
കൊച്ചി ∙ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള കോർപറേഷനിലെ വോട്ടർ പട്ടികയിൽ ഒട്ടേറെ വോട്ടർമാരുടെ വീട്ടു നമ്പറുകൾ കാണാനില്ല ! ഇവരുടെ വീട്ടു നമ്പറിന്റെ സ്ഥാനത്ത് പഴയ ഡിവിഷൻ നമ്പറിനൊപ്പം ‘0’ എന്നോ, ‘00’ എന്നോ ആണു രേഖപ്പെടുത്തിയിട്ടുള്ളത്.
ഈ വീടുകൾ എങ്ങനെ കണ്ടെത്തുമെന്നാണു രാഷ്ട്രീയ പ്രവർത്തകരുടെ ചോദ്യം.
അറിയപ്പെടുന്ന ആളുകളുടെ പേരിന്റെ കൂടെ പോലും വീട്ടുനമ്പർ ‘0’ എന്നു ചേർത്താണു വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്. ഓരോ വാർഡിലെയും വോട്ടർ പട്ടികയുടെ ആദ്യ ഭാഗങ്ങളിൽ ‘0’ വീട്ടു നമ്പരുള്ള വോട്ടർമാരാണ് ഉൾപ്പെട്ടിട്ടുള്ളത്.
എന്തുകൊണ്ടാണ് വീട്ടു നമ്പർ പൂജ്യമായതെന്ന കാര്യത്തിൽ അധികൃതർക്കും വിശദീകരണമില്ല.
കോർപറേഷനിലെ റവന്യു രേഖകൾ ഉൾപ്പെടുത്തിയിട്ടുള്ള കെ സ്മാർട്ടിലെ വീട്ടു നമ്പറിന്റെ അടിസ്ഥാനത്തിലാണു വോട്ടർ പട്ടിക തയാറാക്കിയത്. കെ സ്മാർട്ടിൽ ഉൾപ്പെടാത്ത വീടുകളുടെ നമ്പറുകളാണു വോട്ടർ പട്ടികയിൽ ‘പൂജ്യ’മെന്നു രേഖപ്പെടുത്തിയിട്ടുള്ളതെന്നു യുഡിഎഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി എം.ജി.
അരിസ്റ്റോട്ടിൽ ആരോപിച്ചു.
പല വോട്ടർമാരുടെ കാര്യത്തിലും കെ സ്മാർട്ടിലെ വീട്ടു നമ്പറും വോട്ടർ പട്ടികയിലെ വീട്ടു നമ്പറും തമ്മിൽ വ്യത്യാസമുണ്ട്. ചില വീട്ടു നമ്പറുകളിൽ താമസമില്ലാത്ത ആളുകൾ പോലും അതേ വീട്ടു നമ്പറിൽ വോട്ടർ പട്ടികയിലുണ്ട്.
പരിചയമില്ലാത്തയാളുകൾ എങ്ങനെ തങ്ങളുടെ വീട്ടു നമ്പറിൽ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടുവെന്നു വീട്ടുകാർക്കു പോലും പിടിയില്ല.
ഒരു ഡിവിഷന്റെ ഭാഗമായ സ്ഥലത്തെ താമസക്കാർ ഒന്നടങ്കം മറ്റൊരു ഡിവിഷനിൽ വോട്ടർമാരാകുന്ന തരത്തിലുള്ള മാറ്റങ്ങളും കരടിലുണ്ട്. പല ഡിവിഷനുകളിലും ഇത്തരത്തിലുള്ള പാകപ്പിഴകളുണ്ടെന്നാണ് ആരോപണം.
ഈ വോട്ടുകൾ ഇനി പഴയ ഡിവിഷനിലേക്കു മാറ്റണമെങ്കിൽ വോട്ടർമാർ സ്വന്തം നിലയിൽ തിരഞ്ഞെടുപ്പു കമ്മിഷന് അപേക്ഷ നൽകണം.
വ്യാപക ക്രമക്കേടെന്ന് യുഡിഎഫ്
വാർഡ് വിഭജിച്ച്, അതിർത്തികൾ പുനർനിർണയിച്ച ശേഷം പുറത്തിറക്കിയ വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേടാണുള്ളതെന്നു യുഡിഎഫ് കൗൺസിലർമാർ ആരോപിച്ചു. വീട്ടു നമ്പറില്ലാത്ത വോട്ടർമാർ വോട്ടർപട്ടികയുടെ അടിസ്ഥാനം തന്നെ ചോദ്യം ചെയ്യുന്നതാണെന്നു പ്രതിപക്ഷ കക്ഷി നേതാവ് ആന്റണി കുരീത്തറ ആരോപിച്ചു.
വോട്ടർ പട്ടിക പുനഃപരിശോധിച്ചു തെറ്റുകൾ തിരുത്താൻ തിരഞ്ഞെടുപ്പു കമ്മിഷൻ തയാറാകണം.
വോട്ടർപട്ടിക അബദ്ധ പഞ്ചാംഗം: ടി.ജെ. വിനോദ് എംഎൽഎ
വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ജനാധിപത്യ രീതികളെ അട്ടിമറിക്കാൻ ബോധപൂർവം നടത്തിയതാണോയെന്നു സംശയിക്കണമെന്നു ടി.ജെ.
വിനോദ് എംഎൽഎ. ഏതെങ്കിലും സ്ഥാനാർഥിയെ വിജയിപ്പിക്കാനായി രാഷ്ട്രീയ പ്രേരിതമായി ക്രമീകരിച്ചതാണോ വോട്ടർ പട്ടികയെന്നും എംഎൽഎ സംശയം പ്രകടിപ്പിച്ചു.
നിലവിലെ കരട് വോട്ടർ പട്ടിക പരിശോധിച്ചു ക്രമക്കേടുകൾ പരിഹരിക്കണമെന്നു മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർക്ക് അയച്ച കത്തിൽ എംഎൽഎ ആവശ്യപ്പെട്ടു.
എറണാകുളം നിയമസഭ മണ്ഡലത്തിലെ പെരുമാനൂർ ഡിവിഷനിലെ ഇരുനൂറോളം വീടുകളിലെ അറുനൂറോളം വോട്ടുകൾ തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ പനമ്പിള്ളി നഗർ ഡിവിഷനിലെ വോട്ടർ പട്ടികയിലാണു കണ്ടെത്തിയത്. മറ്റു പല ഡിവിഷനുകളിലും വാർഡുകളിലും സമാനമായ പ്രശ്നമുണ്ട്.
ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ വോട്ടർ തന്നെ ഫോം 7 പൂരിപ്പിച്ചു നൽകേണ്ട അവസ്ഥയാണ്.
എറണാകുളം മണ്ഡലത്തിൽ മാത്രം ഇത്തരത്തിൽ പതിനായിരത്തോളം അപേക്ഷകൾ നൽകുകയും രേഖകളുമായി ഹിയറിങ്ങിനു ഹാജരായി അതു പരിഹരിക്കുകയും ചെയ്യുകയെന്നതു പരിമിതമായ സമയത്തിൽ അപ്രായോഗികമാണ്.
ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പു കമ്മിഷൻ തന്നെ സ്വന്തം നിലയിൽ കരടു വോട്ടർ പട്ടിക പുനഃപരിശോധിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]