കൊച്ചി∙ ദേശീയപാതയിൽ പാലിയേക്കര ടോൾ പിരിവിനുള്ള വിലക്ക് ഈ മാസം 30വരെ തുടരും. അടിപ്പാത നിർമാണം നടക്കുന്ന ഭാഗങ്ങളിൽ ഗതാഗതക്കുരുക്കും സുരക്ഷാ ഭീഷണിയും നിലവിലുണ്ടെന്നു മേൽനോട്ട
സമിതിയുടെ റിപ്പോർട്ട് പരിഗണിച്ചാണു ഹൈക്കോടതിയുടെ നടപടി. അറ്റകുറ്റപ്പണികളുടെ പുരോഗതി സംബന്ധിച്ചു 30നകം റിപ്പോർട്ട് നൽകണമെന്നു ജസ്റ്റിസ് എ.
മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവരുൾപ്പെട്ട
ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
നിർമാണ പ്രവർത്തനങ്ങൾക്കിടെ മണ്ണിടിഞ്ഞ മുരിങ്ങൂർ മേഖലയിലും മറ്റും ഇപ്പോൾ സ്ഥിതി എന്താണെന്നു കോടതി ചോദിച്ചു. സർവീസ് റോഡുകളുടെ സാഹചര്യം നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും പോരായ്മകൾ പരിഹരിക്കുന്നുണ്ടെന്നും കേന്ദ്ര സർക്കാരിനായി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ എ.ആർ.എൽ.
സുന്ദരേശൻ പറഞ്ഞു. ടോൾ വിലക്കു നീക്കണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ ഗതാഗതം സുഗമമായിട്ടില്ലെന്നും സുരക്ഷാ പ്രശ്നങ്ങൾ നിലനിൽക്കുകയാണെന്നും ഇടക്കാല ഗതാഗത മാനേജ്മെന്റ് സമിതി അധ്യക്ഷനായ തൃശൂർ കലക്ടർ അർജുൻ പാണ്ഡ്യൻ ഓൺലൈനിൽ ഹാജരായി അറിയിച്ചു.
സുരക്ഷാ ബാരിക്കേഡുകൾ സ്ഥാപിക്കണമെന്ന നിർദേശം പൂർണമായി പാലിച്ചിട്ടില്ലെന്നും വ്യക്തമാക്കി. വാഹന നീക്കത്തെക്കുറിച്ചു ചോദിച്ചപ്പോൾ, കഴിഞ്ഞ ദിവസം മുരിങ്ങൂർ, ആമ്പല്ലൂരിൽ ഭാഗങ്ങളിൽ അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ വാഹനക്കുരുക്ക് ഉണ്ടായതും അറിയിച്ചു.
ഏതു നിർമാണ മേഖലയിലും ജനം കുറച്ചൊക്കെ സഹിക്കുകയും സഹകരിക്കുകയും വേണമെങ്കിലും സുരക്ഷാ പ്രശ്നം ഉന്നയിച്ച സാഹചര്യത്തിൽ ടോൾ വിലക്കു നീക്കാനാകില്ലെന്നു കോടതി പറഞ്ഞു.
തീർത്തും മോശമായ റോഡിൽ ടോൾ പിരിക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഒരുകൂട്ടം ഹർജികളാണു കോടതി പരിഗണിക്കുന്നത്. കേസ് 30നു വീണ്ടും പരിഗണിക്കും.
കണ്ടെയ്നർ പാതയിലെ ടോൾ: ഹർജി മാറ്റി
കൊച്ചി∙ അറ്റകുറ്റപ്പണി നീളുന്നതിനാൽ കളമശേരിയിൽ നിന്നു വല്ലാർപാടം കണ്ടെയ്നർ ടെർമിനലിലേക്കുള്ള പാതയിൽ ടോൾ വിലക്കണമെന്ന ഹർജി ഹൈക്കോടതി പിന്നീടു പരിഗണിക്കാൻ മാറ്റി.
റോഡിന്റെയും പാലങ്ങളുടെയും അറ്റകുറ്റപ്പണി മിക്കവാറും പൂർത്തിയായെന്നും രണ്ടാഴ്ചയ്ക്കകം റോഡ് പൂർണമായും തുറക്കുമെന്നും ഹൈവേ അതോറിറ്റിയും കരാറുകാരനും ഉറപ്പുനൽകി. സമയപരിധി പലതവണ ലംഘിക്കപ്പെട്ടതാണെന്നു ഹർജിക്കാർ ആരോപിച്ചു.
ഉറപ്പ് പാലിച്ചില്ലെങ്കിൽ ഇടപെടലുണ്ടാകുമെന്നു കോടതി വ്യക്തമാക്കി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]