ഫോർട്ട്കൊച്ചി∙ അഴിമുഖത്തോടു ചേർന്നുള്ള റോ– റോ ജങ്കാർ യാത്ര ഭീതി പടർത്തുന്നു. കപ്പലുകൾക്കും തലങ്ങും വിലങ്ങും പോകുന്ന മത്സ്യബന്ധന യാനങ്ങൾക്കും ടൂറിസ്റ്റ് ബോട്ടുകൾക്കും ഇടയിലൂടെയുള്ള വൈപ്പിൻ– ഫോർട്ട്കൊച്ചി റോ– റോ സർവീസ് ഏറെ അപകടകരമാണ്.
വലിയ അപകടങ്ങൾ പലപ്പോഴും ഒഴിവാകുന്നത് ഭാഗ്യംകൊണ്ടു മാത്രം. ജീവനക്കാരുടെ ചെറിയ അശ്രദ്ധ പോലും വലിയ ദുരന്തത്തിന് വഴി വച്ചേക്കാം.വെള്ളി രാത്രിയുണ്ടായ അപകടത്തിന്റെ ഞെട്ടലിൽ നിന്ന് യാത്രക്കാർ ഇനിയും മോചിതരായിട്ടില്ല.
രാത്രി 7.30ന് വൈപ്പിനിൽ നിന്ന് ഫോർട്ട്കൊച്ചിക്ക് പുറപ്പെട്ട റോ– റോയിൽ ബാർജ് വന്നിടിക്കുകയായിരുന്നു.
ജങ്കാറിലുണ്ടായിരുന്ന ഇരുചക്ര വാഹനങ്ങൾ മറിഞ്ഞു വീണ് ചിലത് തകരാറിലായി. ചില യാത്രക്കാർക്കും പരുക്കേറ്റു.
കടലിൽ നിന്നു കയറി വന്ന ബാർജിൽ വെളിച്ചം കുറവായിരുന്നെന്നും സിഗ്നലുകൾ ഒന്നും നൽകിയില്ലെന്നും അടുത്തെത്തിയപ്പോഴാണ് റോ– റോ ജീവനക്കാരുടെ ശ്രദ്ധയിൽപെട്ടതെന്നും കിൻകോ അധികൃതർ പറയുന്നു.
റോ– റോ മാസ്റ്ററുടെ സമയോചിതമായ ഇടപെടലാണു ദുരന്തം ഒഴിവാക്കിയത്. അദ്ദേഹം പെട്ടെന്ന് റോ– റോ തിരിച്ച് സമാന്തരമായി നിർത്തിയതിനാൽ ബാർജ് റോ– റോയുടെ പിന്നിൽ ഇടിച്ചു കടന്നു പോകുകയായിരുന്നു.
അപകടം സംബന്ധിച്ച് കിൻകോ അധികൃതർ പോർട്ട് ട്രസ്റ്റിനു പരാതി നൽകി.യാത്രക്കാരനായ സൗദി സ്വദേശി സൈമൺ സനൽ ഫോർട്ട്കൊച്ചി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. സനലിന്റെ വാഹനത്തിനും അപകടത്തിൽ കേടുപാടുണ്ടായി.
യന്ത്രം നിലച്ച് റോ–റോ കടലിലേക്ക് ഒഴുകി ചീനവലയിലിടിച്ചു നിന്ന സംഭവം കഴിഞ്ഞ വർഷം ഉണ്ടായി.
ജങ്കാറുകളിൽ ലൈഫ് ജാക്കറ്റടക്കമുള്ള ജീവൻ രക്ഷാ ഉപകരണങ്ങൾ ഉണ്ടായിരിക്കണമെന്ന് നിർബന്ധമുണ്ടെങ്കിലും അത് എവിടെയാണു വച്ചിരിക്കുന്നതെന്നു പല യാത്രക്കാർക്കും അറിയില്ല. കുറഞ്ഞ സമയത്തേക്കുള്ള യാത്രയായതിനാൽ പലരും അത് അണിയാനും തയാറാവില്ല.
അഴിമുഖത്തെത്തുമ്പോൾ മറ്റ് യാനങ്ങൾ വേഗം കുറച്ചു പോകണമെന്നു പറയാറുണ്ടെങ്കിലും പലപ്പോഴും പാലിക്കപ്പെടാറില്ല . 2 റോ–റോ ജങ്കാറുകളാണ് ഈ റൂട്ടിൽ സർവീസ് നടത്തുന്നത്.
അപകട സാധ്യത മുൻനിർത്തി ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യമുയരുന്നു.
റോ–റോ ജങ്കാർ സർവീസ് കൃത്യമായി നിരീക്ഷിക്കാനുള്ള സംവിധാനം നഗരസഭ ഏർപ്പെടുത്തണം.
ഇത്തരം അപകടങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് നഗരസഭയ്ക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ല. ലൈഫ് ജാക്കറ്റ് അടക്കമുള്ള സുരക്ഷാ ഉപകരണങ്ങൾ യാത്രക്കാർക്ക് എപ്പോഴും ഉപയോഗിക്കാൻ കഴിയുന്ന വിധത്തിൽ സജ്ജമാക്കണം.
ഫ്രാൻസിസ് ചമ്മണി പ്രസിഡന്റ്, പാസഞ്ചേഴ്സ് അസോസിയേഷൻ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

