അതിദരിദ്രരും ഭവനരഹിതരും ഇല്ലാത്ത നഗരം ലക്ഷ്യമിട്ട് കൊച്ചി നഗരസഭയുടെ ബജറ്റ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ അതിദരിദ്രരും ഭവനരഹിതരും ഇല്ലാത്ത നഗരം ലക്ഷ്യമിട്ട് കൊച്ചി നഗരസഭയുടെ 2025–26 വർഷത്തെ ബജറ്റ്. കൊച്ചിയെ മുൻനിര സ്റ്റാർട്ടപ് ഹബ്ബാക്കി മാറ്റുന്നത് ലക്ഷ്യമിട്ട് ഒരു സ്റ്റാർട്ടപ് നയം തയാറാക്കുമെന്നാണ് ബജറ്റിലെ പ്രഖ്യാപനങ്ങളിലൊന്ന്. കൊച്ചി, സംസ്ഥാനത്തിന്റെ ഐടി ഹബ് ആണെങ്കിലും ഇൻഫോപാർക്ക് അടക്കമുള്ളവ സ്ഥിതി ചെയ്യുന്നത് സമീപ നഗരസഭകളിലാണ്. ഈ സാഹചര്യത്തിലാണ് കൊച്ചി നഗരത്തിന് പുതിയ സ്റ്റാർട്ടപ് നയം പ്രഖ്യാപിക്കുമെന്ന് ബജറ്റ് വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച കൊച്ചിക്കായുള്ള മെട്രോപൊളിറ്റൻ പ്ലാനിങ് കൗൺസിൽ എത്രയും പെട്ടെന്ന് പ്രവര്‍ത്തനക്ഷമമാക്കുമെന്നും ബജറ്റിൽ പറയുന്നു. 2020ൽ അധികാരമേറ്റെടുത്ത നഗരസഭ കൗൺസിലിന്റെ അവസാന ബജറ്റ് കൂടിയായിരുന്നു തിങ്കളാഴ്ച അവതരിപ്പിച്ചത്.
യുവാക്കൾക്കും കുടുംബശ്രീ അംഗങ്ങൾക്കും സ്റ്റാർട്ടപ് ആരംഭിക്കാൻ സാങ്കേതിക പിന്തുണ നൽകുക, കൂടുതൽ പേരെ സംരംഭക മേഖലയിൽ സജീവമക്കാകുക, ഇതിലൂടെ തൊഴിലവസരങ്ങൾ വർധിപ്പിക്കുക തുടങ്ങിയവയാണ് സ്റ്റാർട്ടപ് നയം ലക്ഷ്യമിടുന്നത്. 5 ലക്ഷം രൂപയാണ് ഇതിനായി മാറ്റിവച്ചിട്ടുള്ളത്. അതോടൊപ്പം കൊച്ചി നഗരത്തിലെ വനിതാ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്റഗ്രേറ്റഡ് പ്ലാറ്റ്ഫോം തയാറാക്കും. വനിതാ സംരംഭകർക്ക് വെഞ്ച്വർ ഇനീഷ്യേഷൻ പദ്ധതിയിലൂടെ അവരുടെ ആശയങ്ങൾ ബിസിനസ് സംരഭമായി വികസിപ്പിക്കാൻ സഹായിക്കുകയാണ് ലക്ഷ്യം. നഗരത്തിലെ ദരിദ്രരായവർക്കും ദുർബല വിഭാഗത്തിൽപ്പെട്ടവർക്കും സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് പ്രത്യേക പദ്ധതി നടപ്പാക്കും. വ്യക്തിഗത സംരംഭങ്ങൾക്ക് 4 ലക്ഷം രൂപ വരെയും ഗ്രൂപ്പ് സംരംഭങ്ങൾക്ക് 20 ലക്ഷം രൂപ വരെയും നാലോ അഞ്ചോ ശതമാനം പലിശ നിരക്കിൽ ബാങ്ക് വായ്പ ലഭ്യമാക്കും. കൊച്ചിയിലെ വിവിധ വാണിജ്യ, വ്യവസായ രംഗത്തെ സ്ഥാപനങ്ങളെയും സംഘടകളെയും സഹകരിപ്പിച്ചുകൊണ്ട് ജോബ് ഫെസ്റ്റ് സംഘടിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട റജിസ്ട്രേഷൻ നടപടികൾ ഉടൻ ആരംഭിക്കും.
2011ലെ സെൻസസ് അനുസരിച്ച് കൊച്ചി നഗരത്തിലെ ആകെ ജനസംഖ്യ 6,33,553 ആണ്. 14 വർഷം കൊണ്ട് ജനസംഖ്യയിൽ വലിയ വർധനവ് വന്നിട്ടുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് ബജറ്റ് തയാറാക്കിയിരിക്കുന്നത്. അതിദരിദ്രരില്ലാത്ത കൊച്ചി നടപ്പാക്കുന്നതിന്റെ ഭാഗമായി വാടക വീടുകളിൽ താമസിക്കുന്ന അതിദരിദ്രരായ ആളുകളെ പുനരധിവസിപ്പിക്കാൻ വൈറ്റിലയിൽ ഫ്ലാറ്റ് സമുച്ചയം നിർമിക്കും. പദ്ധതിക്കായി 10 കോടി രൂപ ചെലവഴിക്കും. ഭവനരഹിതരില്ലാത്ത നഗരമാക്കി കൊച്ചിയെ മാറ്റുന്നതിന് 20 കോടി രൂപ ചെലവഴിക്കും. കഴിഞ്ഞ 4 വർഷങ്ങത്തിനിടെ 3448 കുടുംബങ്ങൾക്ക് വീടു വച്ചുനൽകി. 1613 കുടുംബങ്ങൾക്കുള്ള വീട് നിർമാണം അവസാന ഘട്ടത്തിലാണ്.
താമസ ഭൂമിയിൽ കൈവശാവകാശത്തിനുള്ള പട്ടയം ഇല്ലാത്ത കുടുംബങ്ങളിൽ തിരിച്ചറിയൽ കാർഡുള്ള എല്ലാ കുടുംബങ്ങൾക്കും പട്ടയം നൽകും. രോഗികളും അഗതികളുമായവർക്കുള്ള നൈറ്റ് ഷെൽട്ടറുകൾ, തൊഴിലാളി വിഭാഗത്തിൽപ്പെട്ടവർക്കുള്ള ചികിത്സാ സഹായ പദ്ധതി എന്നിവ ഈ വർഷം ആരംഭിക്കും. നഗരത്തിലെ അപ്രഖ്യാപിത ലേബർ സപ്ലൈ സെന്ററുകളിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും. കോന്തുരുത്തി പുഴ പുറമ്പോക്കിലെ താമസക്കാരുടെ പുനരധിവാസം ഉറപ്പാക്കും. ശാന്തിപുരം കോളനിയിലെ 197 കുടുംബങ്ങളുടെ ഭവന നിർമാണ ഡിസൈൻ തയാറായിട്ടുള്ള സാഹചര്യത്തിൽ ഭവന നിർമാണം ഈ സാമ്പത്തിക വർഷം തന്നെ ആരംഭിക്കും.
എല്ലാവിധ സൗകര്യങ്ങളോടും കൂടിയ കോ വർക്കിങ് സ്പേസുകൾ ഈ വർഷം 2 സ്ഥലങ്ങളിൽ ആരംഭിക്കും. കൊച്ചി നഗരസഭാ പരിധിയിലെ വിവിധ കേന്ദ്രങ്ങളിലും പാർക്കുകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ശുചിമുറികൾ സ്ഥാപിക്കും. തുടക്കത്തിൽ 10 സ്ഥലത്തായിരിക്കും നിർമാണം. കുടുംബശ്രീയുടെ പ്രവർത്തനം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് കുടുംബശ്രീ ഫെസ്റ്റിവലുകൾ നടത്തും. തൊഴിലാളികളുടെയും തൊഴിലാളി സംഘടനകളുടെയും സഹകരണത്തോടെ നഗരത്തിലെ 50 പ്രധാന കേന്ദ്രങ്ങളിൽ തൊഴിലാളി വിശ്രമ കേന്ദ്രങ്ങൾ ആരംഭിക്കും.
നഗരസഭയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ നിർമാണം ഈ വര്‍ഷം പൂർത്തിയാക്കും. ഇതിനായി 30 കോടി രൂപ ചെലവഴിക്കും. നഗരസഭയുടെ സോണൽ ഓഫിസ് സ്ഥിതി ചെയ്യുന്ന വൈറ്റിലയിലെ സ്ഥലത്ത് പുതിയ ഓഫീസ് കം കൊമേഴ്സ്യൽ കോംപ്ലക്സ് പദ്ധതിയുടെ പ്രവർത്തനം ഈ സാമ്പത്തിക വർഷം ആരംഭിക്കും. ഇടപ്പള്ളിയിൽ 2.57 ഏക്കർ സ്ഥലത്ത് പുതിയ കൺവൻഷന് സെന്ററിന് 46 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ടൗൺഹാളുകളുടെ ആധുനികവല്കരണം, മിനി സ്റ്റേഡിയങ്ങളുടെ നിർമാണവും നിലവിലുള്ളതിന്റെ നവീകരണവും എന്നിവയും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. നഗരത്തിലെ നിരന്തര പ്രശ്നമായ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ഒട്ടേറെ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട പരിസ്ഥിതിലോല പ്രദേശമായ മംഗളവനം മുതൽ ദർബാർ ഹാൾ വരെയുള്ള നഗരപ്രദേശത്തെ സൈലന്റ് സോണായി പ്രഖ്യാപിക്കും.
ഫോർട്ട് കൊച്ചിയിൽ നിന്നും മട്ടാഞ്ചേരിയിൽ നിന്നും ആംഭിച്ച് എറണാകുളം ബോട്ട് ജെട്ടിയിലിലേക്കും ഹൈക്കോർട്ട് ജെട്ടിയിലേക്കും സർവീസ് നടത്തുന്ന രീതിയിൽ റോ–റോ സർവീസ് ആരംഭിക്കും. സമാന രീതിയിൽ തോപ്പുംപടിയിൽ ബോട്ട് ജെട്ടി നിർമിച്ച് ഇവിടേക്ക് റോ–റോ സർവീസ് ആരംഭിക്കും. ഇതിനായി റോ–റോ കളുടെ നിർമാണം ആരംഭിക്കും. 15 കോടി രൂപ ചെലവിൽ കൊച്ചി കപ്പൽശാല നിർമിക്കുന്ന മൂന്നാമത്തെ റോ–റോ പണി പൂർത്തിയാക്കി ഉടന്‍ നീറ്റിലിറക്കുമെന്നും പ്രഖ്യാപനമുണ്ട്. അതിഥി തൊഴിലാളികളുടെയും സംസ്ഥാനത്തെ മറ്റു സ്ഥലങ്ങളിൽ നിന്നെത്തി തൊഴിൽ ചെയ്യുന്നവരുടെയും താമസസൗകര്യം മെച്ചപ്പെടുത്താൻ ആരംഭിച്ച റാപ്പിഡ് റെസ്പോൺസ് പോളിസി എൻഗേജ്മെന്റ് പദ്ധതിയുടെ അഞ്ചാം ഘട്ടമായി നഗരത്തിലെ ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്ന വാടക വീടുകളെ നിയന്ത്രിക്കുന്നതിന് നയം രൂപീകരിക്കും. ഇത്തരം വീടുകളില്‍ പരിശോധന നടത്തി അവയ്ക്ക് റാങ്കിങ് ഏർപ്പെടുത്തും. യുകെയിലെ റെഡിങ് സർവകലാശാലയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. പ്രശസ്ത സംഗീതജ്ഞൻ എം.കെ.അർജുനൻ മാസ്റ്ററുടെ പേരിൽ ആധുനിക രീതിയിൽ രൂപകൽപന ചെയ്ത കൾച്ചറൽ സെന്റർ കം സ്പോർട്സ് സെന്റർ നിര്‍മിക്കും. കൊച്ചിയുടെ ഗസൽ ഗായകൻ ഉമ്പായിയുടെ പേരിൽ ഫോർട്ട് കൊച്ചിയിൽ സാംസ്കാരിക കേന്ദ്രം സ്ഥാപിക്കും.