കൊച്ചി ∙ മഴ വീണ്ടും കനത്തതോടെ ജില്ലയിൽ വീണ്ടും പനിക്കാലം. ഡെങ്കിപ്പനി, എച്ച് 1 എൻ 1, ഇൻഫ്ലുവൻസ ബാധിതരുടെ എണ്ണമാണു കഴിഞ്ഞ ദിവസങ്ങളിൽ കൂടിയത്.
കഴിഞ്ഞ ദിവസം 30 പേർക്കു ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തു. ആരോഗ്യവിഭാഗത്തിന്റെ കണക്കുപ്രകാരം ഒറ്റ ദിവസം 866 പേർ പനിക്കു ചികിത്സ തേടി.
22നു മാത്രം 40 പേർക്കാണ് ഇൻഫ്ലുവൻസ സ്ഥിരീകരിച്ചത്.9 ഹെപ്പറ്റൈറ്റിസ് എ ബാധിതരുമുണ്ട്. ഈ മാസം ഒരു എലിപ്പനി മരണവുമുണ്ടായി.
മങ്ങാട്ടുമുക്ക്, മഴുവന്നൂർ, മൂലംകുഴി, നെട്ടൂർ, പട്ടിമറ്റം, പൊന്നുരുന്നി, പുതുവൈപ്പ്, കളമശേരി, എടത്തല എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു.
എഴുപുന്ന കുടുംബാരോഗ്യ കേന്ദ്രത്തിൽ നിലവിൽ 4 ഡെങ്കിപ്പനി കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പനിബാധിതരുടെ എണ്ണമേറിയതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികളുടെ ഹാജർ നിലയിൽ വലിയ കുറവുണ്ട്.
എന്നാൽ, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു ഡെങ്കിപ്പനി, എലിപ്പനി കേസുകൾ കുറവാണെന്ന് അധികൃതർ പറയുന്നു.
പനിബാധിതർ ഗവ. ആശുപത്രികളിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയ്ക്ക് എത്തുന്നതിനാൽ, മറ്റു ഗുരുതര രോഗബാധിതർക്കു വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാകുന്നുവെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
പനിബാധിതർ ആശുപത്രികളിലെ ഫീവർ ക്ലിനിക്കുകളിലും ഒപിയിലും ചികിത്സ തേടണമെന്നും പറഞ്ഞു.
∙ വിദ്യാർഥികളിൽ എച്ച് 1 എൻ 1, പകർച്ചപ്പനി റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ കൊച്ചി സർവകലാശാല (കുസാറ്റ്) ക്യാംപസിൽ ഇന്നത്തെ റഗുലർ ക്ലാസുകൾ ഓൺലൈൻ ക്ലാസുകളാക്കി. അടുത്ത ദിവസങ്ങളിൽ ക്യാംപസിൽ ആരോഗ്യവിഭാഗത്തിന്റെ പരിശോധനയുണ്ടാകും.
∙ ആലുവ യുസി കോളജ്, ചൂണ്ടി ഭാരത മാതാ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് എന്നിവിടങ്ങളിൽ വിദ്യാർഥികൾക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ചതോടെ താൽക്കാലികമായി അടച്ചു.
യുസി കോളജ് ഹോസ്റ്റലിലെ 3 പേർക്കു പനി ഉൾപ്പെടെയുള്ള ലക്ഷണങ്ങളോടെ പരിശോധിച്ചപ്പോൾ, 2 പേർക്കു രോഗം സ്ഥിരീകരിച്ചു.
ചൂണ്ടി ഭാരത മാതായിലെ വിദ്യാർഥി സുഖമില്ലാതെ കാഞ്ഞിരപ്പള്ളിയിൽ പരിശോധിച്ചപ്പോഴാണു സ്ഥിരീകരിച്ചത്. രണ്ടിടത്തും ഓഫിസുകൾ പ്രവർത്തിക്കുന്നുണ്ട്.
ഓൺലൈൻ ക്ലാസുകളുമുണ്ട്.
ഒന്നാം ക്ലാസ് വിദ്യാർഥിക്ക് വൈറൽ മെനിഞ്ചൈറ്റിസ്
മൂവാറ്റുപുഴ ∙ സ്കൂൾ വിദ്യാർഥിക്കു വൈറൽ മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചതിനെ തുടർന്നു പേഴയ്ക്കാപ്പിള്ളി അറഫ സ്കൂൾ ആരോഗ്യ വിഭാഗം താൽക്കാലികമായി 2 ദിവസത്തേക്ക് അടച്ചു. സ്കൂളിൽ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയെങ്കിലും മറ്റു കുട്ടികളിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയില്ല.ഒന്നാം ക്ലാസ് വിദ്യാർഥിക്കാണു രോഗം സ്ഥിരീകരിച്ചത്.
വിദ്യാർഥി കോതമംഗലം, പെരുമ്പാവൂർ മേഖലകളിൽ യാത്ര ചെയ്തിരുന്നു.
ഗുരുതരമായ പ്രശ്നങ്ങളില്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. കുട്ടികൾക്കു രോഗം ബാധിക്കാനുള്ള സാധ്യത ഏറെയെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ദുർബലമായ രോഗപ്രതിരോധ ശേഷിയുള്ള ആളുകൾക്കും വൈറൽ മെനിഞ്ചൈറ്റിസ് പിടിപെടാൻ സാധ്യതയേറെ.
തലവേദന, ഓക്കാനം, ആശയക്കുഴപ്പം, പനി, കഴുത്തു വേദന എന്നിവയാണു പ്രധാന ലക്ഷണങ്ങൾ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]