മുളന്തുരുത്തി ∙ മഴ വെള്ളം ഒഴുകിപ്പോകാൻ സംവിധാനങ്ങളില്ലാത്തതിനാൽ പൊതുമരാമത്ത് റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷം. നടക്കാവ് ഹൈവേ, മുളന്തുരുത്തി-കാഞ്ഞിരമറ്റം, ചോറ്റാനിക്കര-മുളന്തുരുത്തി തുടങ്ങി മേഖലയിലെ സകല റോഡുകളിലും വെള്ളക്കെട്ട് യാത്രക്കാർക്കു തലവേദനയായി മാറിയിട്ടുണ്ട്.ചെറുമഴയിൽ പോലും റോഡുകളിൽ വെള്ളം കെട്ടിക്കിടക്കുന്നു.
തുലാമഴ ശക്തമായതോടെ പ്രധാന ജംക്ഷനുകളിൽ അടക്കം റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷമായിട്ടുണ്ട്. ഒരു മഴ പെയ്താൽ മണിക്കൂറുകളും ദിവസങ്ങളും എടുത്താണു റോഡിൽ നിന്നു വെള്ളം ഒഴിയുന്നതെന്നു നാട്ടുകാർ പറയുന്നു.
നടക്കാവ് ഹൈവേ
മുളന്തുരുത്തി പള്ളിത്താഴം മുതൽ തുരുത്തിക്കര വരെയുള്ള 4 കിലോമീറ്റർ ദൂരത്തിനിടയിൽ 5 ഇടങ്ങളിലാണു വലിയ വെള്ളക്കെട്ടുകളുള്ളത്.
കാനയില്ലാത്തതും സാധാരണയായി വെള്ളം ഒഴുകിപ്പോയിരുന്ന സ്ഥലങ്ങൾ ഉടമകൾ മതിലുകൾ കെട്ടി തിരിക്കുകയും ചെയ്തതോടെയാണ് വെള്ളം കെട്ടിക്കിടക്കുന്നത്. മുളന്തുരുത്തി-കാഞ്ഞിരമറ്റം റോഡിൽ പെരുമ്പിള്ളിയിൽ നരസിംഹ ക്ഷേത്രത്തിനു സമീപം ഗ്യാസ് ഏജൻസി ഓഫിസിനു മുൻവശത്താണ് പ്രധാന വെള്ളക്കെട്ട്.
അപകടങ്ങൾ ഉണ്ടായിട്ടും വർഷങ്ങളായുള്ള പ്രശ്നത്തിനു പരിഹാരമായിട്ടില്ല.ബൈക്ക് യാത്രികരാണു വെള്ളക്കെട്ടിനെ തുടർന്നു ഏറെ ബുദ്ധിമുട്ടുന്നത്.
രാത്രിയിൽ റോഡ് പരിചയമില്ലാത്ത യാത്രക്കാർ വെള്ളക്കെട്ടിൽ വീണ് അപകടത്തിൽപെടാറുണ്ടെന്നു നാട്ടുകാർ പറയുന്നു. പൊതുമരാമത്ത് വകുപ്പ് റോഡുകളിൽ പോലും മഴവെള്ളം ഒഴുകിപ്പോകാൻ സൗകര്യം ഒരുക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.
വെള്ളക്കെട്ട് ഒഴിയാത്ത കാത്തിരിപ്പു കേന്ദ്രം
വർഷത്തിൽ പകുതി ദിവസത്തോളം വെള്ളം കയറുന്ന ബസ് കാത്തിരിപ്പു കേന്ദ്രമുണ്ട് മുളന്തുരുത്തിയിൽ.
നടക്കാവ് ഹൈവേയിൽ കാരിക്കോട് ജംക്ഷനിലെ തൃപ്പൂണിത്തുറ ഭാഗത്തേക്കുള്ള കാത്തിരിപ്പു കേന്ദ്രമാണു മഴവെള്ളത്തിൽ ചുറ്റപ്പെട്ടു കിടക്കുന്നത്. മഴ പെയ്താൽ പിന്നെ കാത്തിരിപ്പു കേന്ദ്രത്തിൽ നിൽക്കുന്നത് സുരക്ഷിതമല്ല.റോഡിൽ ചെരിവുള്ള താഴ്ന്ന പ്രദേശമായതിനാൽ മിനിറ്റുകൾക്കുള്ളിൽ കാത്തിരിപ്പു കേന്ദ്രത്തിനു ചുറ്റം അകത്തും വെള്ളം കയറും.
വെള്ളം ഒഴുകി പോകാൻ സൗകര്യങ്ങളില്ലാത്തതിനാൽ ദിവസങ്ങളോളം വെള്ളക്കെട്ട് താണ്ടി വേണം യാത്രക്കാർക്കു കാത്തിരിപ്പു കേന്ദ്രത്തിലെത്താൻ.
വെള്ളം ഒഴുകിപ്പോകാൻ സൗകര്യം ഒരുക്കിയാൽ മാത്രമേ ഇതിനു ശാശ്വത പരിഹാരമാകൂ. വർഷങ്ങളായുള്ള പ്രശ്നം ഒട്ടേറെ തവണ നാട്ടുകാരും ജനപ്രതിനിധികളും പൊതുമരാമത്തു വകുപ്പ് അധികൃതരെ അറിയിച്ചെങ്കിലും ഇതുവരെ ഒന്നും നടന്നിട്ടില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

