
ഇന്ത്യയെങ്ങും തരംഗമാകാൻ കൊച്ചി വാട്ടർ മെട്രോ; ‘ഓൾ ഇന്ത്യ സർവീസി’നൊരുങ്ങുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ മൂന്നാം പിറന്നാളിനു കൊച്ചി വാട്ടർമെട്രോ ‘ഓൾ ഇന്ത്യ സർവീസി’നൊരുങ്ങുന്നു. കൊച്ചിയുടെ ദ്വീപുകളെ ബന്ധിപ്പിച്ചു ലോക നിലവാരത്തിലുള്ള ബോട്ട് യാത്രാനുഭവം നൽകുന്ന കൊച്ചി വാട്ടർമെട്രോ ഇപ്പോൾ കേരളത്തിലെ പ്രധാന ടൂറിസം ഡെസ്റ്റിനേഷനാണ്. 2 വർഷം കൊണ്ട് 40 ലക്ഷം ആളുകൾ യാത്ര ചെയ്ത ടൂറിസം പ്രോജക്ട്. ഇന്ത്യയിൽ ഒട്ടേറെ നഗരങ്ങളിൽ വാട്ടർ മെട്രോ സർവീസ് നടത്താനുള്ള പഠനം കേന്ദ്ര സർക്കാർ വാട്ടർ മെട്രോയെ ഏൽപിച്ചു കഴിഞ്ഞു. ഇന്ത്യയ്ക്കു പുറത്തുനിന്നും വാട്ടർ മെട്രോയ്ക്ക് അന്വേഷണങ്ങളുണ്ട്. മുംബൈ നഗരത്തിൽ വാട്ടർ മെട്രോ സർവീസിനുള്ള പഠനം കെഎംആർഎൽ പൂർത്തിയാക്കി. മഹാരാഷ്ട്ര സർക്കാരിന്റെ അനുമതി ലഭിച്ചാൽ പദ്ധതിക്കു തുടക്കമാവും. 11 സംസ്ഥാനങ്ങളിലും 2 കേന്ദ്ര ഭരണ പ്രദേശങ്ങളിലും വാട്ടർ മെട്രോയുടെ സാധ്യതാ പഠനം നടത്തുകയാണ്.
ജമ്മു, കശ്മീർ, കർണാടക, ഗോവ, ഒഡീഷ, മഹാരാഷ്ട്ര, ഗുജറാത്ത്, ബംഗാൾ, അസം, ബിഹാർ, ഉത്തർപ്രദേശ് സംസ്ഥാനങ്ങൾ, ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് കേന്ദ്ര ഭരണ പ്രദേശങ്ങൾ, ആലപ്പുഴ പട്ടണം എന്നിങ്ങനെ 21 കേന്ദ്രങ്ങളിൽ വാട്ടർമെട്രോ നടപ്പാക്കാനുള്ള സാധ്യത പഠനമാണു നടത്തിക്കൊണ്ടിരിക്കുന്നത്. പ്രയാഗ്രാജ്, വാരാണസി, അയോധ്യ, പട്ന, അഹമ്മദാബാദ്, സൂററ്റ്, ജമ്മു കശ്മീർ, ഗോവ, തേജ്പുർ, ദിബ്രുഗഡ്, കട്ടക്ക്, ചിലിക, കൊൽക്കത്ത, ധൂബ്രി, മംഗളൂരു, കൊല്ലം, ആലപ്പുഴ, ആൻഡമാൻ, ലക്ഷദ്വീപ്, മുംബൈ, മുംബൈ വസായ് എന്നിവിടങ്ങളിലാണ് വാട്ടർ മെട്രോ ആരംഭിക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ നടക്കുന്നത്. ആദ്യഘട്ടപഠനം പ്രയാഗ്രാജ്, വാരാണസി, അയോധ്യ, എന്നിവിടങ്ങളിൽ പൂർത്തിയായി. ജലാശയങ്ങളുടെ ആഴം, ഒഴുക്ക്, ജനവാസം, സാധ്യതയുള്ള സ്ഥലങ്ങൾ, ഇതിനു മുൻപു നടത്തിയിട്ടുള്ള പഠന റിപ്പോർട്ടുകൾ , ട്രാഫിക് സ്റ്റഡി തുടങ്ങിയ എല്ലാ കാര്യങ്ങളും സിവിൽ, മറൈൻ എൻജിനീയേഴ്സ് അടങ്ങിയ സംഘം പരിശോധിച്ചാണു റിപ്പോർട്ട് തയാറാക്കുന്നത്. ട്രാഫിക് സ്റ്റഡിക്കുള്ള ടെൻഡർ ക്ഷണിച്ചുകഴിഞ്ഞു.
മട്ടാഞ്ചേരി, വില്ലിങ്ഡൻ ഐലൻഡ് ടെർമിനലുകൾ അടുത്ത മാസം
കൊച്ചിയിൽ വാട്ടർ മെട്രോയുടെ മട്ടാഞ്ചേരി, വില്ലിങ്ഡൻ ഐലൻഡ് ടെർമിനലുകൾ അടുത്ത മാസം പൂർത്തിയാവും. 23 ബോട്ടുകൾ നിർമിക്കാൻ കൊച്ചിൻ ഷിപ്യാഡിനു കരാർ നൽകിയതിൽ 19 ബോട്ടുകൾ ലഭിച്ചു. ബാക്കിയുള്ള 4 ബോട്ടുകളിൽ 2 ബോട്ടിന്റെ നിർമാണം പൂരോഗമിക്കുന്നു. ഇതിൽ ഒന്നിന്റെ ട്രയൽ ആരംഭിച്ചു. ഒന്നര മാസത്തിനുള്ളിൽ ഇതു ലഭിക്കും. ഹൈക്കോർട്ട്, ഫോർട്ട് കൊച്ചി, വൈപ്പിൻ, സൗത്ത് ചിറ്റൂർ, ചേരാനല്ലൂർ, ഏലൂർ, വൈറ്റില, കാക്കനാട് ടെർമിനലുകൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ സർവീസ്. ഹൈക്കോർട്ട്-ഫോർട്ട്കൊച്ചി റൂട്ടിലാണ് ഏറ്റവും കൂടുതൽ യാത്രക്കാർ. 2023 ഏപ്രിൽ 25 നായിരുന്നു കൊച്ചി വാട്ടർമെട്രോ സർവീസിനു തുടക്കം. കുമ്പളം, പാലിയംതുരുത്ത്, കടമക്കുടി ടെർമിനലുകളുടെ നിർമാണം ഏതാനും മാസങ്ങൾക്കകം പൂർത്തിയാവും.