ആലങ്ങാട്∙ അഞ്ചു മാസത്തോളമായി വാടക നൽകാതെ വന്നതോടെ അങ്കണവാടി കെട്ടിടത്തിനു പൂട്ടു വീണു. കുരുന്നു വിദ്യാർഥികളും അധ്യാപികയും പെരുവഴിയിലായി.
കരുമാലൂർ പഞ്ചായത്തിലെ വെളിയത്തുനാട് മദ്രസപ്പടി പതിമൂന്നാം നമ്പർ അങ്കണവാടി കെട്ടിടമാണ് ഇന്നലെ പുലർച്ചെ ഉടമയെത്തി താഴിട്ടു പൂട്ടിയത്. 12 കുരുന്നു വിദ്യാർഥികളും അധ്യാപികയുമാണ് ഇവിടെയുള്ളത്. രാവിലെ അധ്യാപികയും കുരുന്നുകളുമായി രക്ഷിതാക്കളും എത്തിയപ്പോഴാണു പൂട്ടിക്കിടക്കുന്നതു കാണുന്നത്.
വാടക മുടങ്ങിയതാണു കാരണം. ഉടനെ പഞ്ചായത്ത് അംഗത്തെ വിവരമറിയിച്ചു.
3500 രൂപയാണു കെട്ടിടത്തിനു ഓരോ മാസം വാടക നൽകേണ്ടത്.
സർക്കാരിൽ നിന്നു ലഭിക്കുന്ന 2000 രൂപയും അങ്കണവാടി അധ്യാപികയുടെ കയ്യിൽ നിന്നുള്ള 1500 രൂപയും ചേർത്താണു വാടക നൽകി വരുന്നത്. എന്നാൽ, കഴിഞ്ഞ കുറെ മാസങ്ങളായി ആലങ്ങാട് ഐസിഡിഎസ് ഓഫിസ് വഴി ലഭിക്കേണ്ട 2000 രൂപ ഉടമയുടെ അക്കൗണ്ടിൽ എത്തുന്നില്ല.
സർക്കാർ വകുപ്പിൽ നിന്നു തുക നൽകിയിട്ടില്ലെന്നാണ് ഐസിഡിഎസ് അധികൃതർ പറയുന്നത്.
ആലങ്ങാട് ബ്ലോക്കിനു കീഴിലെ പല അങ്കണവാടികളുടെ അവസ്ഥയും ഇതു തന്നെയാണ്. പലയിടത്തും അങ്കണവാടി അധ്യാപകരാണ് കിട്ടുന്ന തുച്ഛമായ ശമ്പളത്തിൽ നിന്നു വാടക നൽകി വരുന്നത്.
2000 രൂപയിൽ കൂടുതൽ വാടകയാണെങ്കിൽ അത് സ്വന്തം കയ്യിൽ നിന്നു എടുത്തു നൽകേണ്ട ഗതികേടാണ്.
ഈ അങ്കണവാടിക്കു കെട്ടിടം നിർമിക്കാനായി കരുമാലൂർ പഞ്ചായത്ത് അംഗം മുഹമ്മദ് മെഹ്ജൂബ് മൂന്നര സെന്റ് സ്ഥലം സൗജന്യമായി വിട്ടു നൽകി വർഷങ്ങൾ കഴിഞ്ഞിട്ടും നാളിതുവരെയായി തുടർനടപടി ആയിട്ടില്ല. പലയിടത്തും അങ്കണവാടി നിർമിക്കാനായി ആളുകൾ സൗജന്യമായി വിട്ടു നൽകിയ സ്ഥലങ്ങൾ വർഷങ്ങളായി കാടുകയറി കിടക്കുന്ന അവസ്ഥയാണ്.
അങ്കണവാടിക്കു കെട്ടിടം വാടകയ്ക്കു നൽകിയിരിക്കുന്ന വയോധിക രോഗിയാണ്.
അതിനാൽ വാടക കിട്ടിയിട്ടു വേണം മരുന്നു വാങ്ങാനും മറ്റു ആവശ്യങ്ങളും നിറവേറാൻ. ഇതു മുടങ്ങിയതോടെയാണ് ഈ പൂട്ടിനു കാരണം. പൊലീസും പഞ്ചായത്ത് അംഗവും സ്ഥലത്തെത്തി ഉടമയുമായി നടത്തിയ ചർച്ചയെ തുടർന്നു വാടക ഉടനെ നൽകാമെന്ന ഉറപ്പിൽ വൈകിട്ടോടെ തൽക്കാലം കെട്ടിടം തുറന്നു നൽകിയിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]