കൊച്ചി∙ തദ്ദേശ തിരഞ്ഞെടുപ്പ് ആയാലും സമകാലിക രാഷ്ട്രീയം ചർച്ചയാകും എന്നതിൽ മൂന്നു പ്രധാന മുന്നണികളുടെയും മുതിർന്ന നേതാക്കൾക്ക് ഒരേ സ്വരം. എന്നാൽ ശബരിമല സ്വർണക്കൊള്ളയും ചർച്ചയാക്കുമെന്നു കോൺഗ്രസിലെ ബെന്നി ബഹനാൻ എംപി പറഞ്ഞതോടെ, ക്ഷേത്ര രാഷ്ട്രീയം പറയുന്നതു കോൺഗ്രസിന്റെ ബലഹീനതയാണെന്നു സിപിഎമ്മിലെ സി.എം.ദിനേശ്മണി വിമർശിച്ചു.
ഇടതു സർക്കാർ ശബരിമലയെ തകർക്കാൻ ശ്രമിക്കുന്നതു ചർച്ചയാക്കുമെന്നു ബിജെപിയിലെ എ.എൻ. രാധാകൃഷ്ണൻ തീർത്തുപറഞ്ഞു.
രാഷ്ട്രീയ വിഷയങ്ങളിൽ കർഷകരുടെ പ്രശ്നങ്ങളും ആശുപത്രിയിൽ മരുന്നില്ലാത്തതും പിഎംശ്രീയും ഒക്കെ ചർച്ചയാകുമെന്നും യുഡിഎഫ് നേട്ടം കൊയ്യുമെന്നും ബെന്നി ബഹനാന് ഉറച്ച പ്രതീക്ഷ.
സർക്കാരിന്റെ വികസന നേട്ടങ്ങൾ, ലൈഫ് മിഷൻ ഭവനപദ്ധതി, പൊതുജനാരോഗ്യ മേഖലയിലെ സൂക്ഷ്മ ഇടപെടൽ, സർക്കാർ സ്കൂളുകൾ കാര്യക്ഷമമാക്കിയത് എന്നിവയെല്ലാം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നത് എൽഡിഎഫിനു ഗുണം ചെയ്യുമെന്നാണു ദിനേശ് മണിയുടെ ആത്മവിശ്വാസം. ഒരു വാർഡിലെ 400ൽ 200 വീടുകളിലും കേന്ദ്ര പദ്ധതികളുടെ ഗുണഫലം എത്തുന്നുണ്ടെന്നും വീട്, അന്നം, ആരോഗ്യം, വെള്ളം തുടങ്ങി മേഖലകളിൽ കേന്ദ്ര പദ്ധതികളുടെ പ്രയോജനം തിരഞ്ഞെടുപ്പിൽ വോട്ട് ആകുമെന്നും എ.എൻ.
രാധാകൃഷ്ണൻ ഉറപ്പിക്കുന്നു.
അങ്കക്കളത്തിലെ മാറ്റങ്ങൾ
തദ്ദേശ തിരഞ്ഞെടുപ്പു രംഗം രാഷ്ട്രീയ മുഖരിതമായെന്നു പറയുന്നതിൽ ആർക്കും അഭിപ്രായ ഭിന്നതയില്ല. നേരിട്ടുള്ള പാർട്ടി നിയന്ത്രണവും മുന്നണി ചർച്ചകളും പ്രകടനപത്രികയും ഒക്കെ സമീപകാല മാറ്റങ്ങളായി ബെന്നി ബഹനാൻ അടയാളപ്പെടുത്തി.
കോർപറേഷനിൽ മേയറുടെ കാലാവധി ഒരു വർഷത്തിൽ നിന്ന് 5 വർഷമായതും എക്സിക്യൂട്ടീവ് അധികാരങ്ങൾ വന്നതും വനിതാ സംവരണത്തോടെ സമിതികൾ സജീവമായതും ഫണ്ട് ലഭ്യതയുമൊക്കെ ശ്രദ്ധേയ മാറ്റങ്ങളാണെന്നു ദിനേശ്മണി പറഞ്ഞു, വോട്ടർ പട്ടികയിൽ പേരു ചേർക്കൽ മുതൽ ഡേറ്റ സമാഹരണം, ഓൺലൈൻ യോഗങ്ങൾ, സംഘാടനത്തിന്റെ വിവിധ തലങ്ങളിലുള്ള വാട്സാപ് ഗ്രൂപ്പുകൾ ഒക്കെയായി ഹൈടെക് രീതികൾ തിരഞ്ഞെടുപ്പു കളം അടിമുടി മാറ്റിയെന്നു രാധാകൃഷ്ണൻ.
മാറേണ്ട കാഴ്ചപ്പാടുകൾ
സർക്കാർ ആരു ഭരിച്ചാലും തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പ്ലാൻ ഫണ്ട് യഥാസമയം നൽകണമെന്നും റോഡ്–ജല പദ്ധതികൾ നടപ്പാക്കുന്നതിലെ ഏകോപനം തദ്ദേശ സ്ഥാപനങ്ങൾക്കു നൽകണമെന്നും ബെന്നി ബഹനാൻ. തദ്ദേശ സ്ഥാപന പ്രവർത്തനങ്ങൾ സുഗമമാകാൻ ഉദ്യോഗസ്ഥരുടെ സഹകരണവും പ്രധാനമാണെന്നു ദിനേശ്മണി പറഞ്ഞു.
മുകളിലേക്കു വളരുന്ന നഗരത്തിൽ വേണ്ടത്ര പാർക്കിങ് സ്ഥലം വേണം. തിരഞ്ഞെടുപ്പിനു മുൻപുള്ള രാഷ്ട്രീയം തിരഞ്ഞെടുപ്പു കഴിയുമ്പോൾ ഉണ്ടാകരുതെന്നും രാധാകൃഷ്ണൻ പറഞ്ഞു.
മാലിന്യ പ്രശ്നം
ചെറു ഗ്രാമങ്ങളിൽ പോലും മാലിന്യസംസ്കരണം തലവേദനയാണെന്നും സംസ്കരണ പ്ലാന്റുകൾ നിർമിക്കുന്നതിൽ രാഷ്ട്രീയം തടസ്സമാകരുതെന്നും ബെന്നി ബഹനാൻ പറഞ്ഞു.
താൻ കൊച്ചി മേയർ ആയിരിക്കെ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റ് നിർമിക്കാൻ സ്ഥലമെടുപ്പിന്റെ തടസ്സങ്ങൾ മറികടക്കാൻ രാഷ്ട്രീയം മറന്ന് ഉമ്മൻ ചാണ്ടി സർക്കാർ നൽകിയ പിന്തുണ ദിനേശ്മണി ഓർമിച്ചു. ഇൻഡോർ മാലിന്യസംസ്കരണ പ്ലാന്റ് മാതൃകയാണെന്നും തെരുവുനായ ശല്യം മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ടതാണെന്നും രാധാകൃഷ്ണൻ പറഞ്ഞു.
മത്സരം: ഓർമകൾ
ബെന്നി ബഹനാനും ദിനേശ് മണിയും ഒന്നിച്ചു ജില്ലാ കൗൺസിലിൽ ഇരുന്നവർ. എ.എൻ.
രാധാകൃഷ്ണൻ പക്ഷേ, തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ല. ഇന്നത്തെ അത്ര ഫണ്ട് അന്ന് ഇല്ലാതിരുന്നതിനാൽ വികസന നടപടികൾ കാര്യക്ഷമം ആയിരുന്നില്ലെന്നും എന്നാൽ പഞ്ചായത്തിരാജ് സംവിധാനത്തിൽ അധികാരവും ഘടനയും മാറിയതു നന്നായെന്നും ബെന്നി ബഹനാൻ പറഞ്ഞു.
അന്നത്തെ ജില്ലാ കൗൺസിലിൽ ധനകാര്യ സ്ഥിരസമിതി ചെയർമാൻ ആയിരിക്കെ ജില്ലാ ആശുപത്രിയിലെ 70 ലക്ഷത്തിന്റെ കുടിശിക തീർത്തതും സർക്കാർ സ്കൂളുകളുടെ അറ്റകുറ്റപ്പണിക്കു പണം അനുവദിച്ചതും ദിനേശ്മണി ഓർത്തെടുത്തു. തിരഞ്ഞെടുപ്പിനു പണമോ, സ്ഥാനാർഥിയാകാൻ ആളോ ഇല്ലാതിരുന്ന 1987ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കന്നിയങ്കത്തിന് ഇറങ്ങിയതു രാധാകൃഷ്ണൻ ഓർമിച്ചു: ‘‘ഒ.
രാജഗോപാൽ വിളിച്ചു പറഞ്ഞു, ഞാൻ സ്ഥാനാർഥിയായി’’. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

