
കുമ്പളം ∙ കൈതപ്പുഴ കായലിൽ കൂറ്റൻ കേവുവള്ളം മറിഞ്ഞു. വള്ളത്തിൽ ഉണ്ടായിരുന്ന 4 പേരെയും മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി.
വൈക്കം കാട്ടിക്കുന്ന് കൊല്ലംപറമ്പിൽ സത്യൻ(52), ചാണിയിൽ സജീവൻ(54), ചെമ്പുവാലയിൽ സതീശൻ(50) ബ്രഹ്മമംഗലം സ്വദേശി ഹരിദാസ്(65) എന്നിവരാണ് രക്ഷപ്പെട്ടത്. നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയതിനാലാണ് ഇവർക്ക് രക്ഷപ്പെടാനായത്.
രാവിലെ ഏഴോടെ കുമ്പളം–അരൂർ പാലത്തിനു സമീപം ആയിരുന്നു സംഭവം.
പുലർച്ചെ അഞ്ചരയോടെ കാട്ടിക്കുന്നിൽ നിന്ന് 2 ലോഡ് ചെമ്മണ്ണുമായി അരൂരിലേക്കു പോവുകയായിരുന്നു സംഘം. ലക്ഷ്യസ്ഥാനത്തെത്താൻ ഏകദേശം 200 മീറ്റർ ഉള്ളപ്പോഴാണ് അപകടം.
ശക്തമായ കാറ്റിൽ ലക്ഷ്യംതെറ്റി ഊന്നിപ്പാടിലേക്കു കയറുകയായിരുന്നു എന്ന് സജീവൻ പറഞ്ഞു.
ഇതിനിടെ മുറിക്കുറ്റിയിലും തട്ടി. നിമിഷങ്ങൾക്കുള്ളിൽ വള്ളം മറിഞ്ഞു. എല്ലാരും വെള്ളത്തിലേക്കു ചാടി.
4 പേർക്കും നീന്തൽ അറിയാമെങ്കിലും ശക്തമായ ഒഴുക്കിൽ പറ്റുമായിരുന്നില്ല. ഭാഗ്യത്തിന് ഊന്നിക്കുറ്റിയിൽ പിടിത്തംകിട്ടി.
ഒച്ചവച്ചു. തണുത്ത വെള്ളത്തിൽ ശക്തമായ ഒഴുക്കിൽ അധികനേരം അങ്ങനെ കിടക്കുക പ്രയാസം.
അരമണിക്കൂറോളം ആ നില തുടർന്നു. അപ്പോഴേക്കും കുമ്പളത്തെ മത്സ്യത്തൊഴിലാളികൾ വള്ളത്തിലെത്തി രക്ഷിച്ച് കരയിലെത്തിച്ചു. വള്ളത്തിനു 3 ലക്ഷം രൂപയാകും. വാടകയ്ക്ക് എടുത്തതാണ്.
2 ലോഡ് മണലിന് എണ്ണായിരം രൂപ. രണ്ടും വീണ്ടെടുക്കാൻ പറ്റാത്ത വിധം കായലിൽ താഴ്ന്നുപോയി.
രാവിലെ കുമ്പളം അരൂർ പാലത്തിലൂടെ നടത്തത്തിനിറങ്ങിയ കണയന്നൂർ താലൂക്ക് ഓഫിസ് ഉദ്യോഗസ്ഥനായ ദീപക് ജി.
ശങ്കരമംഗലത്തിന്റെ ശ്രദ്ധയിൽ പെട്ടതാണ് 4 പേർക്കും രക്ഷയായത്. ദീപക് ഉടൻ തന്നെ പനങ്ങാട് പൊലീസിൽ വിളിച്ചു. കിട്ടാതായതോടെ കുമ്പളത്തു താമസിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനായ ചിറ്റേഴത്ത് രതീഷിനെ വിളിച്ചു.
തുടർന്നായിരുന്നു രക്ഷാപ്രവർത്തനം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]