
തൃപ്പൂണിത്തുറ ∙ പൊന്നോണനാളിന്റെ വരവറിയിച്ചുള്ള തൃപ്പൂണിത്തുറ അത്തച്ചമയം നാളെ. രാവിലെ 9നു ഗവ.
ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ മന്ത്രി എം.ബി. രാജേഷ് അത്തച്ചമയം ഉദ്ഘാടനം ചെയ്യുന്നതോടെ മലയാള മണ്ണിലേക്ക് ഓണം വിരുന്നിനെത്തും.
അത്തപ്പതാക മന്ത്രി പി. രാജീവ് ഉയർത്തും.
ഘോഷയാത്ര നടൻ ജയറാം ഫ്ലാഗ് ഓഫ് ചെയ്യും. എംപിമാരായ ഹൈബി ഈഡൻ, കെ.
ഫ്രാൻസിസ് ജോർജ്, അനൂപ് ജേക്കബ് എംഎൽഎ, കലക്ടർ ജി. പ്രിയങ്ക, നടൻ രമേഷ് പിഷാരടി എന്നിവരാണ് മുഖ്യാതിഥികൾ.
കെ.ബാബു എംഎൽഎ അധ്യക്ഷത വഹിക്കും.
9.30നു തൃപ്പൂണിത്തുറ ബോയ്സ് ഗ്രൗണ്ടിൽ ആരംഭിക്കുന്ന ഘോഷയാത്ര നഗരം ചുറ്റി അവിടെത്തന്നെ സമാപിക്കും. ആനയും അമ്പാരിയും രാജപല്ലക്കും തെയ്യവും തിറയും കലാപ്രകടനങ്ങളും നിശ്ചലദൃശ്യങ്ങളും പങ്കെടുക്കും.
11നു സിയോൺ ഓഡിറ്റോറിയത്തിൽ അത്തപ്പൂക്കള മത്സരം, 5നു ലായം കൂത്തമ്പലത്തിൽ കലാസന്ധ്യ ആരംഭിക്കും. ഗ്രൗണ്ടിലെ അമ്യൂസ്മെന്റ് പാർക്കും 26 മുതൽ പ്രവർത്തനം തുടങ്ങും.
കൊടിമര ജാഥ
അത്തം നഗറിൽ ഉയർത്താനുള്ള പതാക 25ന് വൈകിട്ടു നഗരസഭാധ്യക്ഷ രമ സന്തോഷ് രാജകുടുംബത്തിന്റെ പ്രതിനിധിയായ രാമകുമാരൻ തമ്പുരാനിൽ നിന്ന് ഏറ്റുവാങ്ങും.
രാജഭരണത്തിന്റെ ആസ്ഥാനമായിരുന്ന ഹിൽപാലസിൽ നിന്ന് ഏറ്റുവാങ്ങി ഘോഷയാത്രയോടെയാണ് അത്തം നഗറിൽ എത്തിക്കുന്നത്. കൊടിമര ഘോഷയാത്രയ്ക്കു കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ കത്തീഡ്രലിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകും.
450 പൊലീസ്, പ്രത്യേകം മെഡിക്കൽ സംഘം
ജനങ്ങൾക്ക് ഘോഷയാത്ര കാണാനുള്ള എല്ലാവിധ സൗകര്യങ്ങളും നഗരസഭയുടെ നേതൃത്വത്തിൽ മറ്റ് വകുപ്പുകൾ ചേർന്നു ഒരുക്കിയിട്ടുണ്ടെന്നും നഗരസഭാ അധികൃതർ പറഞ്ഞു.
അത്തം ഘോഷയാത്രയ്ക്കു 450 ലേറെ പൊലീസ് ഉദ്യോഗസ്ഥർ എത്തുമെന്നു തൃക്കാക്കര എസിപി പി.എസ്. ഷിജു പറഞ്ഞു.
പോക്കറ്റടിയും സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളും തടയുന്നതിനായി മഫ്തിയിലും പൊലീസിനെ നിയോഗിക്കും.
അഗ്നിശമന സേനയുടെ ഫയർ എൻജിനുകളും ആംബുലൻസ് ഉൾപ്പെടെ പ്രത്യേക മെഡിക്കൽ വിഭാഗത്തിന്റെ സേവനവും ഉണ്ടാകും. ബലക്ഷയം സംഭവിച്ച കെട്ടിടങ്ങളുടെ മുകളിൽ നിൽക്കുന്നത് നിരോധിച്ചിട്ടുണ്ട്. ആനയുടെ അടുത്തു പോകുന്നതിനും നിയന്ത്രണമുണ്ട്.
അത്തം ആഘോഷങ്ങളുടെ ഭാഗമായി തൃപ്പൂണിത്തുറ നഗരസഭ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]