പറവൂർ ∙ വാട്ടർ മെട്രോയ്ക്ക് വേണ്ടി മൂത്തകുന്നത്തെ പഴയ ഫെറിക്കടവ് ഉപയോഗപ്പെടുത്തണമെന്ന് ആവശ്യം. വടക്കേക്കര പഞ്ചായത്തിൽ എറണാകുളം ജില്ലയുടെ അതിർത്തിയിലാണ് ഫെറിക്കടവ് സ്ഥിതി ചെയ്യുന്നത്.
കോട്ടപ്പുറം – മൂത്തകുന്നം പാലം വരുന്നതിനു മുൻപു എറണാകുളം, തൃശൂർ ജില്ലകളെ ബന്ധിപ്പിച്ച് ഉണ്ടായിരുന്ന കോട്ടപ്പുറം – മൂത്തകുന്നം ഫെറി സർവീസിനായി ഉപയോഗിച്ചിരുന്ന കടവാണിത്.
പിഡബ്ല്യുഡി നടത്തിയിരുന്ന സർവീസ് പാലം വന്നതോടെ നിലച്ചപ്പോൾ ഫെറിക്കടവ് ഉപയോഗശൂന്യമായി. ചെറായി, ഞാറക്കൽ വഴി എറണാകുളം ജെട്ടിയിലേക്ക് വാട്ടർ മെട്രോ സർവീസ് തുടങ്ങിയാൽ ജനങ്ങൾക്ക് ഉപകാരപ്രദമാകുമെന്നു വിലയിരുത്തിയ പഞ്ചായത്ത് കമ്മിറ്റി ഈ ആവശ്യവുമായി മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകിയിട്ടുണ്ടെന്നു പ്രസിഡന്റ് രശ്മി അനിൽകുമാർ പറഞ്ഞു.
വാട്ടർ മെട്രോയിൽ എറണാകുളത്തേക്ക് പോയി വരാൻ സൗകര്യം ഒരുങ്ങുന്നതു യാത്രാസമയത്തിൽ വലിയ വ്യത്യാസമുണ്ടാക്കും.മാത്രമല്ല, മേഖലയിലെ കായൽ ടൂറിസം വികസനത്തിനും മുസിരിസ് പൈതൃക പദ്ധതിക്കും ഗുണകരമാകും.
മൂത്തകുന്നം – കോട്ടപ്പുറം പാലത്തിനു കിഴക്ക് വർഷങ്ങൾക്ക് മുൻപ് ദേശീയപാത അധികൃതർ ഏറ്റെടുത്തതും നിലവിൽ ഉപയോഗശൂന്യമായതുമായ സ്ഥലം ആവശ്യമെങ്കിൽ വാട്ടർ മെട്രോ ബോട്ടുകളുടെ അറ്റകുറ്റപ്പണികൾക്കായി ഉപയോഗപ്പെടുത്താം.ഫെറിക്കടവിൽ പഴയ ഫെറിയുടെ ടിക്കറ്റ് കൗണ്ടർ ഉണ്ടായിരുന്ന സ്ഥലം യാത്രക്കാരുടെ വാഹന പാർക്കിങ്ങിനും ഉപയോഗിക്കാനാകുമെന്നു പഞ്ചായത്ത് അധികൃതർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]