പറവൂർ ∙ നാടിന്റെ സ്വപ്ന പദ്ധതിയായ മുനിസിപ്പൽ സ്റ്റേഡിയം നവീകരണം നാളെ തുടങ്ങും. 10ന് മന്ത്രി വി.അബ്ദുറഹ്മാൻ നിർമാണോദ്ഘാടനം നിർവഹിക്കും.
പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ അധ്യക്ഷനാകും.2024 – 2025 വർഷത്തെ സംസ്ഥാന ബജറ്റിൽ അനുവദിച്ച 10 കോടി രൂപ ഉപയോഗിച്ചാണ് നവീകരണം. സ്പോർട്സ് കേരള ഫൗണ്ടേഷനാണ് നിർമാണ ചുമതല. ഗ്രേറ്റ് സ്പോർട്സ് ടെക് ലിമിറ്റഡ് എന്ന സ്ഥാപനമാണ് കരാർ ഏറ്റെടുത്തത്.
ക്രിക്കറ്റ്, ഫുട്ബോൾ എന്നിവ കളിക്കാൻ കഴിയുന്ന നാച്വറൽ ടർഫ്, ക്രിക്കറ്റ് പ്രാക്ടിസ് പിച്ച്, സിന്തറ്റിക് ടർഫ് എന്നിവ ഒരുക്കുന്നുണ്ട്.
റീട്ടെയ്നിങ് വാൾ, കാന, ഫെൻസിങ്, ഫ്ലഡ്ലിറ്റ്, പുരുഷന്മാർക്കും സ്ത്രീകൾക്കുമായി പ്രത്യേകം ശുചിമുറികൾ, വസ്ത്രം മാറാനുള്ള മുറികൾ, വാട്ടർ ടാങ്ക്, സെക്യൂരിറ്റി കാബിൻ, ഇലക്ട്രിക്കൽ റൂം എന്നിവ നിർമിക്കും. മൈതാനത്തിനു ചുറ്റും നടക്കാൻ കഴിയും വിധം ടൈൽസ് വിരിച്ചു നടപ്പാത ഒരുക്കും.
8 മാസത്തിനകം പൂർത്തിയാക്കുകയാണ് ലക്ഷ്യം.വർഷങ്ങളായി നശിച്ചു കിടന്ന മുനിസിപ്പൽ സ്റ്റേഡിയം കന്നുകാലികളുടെ മേച്ചിൽ സ്ഥലവും സാമൂഹിക വിരുദ്ധരുടെ താവളവും വിഷപ്പാമ്പുകളുടെ ആവാസകേന്ദ്രവുമായിരുന്നു.
അടിസ്ഥാന സൗകര്യങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ ഉപജില്ലാ സ്കൂൾ കായികമേള നടത്താൻ പോലും കഴിഞ്ഞിരുന്നില്ല.
ചില ക്രിക്കറ്റ്, ഫുട്ബോൾ ക്ലബ്ബുകൾ സ്വന്തം നിലയ്ക്ക് പണം മുടക്കി സ്റ്റേഡിയം കായിക പരിശീലനത്തിനും ടൂർണമെന്റുകൾക്കും ഉപയോഗിച്ചിരുന്നെന്നു മാത്രം. ജില്ലയിലെ വലിയ മൈതാനങ്ങളിൽ ഒന്നാണ് 3.96 ഏക്കർ വിസ്തൃതിയുള്ള മുനിസിപ്പൽ സ്റ്റേഡിയം. നവീകരണം പൂർത്തിയായാൽ ജില്ലയുടെ കായിക ഭൂപടത്തിൽ പറവൂരിന് മുഖ്യ സ്ഥാനം ലഭിച്ചേക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]