കാക്കനാട് ∙ എറണാകുളം കലക്ടറേറ്റിലും അനുബന്ധ ഓഫിസുകളിലും കെട്ടിക്കിടന്നിരുന്ന 3,000 കിലോഗ്രാം ഇ –മാലിന്യം നീക്കി. സമ്പൂർണ്ണ ഇ–മാലിന്യ രഹിത പദ്ധതിയോടനുബന്ധിച്ചു ശുചിത്വ മിഷനും നവകേരള മിഷനും തൃക്കാക്കര നഗരസഭയും ചേർന്നാണ് കലക്ടറേറ്റിൽ നിന്ന് ഇത്രയും മാലിന്യം ക്ലീൻ കേരള കമ്പനി ഗോഡൗണിലേക്ക് മാറ്റിയത്.
കിലോഗ്രാമിനു 15 രൂപ നിരക്കിലാണ് കമ്പനി ഇ –മാലിന്യം ഏറ്റെടുക്കുന്നത്.
ഉപയോഗ ശൂന്യമായ കംപ്യൂട്ടർ, പ്രിന്റർ, ഫാക്സ് മെഷീൻ, ഫോട്ടോസ്റ്റാറ്റ്, ലാൻഡ് ഫോൺ, മൊബൈൽ ഫോൺ, ടിവി, ടൈപ്പ് റൈറ്റർ, മറ്റ് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ തുടങ്ങിയവയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സർക്കാർ ഓഫിസുകൾ, തദ്ദേശ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഇതര സ്ഥാപനങ്ങൾ, വീടുകൾ എന്നിവിടങ്ങളിലെ പരമാവധി ഇ–മാലിന്യം ശേഖരിച്ചു ക്ലീൻ കേരള കമ്പനിക്കു കൈമാറാനാണ് തീരുമാനം. കലക്ടറേറ്റ് സമുച്ചയത്തിൽ നിന്നു 5 വർഷത്തിനിടെ പല തവണയായി 25,000 കിലോഗ്രാം ഇ മാലിന്യമാണു ക്ലീൻ കേരള കമ്പനിക്കു കൈമാറിയത്.
ഇ മാലിന്യം കയറ്റിയ വാഹനം കലക്ടർ ജി.പ്രിയങ്ക ഫ്ലാഗ് ഓഫ് ചെയ്തു.
ഡപ്യൂട്ടി കലക്ടർമാരായ വി.ഇ.അബ്ബാസ്, കെ.മനോജ്, ശുചിത്വ മിഷൻ ജില്ലാ കോ–ഓർഡിനേറ്റർ ശീതൾ ജി.മോഹൻ, നവകേരള മിഷൻ കോ–ഓർഡിനേറ്റർ എസ്.രഞ്ജിനി, ശുചിത്വ മിഷൻ ജില്ലാ പ്രോഗ്രാം ഓഫിസർ ധന്യ ജോസി തുടങ്ങിയവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]