
കൊച്ചി ∙ നൈപുണ്യ വികസനത്തിലൂടെ കേരളത്തെ മാനവ വിഭവശേഷിയുടെ ആഗോള ഹബ്ബായി ഉയർത്താൻ ലക്ഷ്യമിട്ട് കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ ഡിസ്ക്) സംഘടിപ്പിക്കുന്ന സ്കിൽ കേരള ഗ്ലോബൽ സമ്മിറ്റ് 2025ന് കൊച്ചി വേദിയാകും. ഓഗസ്റ്റ് 29ന് കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ഓഗസ്റ്റ് 29, 30 തീയതികളിലായി നടക്കുന്ന കോൺക്ലേവിൽ വിദ്യാഭ്യാസം, തൊഴിൽ, ഭാവിയിലെ നൈപുണ്യ വികസനം എന്നീ വിഷയങ്ങളിൽ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന സുപ്രധാന ചർച്ചകൾക്ക് വഴി തുറക്കും.
എസ്.ഡി. ഷിബുലാൽ (ഇൻഫോസിസ് മുൻ സിഇഒ), സന്തോഷ് മാത്യു (ഗേറ്റ്സ് ഫൗണ്ടേഷൻ), റൈമണ്ട് ക്ലെയ്ൻ (ഐഎൻസിഐടി സ്ഥാപക സിഇഒ), ടോം ബ്യൂവിക് (യുകെ), മേഗൻ ലിലി (ജോബ്സ് ആൻഡ് സ്കിൽസ് ഓസ്ട്രേലിയ) എന്നിവരുൾപ്പെടെ നിരവധി ദേശീയ, രാജ്യാന്തര വിദഗ്ധർ കോൺക്ലേവിൽ പങ്കെടുക്കും.
സംസ്ഥാനത്തെ യുവജനങ്ങൾക്ക് ഗുണമേന്മയുള്ള തൊഴിലവസരങ്ങൾ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കെ ഡിസ്ക് നടത്തുന്ന വിജ്ഞാന കേരളം പദ്ധതിയുടെ ഉപദേഷ്ടാവ് ഡോ. ടി.എം.തോമസ് ഐസക്ക് വ്യക്തമാക്കി.
ഉന്നത നിലവാരത്തിലുള്ള തൊഴിൽ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ പ്രമുഖ കമ്പനികളുമായി ധാരണാപത്രങ്ങൾ കോൺക്ലേവിന്റെ ഭാഗമായി ഒപ്പിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിന്റെ മനുഷ്യ വിഭവശേഷിയെ സുസ്ഥിരമായ തൊഴിലവസരങ്ങളാക്കി മാറ്റാനും, യുവാക്കളുടെ കഴിവുകൾ വികസിപ്പിക്കാനും, കേരളത്തെ ആഗോള പ്രതിഭകളുടെ കേന്ദ്രമാക്കി മാറ്റാനുമുള്ള പ്രഖ്യാപനമാണ് ഈ കോൺക്ലേവ് എന്ന് കെ-ഡിസ്ക് വ്യക്തമാക്കി. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ സംസ്ഥാനത്ത് വേഗത്തിൽ നടപ്പിലാക്കുകയാണ്.
ഇതിന്റെ തുടർച്ചയായി മികച്ച നൈപുണ്യമുള്ളവരെ തൊഴിൽ ദാതാക്കൾക്ക് ലഭ്യമാക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]