കൊച്ചി∙ പ്രായപൂർത്തിയാകും മുൻപു ചെയ്ത കുറ്റകൃത്യത്തിന്റെ വിവരങ്ങൾ ജോലി സാധ്യതയ്ക്കു തടസ്സമാകാതെ നീക്കം ചെയ്യണമെന്ന ഹർജിയിൽ ഹർജിക്കാരനെ സംബന്ധിച്ച വിവരങ്ങൾ രേഖകളിൽ നിന്ന് ഒഴിവാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെയും പൊലീസിന്റെയും ആർക്കൈവുകളിൽ പേരു വിവരങ്ങൾ തുടരുന്നതു ബാങ്ക് റിക്രൂട്മെന്റ് പരീക്ഷാ സാധ്യതയെ ബാധിക്കുമെന്നു കാണിച്ച് ഉദ്യോഗാർഥി നൽകിയ ഹർജിയിലാണു ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്റെ ഉത്തരവ്.
കേസ് ഒത്തുതീർപ്പാക്കി വിട്ടയച്ചിട്ടും രേഖകളിൽ പേരുവിവരം തുടരുകയാണ്.
ഇക്കാര്യം പരിശോധിച്ച് ഉറപ്പാക്കാൻ അഭിഭാഷകൻ മുഖേന രേഖകളുടെ പകർപ്പ് ആവശ്യപ്പെട്ട ഉടൻ വിവരങ്ങളെല്ലാം കിട്ടി.
രേഖകൾ നീക്കം ചെയ്യണമെന്നും ഔദ്യോഗിക, പൊതു ആവശ്യങ്ങൾക്ക് ഈ വിവരങ്ങൾ നൽകരുതെന്നും ജുവനൈൽ ജസ്റ്റിസ് ബോർഡിനും പൊലീസിനും നിവേദനം നൽകിയിട്ടും പൊലീസ് വഴങ്ങാത്ത സാഹചര്യത്തിലാണു കോടതിയിലെത്തിയത്. .
നിവേദനം കിട്ടിയതിനെ തുടർന്ന് തലശ്ശേരി ജുവനൈൽ ജസ്റ്റിസ് ബോർഡ് പ്രിൻസിപ്പൽ മജിസ്ട്രേട്ട് വിവരങ്ങൾ നീക്കം ചെയ്യാൻ റജിസ്ട്രിക്കു നിർദേശം നൽകിയിരുന്നു.
എന്നാൽ പൊലീസിന്റെ ഡിജിറ്റൽ ഡേറ്റ ബേസിലും ആഭ്യന്തര രേഖകളിലും വിവരങ്ങൾ തുടരുമെന്നാണു ബന്ധപ്പെട്ട എസ്എച്ച്ഒ മറുപടി നൽകിയത്.പ്രത്യേക സാഹചര്യങ്ങൾ ഇല്ലെങ്കിൽ കുട്ടികളുടെ മുൻകാല കേസ് രേഖകൾ നീക്കം ചെയ്യണമെന്നു ബാലനീതി നിയമത്തിലെ 3(14), 24 വകുപ്പുകൾ വ്യവസ്ഥ ചെയ്യുന്നുണ്ടെന്നു കോടതി വ്യക്തമാക്കി.
ശിക്ഷിച്ചാൽ പോലും അതിന്റെ ദുഷ്പേര് കുട്ടികളുടെ ഭാവിയെ ബാധിക്കരുതെന്നും പരിവർത്തനമാണു നിയമം ലക്ഷ്യമിടുന്നതെന്നും സുപ്രീംകോടതിയുടെ വിധിയുണ്ട്. ഈ സാഹചര്യത്തിൽ ഹർജിക്കാരന്റെ കേസ് വിവരങ്ങൾ രേഖകളിൽ നിന്നു നീക്കണമെന്നും, ഭാവിയിൽ ഈ വിവരങ്ങൾ വെളിപ്പെടുത്തുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്നും കോടതി നിർദേശിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]