കൊച്ചി ∙ കൊതുകു നിവാരണ പ്രവർത്തനങ്ങളിൽ പുറത്തു നിന്നുള്ള വിദഗ്ധ ഏജൻസികളുടെ സഹായം തേടാൻ കോർപറേഷൻ തീരുമാനം. കൊതുകിനെ തുരത്താനുള്ള പരമ്പരാഗത ഫോഗിങ് രീതികൾ വിജയമല്ലെന്ന വിലയിരുത്തലിനെ തുടർന്നാണു നീക്കം.
കൊതുകു നിവാരണ പ്രവർത്തനങ്ങളിൽ അനുഭവവും പാരമ്പര്യവുമുള്ള വിദഗ്ധ ഏജൻസികളുടെ സഹായം തേടുമെന്നു ബജറ്റിൽ കോർപറേഷൻ പ്രഖ്യാപിച്ചു.
വെക്ടർ കൺട്രോൾ ബോർഡിന്റെ പഠനത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ കൊതുകുജന്യ രോഗങ്ങൾ കണ്ടുവരുന്ന സോൺ തിരഞ്ഞെടുത്ത്, അവിടെ കൊതുകു നിവാരണ പ്രവർത്തനങ്ങൾക്കു വിദഗ്ധ ഏജൻസിയെ ചുമതലപ്പെടുത്തും. കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഏജൻസിയെ തിരഞ്ഞെടുക്കുക.
ഇതുൾപ്പെടെ ‘സംയോജിത കൊതുകു നിയന്ത്രണ പദ്ധതിക്കായി’ 10 കോടി രൂപയാണു ചെലവഴിക്കുക.
കൊതുകു നിവാരണ പ്രവർത്തനങ്ങൾക്കായി പുതുച്ചേരി വെക്ടർ കൺട്രോൾ റിസർച് സെന്ററിന്റെ (വിസിആർസി) സഹായം തേടുമെന്നു ബജറ്റിൽ പറയുന്നുണ്ട്. മുൻ ബജറ്റുകളിലും ഈ പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും ഒന്നും നടന്നിരുന്നില്ല.
കൊതുകു നിവാരണത്തിനു മുഴുവൻ സമയ വിദഗ്ധരുടെ സേവനം പ്രയോജനപ്പെടുത്തുമെന്നും ബജറ്റ് പറയുന്നു.
കൊതുകു പ്രജനന കേന്ദ്രങ്ങൾ കൃത്യമായി കണ്ടെത്താൻ ജിപിഎസ് മാപ്പിങ്ങും ഡ്രോണുകൾ ഉപയോഗിച്ചുള്ള നിരീക്ഷണവും നടത്തും. കൊതുകു സാന്ദ്രത കൂടുതലുള്ള സ്ഥലങ്ങൾ തിരിച്ചറിഞ്ഞു പ്രതിരോധ പ്രവർത്തനങ്ങൾ കേന്ദ്രീകരിക്കാൻ ജിപിഎസ് മാപ്പിങ് സഹായിക്കും.
കൊതുകു ലാർവകളെ നശിപ്പിക്കാൻ പരിസ്ഥിതി സൗഹൃദമായ ‘ബസില്ലസ് തുറിൻജിൻസിസ് ഇസ്രായേലെൻസിസ്’ എന്ന ബാക്ടീരിയൽ ലാർവിസൈഡ് പ്രയോജനപ്പെടുത്തും.
ഇതിനു പുറമേ കൊതുകു ലാർവകളെ ഭക്ഷിക്കുന്ന ഗപ്പി, ഗംബൂസിയ തുടങ്ങിയ തദ്ദേശീയ മത്സ്യങ്ങളെ ജലാശയങ്ങളിൽ വളർത്തും. ശാസ്ത്രീയമായ നിരീക്ഷണം, പ്രകൃതിദത്തമായ ലാർവ നശീകരണം, കൃത്യമായ എൻജിനീയറിങ് എന്നിവ വഴി കൊതുകു ശല്യം പൂർണമായും ഇല്ലാതാക്കാനാകുമെന്നാണു ബജറ്റ് പങ്കുവയ്ക്കുന്ന പ്രതീക്ഷ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

