
നെടുമ്പാശേരി ∙ കുന്നുകര ഗ്രാമ പഞ്ചായത്ത് പത്താം വാർഡിലെ കുന്നുകരയിൽ തുടർച്ചയായി മണ്ണിടിയുന്നത് ജനങ്ങൾക്ക് ദുരിതമാകുന്നു. ഇപ്പോഴും മണ്ണിടിച്ചിൽ ഭീഷണി തുടരുന്നതിനാലും മഴ കനക്കുന്നതിനാലും ജനങ്ങൾ ആശങ്കയിലാണ്.നൂറോളം കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി തുടർച്ചയായി ഇവിടെ വർഷക്കാലത്ത് മണ്ണിടിച്ചിൽ ഉണ്ടാകുന്നുണ്ട്. കഴിഞ്ഞ ദിവസം ശക്തമായി പെയ്ത മഴയിലും ഇവിടെ മണ്ണിടിച്ചിലുണ്ടായി.
വീടുകൾക്ക് സമീപത്തായാണ് മണ്ണിടിഞ്ഞത്.
കോളനി റോഡിന് പടിഞ്ഞാറു വശത്തെ മസ്ജിദ് റോഡിനോടു ചേർന്ന് ഉയർന്നു നിൽക്കുന്ന ഭാഗമാണ് താഴേക്ക് ഇടിഞ്ഞത്. 15 അടിയോളം താഴ്ചയിലേക്ക് ഇടിഞ്ഞ മണ്ണ് വീടുകൾക്ക് സമീപത്ത് കൂടിക്കിടക്കുകയാണ്.
ഇവിടെ കുഴൽക്കിണറിനായി ഗ്രാമ പഞ്ചായത്ത് വർഷങ്ങൾക്കു മുൻപു നിർമിച്ച ഷെഡ് ഉൾപ്പെടെയാണ് മണ്ണ് ഇടിഞ്ഞത്. മണ്ണിടിഞ്ഞ സ്ഥലത്തിനോട് ചേർന്നാണ് 2 വീടുകളുള്ളത്. വലിയ ശബ്ദത്തോടെയാണ് മണ്ണിടിഞ്ഞു വീണത്.
വീട്ടുകാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മുകളിലും താഴെയുമായി മണ്ണിടിയാൻ സാധ്യതയുള്ള ഭാഗത്ത് ഇനിയും ഏതാനും കുടുംബങ്ങൾ താമസിക്കുന്നുണ്ട്.
മഴക്കാലമായതിനാൽ വലിയ ആശങ്കയിലാണ് ഈ കുടുംബങ്ങൾ.
കഴിഞ്ഞ ദിവസം മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് ജില്ലാ അസി. ജിയോളജിസ്റ്റിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി.
ഉയർന്ന റവന്യു ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. പരിശോധന റിപ്പോർട്ട് കലക്ടർക്ക് നൽകുമെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്.
മണ്ണിടിച്ചിൽ ഭീഷണി ഉള്ള കുടുംബങ്ങളോട് മാറിത്താമസിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കാൽ നൂറ്റാണ്ട് മുൻപ് ഈ ഭാഗത്തു നിന്ന് ഭൂമാഫിയ വൻതോതിൽ മണ്ണെടുത്തതാണ് ഇപ്പോഴത്തെ ദുരിതത്തിന് കാരണമായതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി.
നിയമങ്ങൾ കാറ്റിൽപറത്തി അന്ന് 30 മുതൽ 40 അടി വരെ താഴ്ചയിൽ മണ്ണെടുത്തിരുന്നു.
ഈ ഭാഗങ്ങളിലാണ് ഇപ്പോൾ മണ്ണിടിച്ചിൽ ഭീഷണി രൂക്ഷമായിട്ടുള്ളത്. പ്രശ്നത്തിൽ സർക്കാരിന്റെ അടിയന്തര പരിഹാര നടപടികളുണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഇതിനായി ശക്തമായ പ്രതിഷേധത്തിന് തയാറെടുക്കുകയാണ് നാട്ടുകാർ.
ഉയർന്ന ഭാഗം 2 തട്ടുകളായി മണ്ണ് മാറ്റി കെട്ടിത്തിരിച്ച് മണ്ണിടിച്ചിലിന് ശാശ്വത പരിഹാരം വേണമെന്നാണ് ഇവരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]