
ചേലാട് വീട്ടമ്മയുടെ കൊലപാതകം: ഒരുവർഷമായിട്ടും കൊലയാളിയെ കണ്ടെത്താനാകാതെ ക്രൈംബ്രാഞ്ച്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോതമംഗലം∙ ചേലാട് കള്ളാട് ചെങ്ങമനാട്ട് സാറാമ്മ ഏലിയാസ് പട്ടാപ്പകൽ വീടിനുള്ളിൽ കൊല്ലപ്പെട്ട് ഒരു വർഷമായിട്ടും കൊലയാളിയെ കണ്ടെത്താനായിട്ടില്ല. 2024 മാർച്ച് 25നാണു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കഴുത്തിന് ഉൾപ്പെടെ വെട്ടേറ്റാണു മരണം. ധരിച്ചിരുന്ന സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടു. ലോക്കൽ പൊലീസ് അന്വേഷിച്ചു ഫലമില്ലാതെ കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയെങ്കിലും പുരോഗതിയില്ലാത്തതിനാൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കോടതിയെ സമീപിക്കാനൊരുങ്ങുകയാണു സാറാമ്മയുടെ കുടുംബം. കള്ളാട് ഉൾമേഖലയിലാണു കൊലപാതകം നടന്ന വീട്.
കൊലപാതക സമയം സാറാമ്മ വീട്ടിൽ തനിച്ചായിരുന്നു. കവർച്ചയ്ക്കായി കൊലപ്പെടുത്തിയെന്നാണു പൊലീസ് നിഗമനം. അന്വേഷണത്തിന്റെ തുടക്കത്തിലുണ്ടായ വീഴ്ചകൾ കൊലയാളിയിലേക്കെത്തുന്നതിൽ തിരിച്ചടിയായതായി പൊലീസിൽ തന്നെ വിലയിരുത്തലുണ്ട്. സമീപവാസികളായ ഏതാനും അതിഥിത്തൊഴിലാളികളെയും നാട്ടുകാരിൽ ചിലരെയും കേന്ദ്രീകരിച്ചു മാത്രം നടത്തിയ അന്വേഷണം കൊലയാളിക്കു രക്ഷപ്പെടാൻ അവസരമൊരുക്കിയെന്നാണു വീട്ടുകാരുടെ ആക്ഷേപം. കോതമംഗലം മേഖലയിൽ വർഷങ്ങൾക്കു മുൻപു നടന്ന മറ്റു 2 വീട്ടമ്മമാരുടെ കൊലപാതകക്കേസുകളും ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ടും ചുരുളഴിയാത്തതിൽ ആശങ്കയിലാണ് നാട്ടുകാർ.
2009 മാർച്ച് 11നു ചെറുവട്ടൂരിൽ അങ്കണവാടി അധ്യാപിക കരിപ്പാലാക്കുടി നിനി ബിജുവും 2021 മാർച്ച് 7ന് അയിരൂർപാടത്ത് പാണ്ട്യാർപ്പിള്ളി ആമിന അബ്ദുൽഖാദറും കൊല്ലപ്പെട്ട കേസുകളിലാണു ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നത്. നിനി സമീപത്തെ തോട്ടിൽ കുളിക്കാൻ പോയപ്പോഴും ആമിന സമീപത്തെ പാടത്ത് പുല്ലു മുറിക്കാൻ പോയപ്പോഴുമാണു കൊല്ലപ്പെട്ടത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ഫലമുണ്ടാകാത്തതിനാൽ 2 കേസുകളും സിബിഐക്കു വിടണമെന്ന് ആവശ്യമുയർന്നെങ്കിലും നടപടിയുണ്ടായിട്ടില്ല.