
പെൺസുഹൃത്തിന്റെ ആൾക്കാരെ ഭയന്ന് ചീറിപ്പാഞ്ഞു; ബൈക്ക് ഇടിച്ച് 2 പേർക്ക് പരുക്ക്, ബൈക്ക് യാത്രികൻ കടന്നുകളഞ്ഞു
മരട് ∙ പെൺസുഹൃത്തിന്റെ ആൾക്കാരെ ഭയന്ന് ചീറിപ്പാഞ്ഞു നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ച് സ്കൂട്ടർ യാത്രികനും കാൽനട
യാത്രികയ്ക്കും പരുക്ക്. കുന്നലക്കാട്ട് റോഡിൽ വാടകയ്ക്കു താമസിക്കുന്ന സ്മിതാ രാജു(48), ബംഗാൾ സ്വദേശി അൽ അമീൻ(28) എന്നിവർക്കാണ് പരുക്ക്.
ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടർ തകർന്നു. അപകടത്തിനു ശേഷം ആൾ കൂടിയതോടെ ബൈക്ക് യാത്രികൻ തിരുവനന്തപുരം സ്വദേശി ജിഷ്ണു (30) കടന്നുകളഞ്ഞു.
രാവിലെ ഒൻപതേകാലോടെ തോമസ്പുരം ജംക്ഷനിലായിരുന്നു അപകടം. മാർട്ടിൻപുരം ഭാഗത്തു നിന്നുള്ള വാഹനത്തിൽ വന്നവരിൽ നിന്നു രക്ഷപ്പെടാനാണ് അമിത വേഗത്തിൽ ഓടിച്ചതെന്ന് ബൈക്ക് യാത്രികൻ പറഞ്ഞു. അപകടത്തിനു ശേഷം വാഹനത്തിൽ ഉണ്ടായിരുന്നവർ പിടികൂടാതിരിക്കാൻ പൊലീസ് സ്റ്റേഷനിലേക്കാണ് ഓടിയതെന്നും യുവാവ് പറഞ്ഞു. ഒപ്പം താമസിക്കുന്ന പെൺസുഹൃത്തിന്റെ ആൾക്കാരായിരുന്നു വാഹനത്തിലെന്നാണ് യുവാവ് പൊലീസിനോടു പറഞ്ഞത്.
വ്യാജ നമ്പറായിരുന്നു വാഹനത്തിന്റേത്. ഫോൺ ലൊക്കേഷനിൽ ഇവർ കോട്ടയം വഴി തിരുവനന്തപുരം ദിശയിൽ സഞ്ചരിക്കുന്നതായി വിവരം ലഭിച്ചെന്നും അന്വേഷണം നടത്തുന്നതായും പൊലീസ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]