അങ്കമാലി ∙ ട്രാൻസ്പോർട്ട് വാഹനങ്ങളുടെ വാർഷിക ഫിറ്റ്നസ് പരിശോധന നടക്കുന്ന എംസി റോഡിലെ മിനി ഇൻഡസ്ട്രിയൽ ഏരിയയ്ക്കു സമീപം ഗതാഗതക്കുരുക്ക് രൂക്ഷം. ഈ ഭാഗത്ത് റോഡിനു വീതിയുണ്ടെങ്കിലും കൂടുതൽ വാഹനങ്ങൾ റോഡിന്റെ വശങ്ങളിൽ പരിശോധനയ്ക്കായി നിർത്തിയിടുന്നതിനാൽ പരിശോധനയുള്ള ദിവസങ്ങളിൽ കാൽനടയാത്ര പോലും തടസ്സപ്പെടുന്നു.വീടുകൾക്കു മുന്നിലും വാഹനങ്ങൾ നിർത്തിയിടുന്നതിനാൽ ഈ ഭാഗത്തെ താമസക്കാരും ബുദ്ധിമുട്ടുകയാണ്.പരിശോധനയ്ക്കായി കൂടുതൽ വാഹനങ്ങൾ എത്തിയതോടെയാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്.
ഓണം അവധി, രണ്ടാംശനി, ദീപാവലി തുടങ്ങി തുടർച്ചയായി അവധി ദിവസങ്ങൾ വന്നതാണ് പ്രശ്നമായത്.
പരിശോധനയ്ക്കായി ഓൺലൈനിൽ ബുക്ക് ചെയ്ത പല വാഹനങ്ങളും ടെസ്റ്റ് നടത്താൻ കഴിയാതെ തിരിച്ചുപോകേണ്ടി വന്നു.ഡ്രൈവിങ് പരിശോധനകളിലെയും വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനകളിലെയും ക്രമക്കേടുകളെ തുടർന്ന് മോട്ടർ വാഹനവകുപ്പ് ഒരു മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് ഒരു ദിവസം പരിശോധിക്കാൻ സാധിക്കുന്ന വാഹനങ്ങളുടെ എണ്ണം പരമാവധി 50 ആക്കി നിജപ്പെടുത്തിയത് അങ്കമാലിയിലും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
ഫിറ്റ്നസ് പരിശോധനയ്ക്ക് അങ്കമാലിയിൽ നവംബർ 20 വരെയുള്ള ഓൺലൈൻ ബുക്കിങ് പൂർത്തിയായിരിക്കുകയാണ്. പരിശോധനയുടെ ദിവസങ്ങൾ കൂട്ടുകയോ പരിശോധനയ്ക്ക് കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കുകയോ ചെയ്താലാണ് അങ്കമാലിയിലെ തിരക്ക് കുറയ്ക്കാനാകുകയുള്ളു. അങ്കമാലിയിൽ ഓൺലൈൻ ബുക്കിങ് നടത്തിയ നൂറിലേറെ വാഹനങ്ങൾക്ക് പരിശോധന നടത്താൻ കഴിഞ്ഞിട്ടില്ല.
ഫിറ്റ്നസ് തീർന്നതിനാൽ ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങൾക്കു സർവീസ് നടത്താൻ കഴിയാത്ത അവസ്ഥയുണ്ട്.
അങ്കമാലിയിൽ തിങ്കൾ, ബുധൻ,ശനി ദിവസങ്ങളിൽ മാത്രമാണ് പരിശോധനയുള്ളത്. ബുക്ക് ചെയ്താൽ 20 ദിവസം കഴിഞ്ഞാണ് പരിശോധനയ്ക്ക് തീയതി അനുവദിച്ചു കിട്ടുന്നത്.
ആഴ്ചയിൽ 4 ദിവസമെങ്കിലും പരിശോധന നടത്തിയാൽ തിരക്ക് ഒഴിവാക്കാനാകുമെന്നാണ് വാഹന ഉടമകൾ പറയുന്നത്. പെരുമ്പാവൂർ ഉൾപ്പെടെയുള്ള സമീപ പ്രദേശങ്ങളിൽ ആഴ്ചയിൽ 4 ദിവസം പരിശോധന നടക്കുന്നുണ്ട്.റോഡിന്റെ വശത്ത് സ്ഥലം പിടിക്കാനായി തലേദിവസം വാഹനം പാർക്ക് ചെയ്തു പോകുന്ന ഡ്രൈവർമാരുണ്ട്.
മിക്ക ദിവസങ്ങളിലും മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും വാഹനം ഡ്രൈവർമാരും തമ്മിൽ തർക്കങ്ങളും ഉണ്ടാകുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

