള സൗകര്യങ്ങളുമൊരുക്കും.
വാക്ക് വേ നവീകരിക്കും റസ്റ്ററന്റ്, ബോട്ടിങ് എന്നിവ പുനരാരംഭിക്കുകയും ചെയ്യും. മണക്കക്കടവിൽ നിന്ന് ഇൻഫോപാർക്ക് വരെയുള്ള ബോട്ട് സർവീസും പദ്ധതിയുടെ ഭാഗമാണ്.
സൈക്ലിങ് ട്രാക്ക്, ആംഗ്ലിങ് പോയിന്റ്, കയാക്കിങ് തുടങ്ങിയവ ഒരുക്കാനും വാട്ടർ സ്പോർട്സ് രംഗത്ത് പരിശീലനം നടത്തുന്നവർക്കായി ആറിന്റെ പാർശ്വഭിത്തി കെട്ടി സംരക്ഷിക്കാനും പദ്ധതിയുണ്ട്.
യുവതലമുറയെ ആകർഷിക്കുന്നതിന് സാഹസിക വിനോദ സഞ്ചാരപദ്ധതികളും നടപ്പാക്കും. ഇറിഗേഷൻ, ടൂറിസം വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെയാകും വികസനപ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

