
ഫോർട്ട്കൊച്ചി∙ അഴിമുഖത്ത് മത്സ്യബന്ധന യാനം ഇടിച്ച് 11 പേർ മരിച്ച അപകടം നടന്നിട്ട് 26ന് പതിറ്റാണ്ട് തികയുമ്പോഴും സർക്കാർ നൽകിയ വാഗ്ദാനത്തിൽ പ്രതീക്ഷയർപ്പിച്ച് മരിച്ചവരുടെ ആശ്രിതർ. ആശ്രിതർക്കു സർക്കാർ ജോലിയെന്ന വാഗ്ദാനം ഇതുവരെ നടപ്പായില്ല.
മരണത്തിനു കീഴടങ്ങിയവരെല്ലാം കുടുംബത്തിന്റെ അത്താണികളായിരുന്നു. 2015ലെ ഓണ നാളിലായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. വൈപ്പിനിൽനിന്നു ഫോർട്ട്കൊച്ചിയിലേക്കു പോകുകയായിരുന്ന നഗരസഭയുടെ എം.ബി.
ഭാരത് എന്ന ബോട്ട് അമിത വേഗത്തിൽ എത്തിയ മത്സ്യബന്ധന യാനം ഇടിച്ചു തകരുകയായിരുന്നു. 45 യാത്രക്കാരാണു ബോട്ടിൽ ഉണ്ടായിരുന്നത്.
അപകടം സംബന്ധിച്ച് അന്വേഷിക്കാൻ അന്നത്തെ ഉമ്മൻ ചാണ്ടി സർക്കാർ കമ്മിഷനെ നിയോഗിച്ചു.
അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കു സർക്കാർ 5 ലക്ഷം രൂപയും നഗരസഭ 2 ലക്ഷം രൂപയും നഷ്ടപരിഹാരം നൽകി. പരുക്കേറ്റവർക്കു ചികിത്സാ സഹായമായി 10,000 രൂപയും ഗുരുതരമായി പരുക്കേറ്റ 2 പേർക്ക് 2 ലക്ഷം രൂപ വീതവും നഗരസഭ നൽകി. ആശ്രിതർക്കു ജോലി നൽകാമെന്നു സർക്കാർ വാഗ്ദാനം ചെയ്തു.
10 വർഷമായി വിവിധ വാതിലുകളിൽ മുട്ടിയെങ്കിലും പ്രയോജനമുണ്ടായില്ലെന്നു മരിച്ചവരുടെ ആശ്രിതർ പറയുന്നു. ദുരന്തത്തിൽ മരിച്ചവരുടെ ഓർമയ്ക്കായി നാളെ വിവിധ സംഘടനകൾ കമാലക്കടവിൽ അനുസ്മരണച്ചടങ്ങുകൾ നടത്തും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]