
ജപ്പാൻ ജലവിതരണ പൈപ്പ് വീണ്ടും പൊട്ടി; കുടിവെള്ളം കിട്ടാതെ വലഞ്ഞ് ജനം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അരൂർ∙ജപ്പാൻ ജലവിതരണ പൈപ്പ് വീണ്ടും പൊട്ടി. ഇനി 28 വരെ ജലവിതരണം നിലയ്ക്കുമെന്നാണ് ജല അതോറിറ്റിയുടെ അറിയിപ്പ്. ഇക്കഴിഞ്ഞ ഞായറാഴ്ച എരമല്ലൂർ കണ്ണുകുളങ്ങരയ്ക്കു സമീപം പൊട്ടിയ പൈപ്പ് നന്നാക്കി ജലവിതരണം ആരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചപ്പോഴാണ് കോടംതുരുത്ത് ജലസംഭരണിക്കു സമീപം വീണ്ടും പ്രധാന പൈപ്പ് പൊട്ടിയത്. ഇതോടെ 6 പഞ്ചായത്തുകളിൽ ജലവിതരണം പൂർണമായും നിലച്ചു.കുടിനീരിനു വേണ്ടി ആയിരക്കണക്കിനു കുടുംബങ്ങൾ പരക്കം പായുകയാണ്. ഒട്ടേറെ പേർ പണം കൊടുത്ത് കുടിവെള്ളം വാങ്ങുകയാണ്.
വീട്ടാവശ്യങ്ങൾക്കു പോലും വെള്ളം കിട്ടാതായതോടെ പല വീടുകളിലും ഭക്ഷണം പാകം ചെയ്യാൻ കഴിയുന്നില്ല. ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ടുള്ള ജോലികൾക്കിടയിലാണ് 2 സ്ഥലത്ത് പൈപ്പ് പൊട്ടിയത്. ജലഅതോറിറ്റി ഉദ്യോഗസ്ഥരുടെയും ഉയരപ്പാത നിർമാണക്കമ്പനി അധികൃതരുടെയും അനാസ്ഥയാണ് അടിക്കടി പൈപ്പ് പൊട്ടുന്നതിനു കാരണം. ജല അതോറിറ്റി അധികൃതരെ അറിയിക്കാതെയാണ് ഉയരപ്പാത നിർമാണക്കമ്പനിയുടെ ജീവനക്കാർ പലപ്പോഴും റോഡിൽ കുഴിയെടുക്കുന്നത്. കുടിവെള്ള പൈപ്പ് കടന്നു പോകുന്ന ഭാഗം ഉയരപ്പാത നിർമാണ കമ്പനിയുടെ അതിഥി തൊഴിലാളികൾക്ക് തിട്ടമില്ല.
ജലഅതോറിറ്റി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കുഴിയെടുക്കണമെന്നാണു നിർദേശമെങ്കിലും അതൊന്നും പാലിക്കാറില്ല. ജലവിതരണം ദിവസങ്ങളായി മുടങ്ങിയ സാഹചര്യത്തിൽ അതത് പഞ്ചായത്തുകൾ ജലവിതരണത്തിന് ബദൽ സംവിധാനം ഒരുക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. ഇന്നലെ കോടംതുരുത്തിൽ പൈപ്പ് പൊട്ടിയ ഭാഗത്ത് രാഷ്ട്രീയ പ്രവർത്തകരും നാട്ടുകാരും ഒത്തുകൂടി പ്രതിഷേധിച്ചു. ഇനിയും പൈപ്പ് പൊട്ടുന്ന പ്രവണത തുടർന്നാൽ ഉയരപ്പാത നിർമാണം തന്നെ നിർത്തിവയ്പിക്കുമെന്ന് രാഷ്ട്രീയകക്ഷി നേതാക്കൾ മുന്നറിയിപ്പു നൽകി.
പ്രതിഷേധ സമരത്തിന് കോടംതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.ജയകുമാർ, സി.കെ.രാജേന്ദ്രൻ, അനിൽകുമാർ, സജിൽ പായിക്കാട്, വിപിന ചന്ദ്രൻ, സനൂപ് അസീസ്, ഉദയൻ എന്നിവർ നേതൃത്വം നൽകി. ജപ്പാൻ ജലവിതരണം നിലച്ച സാഹചര്യത്തിൽ ടാങ്കർ ലോറികളിൽ ഓരോ പഞ്ചായത്തുകളുടെയും തീരമേഖലകളിൽ കുടിവെള്ളം എത്തിക്കാൻ നടപടി ഉണ്ടാകണമെന്ന് സീ ഫുഡ് വർക്കേഴ്സ് സൊസൈറ്റി പ്രസിഡന്റ് ഇ.ഒ.വർഗീസ് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ഹൈക്കോടതി ഉത്തരവ് നിലവിലുള്ളതാണെന്ന് വർഗീസ് പറഞ്ഞു.