
പുതിയ ദേശീയപാത 66ൽ വീണ്ടും വിള്ളൽ; കുര്യാപ്പിള്ളിയിൽ സർവീസ് റോഡിന്റെ പാർശ്വഭിത്തിൽ വിള്ളൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പറവൂർ ∙ നിർമാണത്തിലിരിക്കുന്ന പുതിയ ദേശീയപാത 66ൽ വീണ്ടും വിള്ളൽ കണ്ടെത്തി. ഇടപ്പള്ളി– മൂത്തകുന്നം റീച്ചിൽ കുര്യാപ്പിള്ളയിൽ സർവീസ് റോഡിന്റെ പാർശ്വഭിത്തിയിലാണ് ഇത്തവണ വിള്ളൽ കണ്ടത്. ഏതാനും ദിവസങ്ങൾക്കു മുൻപു വഴിക്കുളങ്ങരയിൽ അടിപ്പാതയുടെ വടക്കുവശത്തെ അപ്രോച്ച് റോഡിലെ സംരക്ഷണഭിത്തിയിലെ കോൺക്രീറ്റിൽ വിള്ളൽ കാണപ്പെട്ടതിനു പിന്നാലെ കുര്യാപ്പിള്ളിയിലും കണ്ടത് ആശങ്കയ്ക്ക് വഴിവച്ചിട്ടുണ്ട്.
കുര്യാപ്പിള്ളിയിലെ വിള്ളലിനിടയിലൂടെ മഴവെള്ളം ഒലിച്ചിറങ്ങുന്നുണ്ട്. മഴ ശക്തമായാൽ വിള്ളൽ വലുതാകുമോയെന്ന ഭയം നാട്ടുകാർക്കുണ്ട്. സർവീസ് റോഡിന്റെ കിഴക്കുഭാഗത്തു ത്രിവേണി ഹോട്ടലിനു സമീപം കണ്ട വിള്ളലിന്റെ വിഡിയോ ദൃശ്യങ്ങൾ ദേശീയപാത അതോറിറ്റിക്കും വടക്കേക്കര പഞ്ചായത്ത് അധികൃതർക്കും കൈമാറി. തൃശൂർ ജില്ലയുടെ അതിർത്തിയായ മൂത്തകുന്നം കുര്യാപ്പിള്ളി ഭാഗത്തേക്ക് ഉയരപ്പാത ആയാണു ദേശീയപാത കടന്നുപോകുന്നത്.
വഴിക്കുളങ്ങരയിൽ അടിപ്പാതയുടെ വടക്കുവശത്തെ അപ്രോച്ച് റോഡിലെ സംരക്ഷണ ഭിത്തിയിലെ കോൺക്രീറ്റിൽ കാണപ്പെട്ട വിള്ളൽ അധികൃതരെത്തി കോൺക്രീറ്റ് ചെയ്ത് അടച്ചിരുന്നു. മറ്റു ജില്ലകളിൽ നിർമാണത്തിലിരിക്കുന്ന ദേശീയപാത തകർന്നുവീണ സംഭവങ്ങൾ ഉണ്ടായതിനാൽ എറണാകുളം ജില്ലയിൽ നടക്കുന്ന ദേശീയപാത നിർമാണത്തിന്റെ ഗുണനിലവാരം പരിശോധിക്കണമെന്ന ആവശ്യം ശക്തമാണ്.
വിള്ളലുണ്ടായതു സംബന്ധിച്ചു പരിശോധന നടത്താൻ വിദഗ്ധസമിതിയെ നിയോഗിക്കണമെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടതിനെത്തുടർന്നു ദേശീയപാതയുടെ നിർമാണം സംബന്ധിച്ച വിവിധ പരാതികൾ പരിഹരിക്കാൻ കലക്ടറേറ്റിൽ ഈ ആഴ്ച ദേശീയപാത, പൊതുമരാമത്ത്, കരാർ കമ്പനി അധികൃതർ, ഇടപ്പള്ളി – മൂത്തകുന്നം റീച്ചിലെ തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി കലക്ടർ യോഗം വിളിക്കുന്നുണ്ട്.