കൊച്ചി ∙ വ്യവസായി ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റിനെ തുടർന്ന് ആഗോള തലത്തിൽ ശ്രദ്ധ നേടിയ കടമക്കുടി കറങ്ങിക്കാണാൻ സഞ്ചാരികളെക്കാത്ത് രണ്ടാമത്തെ സോളാർ-വൈദ്യുതി ബോട്ടെത്തി. ആഗോള ടൂറിസം ദിനത്തിനു മുന്നോടിയായി ‘പാസ് നാസ് ഇൽഹാസ്’ എന്നു പേരിട്ട
ഹൈബ്രിഡ് ബോട്ട് കടമക്കുടി നിഹാര റിസോർട്ട് ആൻഡ് സ്പാ ജെട്ടിയിൽ ജില്ലാ കലക്ടർ ജി.പ്രിയങ്ക ഫ്ലാഗ് ഓഫ് ചെയ്തു. സുസ്ഥിര ടൂറിസത്തിന്റെ കാര്യത്തിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും സാധ്യമല്ലെന്ന് കലക്ടർ പറഞ്ഞു.
കണ്ടൽക്കാടുകൾ, പ്രാദേശിക പരമ്പരാഗത തൊഴിലുകൾ തുടങ്ങിയവകളാൽ കടമക്കുടി ഏറെ പരിസ്ഥിതി ലോലമാണെന്നും കലക്ടർ കൂട്ടിച്ചേർത്തു
കടമക്കുടി പഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസന്റ്, വൈസ് പ്രസിഡന്റ് വിപിൻ രാജ്, ഡിടിപിസി സെക്രട്ടറി ലിജോ ജോസഫ്, ട്രോപിക് ഗെറ്റെവേയ്സ് സിഇഒ വിശാൽ കോശി എന്നിവർ പങ്കെടുത്തു. സുസ്ഥിര ടൂറിസം രംഗത്തെ സ്റ്റാർട്ടപ് ആയ ട്രോപിക് ഗെറ്റെവേയ്സ് കടമക്കുടിയിൽ സർവീസ് ആരംഭിച്ച രണ്ടാമത്തെ ഹൈബ്രിഡ് ബോട്ടാണ് പാസ് നാസ് ഇൽഹാസ്.
പോർച്ചുഗീസ് ഭാഷയിൽ ‘ദ്വീപുകളിൽ സമാധാനം’ എന്നാണ് ഈ വാക്കിനർഥം. പതിനാറാം നൂറ്റാണ്ടിൽ കടമക്കുടിയിലെ ഒരു ദ്വീപിന് ‘പാസ് ന ഇൽഹ’ (ദ്വീപിൽ സമാധാനം) എന്നു പേരിട്ടിരുന്നു.
ഇതാണ് പിന്നീട് പിഴലയായതെന്ന് ട്രോപിക് ഗെറ്റെവേയ്സ് സിഇഒ വിശാൽ കോശി പറഞ്ഞു.
ആഗോള ടൂറിസത്തിനു മുന്നോടിയായി നിഹാര ജെട്ടിയിലും പരിസരത്തുമായി ട്രോപിക് ഗെറ്റെവേയ്സ് 100 കണ്ടൽത്തൈകളും നട്ടു. നടത്തങ്ങൾ, കയാക്കിങ്, ഇ-ബൈക്കിങ്, ആദിവാസി സന്ദർശനം തുടങ്ങിയ സുസ്ഥിര ടൂറിസം പദ്ധതികൾ പ്രൊമോട്ടു ചെയ്യുന്ന സ്റ്റാർട്ടപ് ആയ ട്രോപിക് ഗെറ്റെവേയ്സ് പ്രധാനമായും കടമക്കുടി, മാമലക്കണ്ടം, തൃപ്രയാർ എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]