
കൊച്ചി ∙ കേരളത്തിൽ വൈദ്യുതീകരണം നടക്കാത്ത ഏക റെയിൽ പാത വൈദ്യുതീകരിച്ച് ഇനിയെങ്കിലും അതിലെ ഇലക്ട്രിക് ട്രെയിനുകൾ ഓടിക്കുമോ? എറണാകുളം മുതൽ കൊച്ചി ഹാർബർ ടെർമിനസ് സ്റ്റേഷൻ വരെയുള്ള ഭാഗമാണു വൈദ്യുതീകരിക്കാൻ ബാക്കിയുള്ളത്. 7.5 കോടി രൂപ ചെലവിൽ ഹാർബർ ടെർമിനസ് സ്റ്റേഷനും ട്രാക്കും നവീകരിച്ചെങ്കിലും ട്രെയിൻ സർവീസ് തുടങ്ങാനാകാതെ സ്റ്റേഷനിലും റെയിൽപാതയിലും കാടുകയറി.
സ്റ്റേഷൻ, ടിക്കറ്റ് ബുക്കിങ് കേന്ദ്രം മാത്രമായി. നേവിയുടെ വിമാനത്താവളം ഉള്ളതിനാൽ വിമാനങ്ങൾക്ക് ഇലക്ട്രിക് ലൈൻ പ്രശ്നമാകുമെന്നു ചൂണ്ടിക്കാട്ടിയാണു പാതയിൽ വൈദ്യുതീകരണം തടഞ്ഞത്.
എന്നാൽ, വിമാനത്താവളങ്ങൾ അടുത്തുണ്ടെങ്കിലും ദക്ഷിണേന്ത്യയിലെ രണ്ടിടങ്ങളിൽ ബദൽ സംവിധാനം റെയിൽവേ ഇപ്പോൾ പരീക്ഷിക്കുന്നുണ്ട്.
കർണാടകയിൽ മൈസൂരു– ചാമരാജനഗർ റെയിൽവേ ലൈൻ കടന്നുപോകുന്നതു മൈസൂരു വിമാനത്താവളത്തോടു ചേർന്നാണ്. ഇവിടെ ഒരു ഭാഗത്തെ വൈദ്യുതീകരണത്തിന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അനുമതി നൽകിയിരുന്നില്ല.
ആ ഭാഗം ഒഴിച്ചിട്ടാണ് വൈദ്യുതീകരണം നടത്തിയത്. വൈദ്യുതി ലൈൻ ഇല്ലാത്ത ദൂരത്തിൽ ട്രെയിൻ കടന്നുപോകുന്നതു യാത്രയ്ക്കിടെ ട്രെയിൻ കൈവരിച്ച വേഗം മൂലമാണ്.
പിന്നീട്, വൈദ്യുതീകരിച്ച ഭാഗത്തെത്തുമ്പോൾ വൈദ്യുതി ഉപയോഗപ്പെടുത്തി യാത്ര തുടരും.
തമിഴ്നാട്ടിലെ രാമേശ്വരത്തിനു സമീപം നേവിയുടെ എയർ സ്റ്റേഷൻ ഉള്ളതിനാലാണ് അവിടെ കുറച്ചുദൂരം വൈദ്യുതീകരണത്തിന് അനുമതി പ്രശ്നമായി. അവിടെയും നിശ്ചിത ദൂരം വൈദ്യുതി ഇല്ലാതെയാണു ട്രെയിൻ ഓടുന്നത്.
പാതയിലെ കയറ്റിറക്കം, ഭൂമിയുടെ ഘടന തുടങ്ങിയ കാര്യങ്ങളെല്ലാം രണ്ടിടത്തും പരിഗണിച്ചു.ഇതേ വിദ്യ എറണാകുളം– ഹാർബർ ടെർമിനസ് പാതയിലും റെയിൽവേ പരിശോധിക്കണം.
എങ്ങുമെത്താതെയുള്ള വാത്തുരുത്തി റെയിൽവേ മേൽപാലത്തിനു പകരം അണ്ടർപാസ് ഒരുക്കാനുള്ള സൗകര്യം കൂടി പരിശോധിക്കണമെന്നും ചൂണ്ടിക്കാട്ടുന്നു. ഈ സാധ്യതകൾ തെളിഞ്ഞാൽ എറണാകുളം ജംക്ഷൻ (സൗത്ത്) റെയിൽവേ സ്റ്റേഷനിലെ ഏതാനും ട്രെയിനുകൾ ഹാർബർ ടെർമിനസിലെ പ്ലാറ്റ്ഫോമുകളിൽ നിർത്തിയിടാം.
സൗത്തിൽ പുതിയ ട്രെയിനുകൾക്കു സൗകര്യവുമൊരുങ്ങും. വാത്തുരുത്തി ഗേറ്റ് അടയ്ക്കുന്നതു മൂലമുള്ള ഗതാഗതക്കുരുക്കും പാത വൈദ്യുതീകരണത്തിനുള്ള തടസ്സങ്ങളുമാണ് എറണാകുളം– ഹാർബർ ടെർമിനസ് റൂട്ടിലെ പ്രശ്നം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]