മുളന്തുരുത്തി ∙ ചെങ്ങോലപ്പാടം റെയിൽവേ മേൽപാലത്തിലെ ഗർത്തം ബൈക്ക് യാത്രികർക്കു ഭീഷണിയാകുന്നു. പാലത്തിൽ വിള്ളൽവീണു കോൺക്രീറ്റ് അടർന്നതിനെ തുടർന്നുണ്ടായ ഗർത്തമാണു യാത്രക്കാർക്കു കെണിയായി മാറിയിരിക്കുന്നത്.
പാളത്തിനു കുറുകെ റെയിൽവേയുടെ മേൽനോട്ടത്തിൽ നിർമിച്ച പാലത്തിൽ മൂന്നിടത്താണു കോൺക്രീറ്റ് ഇളകിയതിനെത്തുടർന്നു ഗർത്തം രൂപപ്പെട്ടിട്ടുള്ളത്. ഗർത്തങ്ങളിൽ കമ്പികൾ പുറത്തേക്കു തള്ളി നിൽക്കുന്ന നിലയിലാണ്.
കൂടാതെ പാലത്തിൽ ഒട്ടേറെ സ്ഥലങ്ങളിൽ കോൺക്രീറ്റിൽ വിള്ളൽ വീണിട്ടുണ്ട്.കഴിഞ്ഞ ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്ത പാലത്തിലെ കോൺക്രീറ്റിൽ കഴിഞ്ഞ സെപ്റ്റംബറിലാണ് ആദ്യമായി വിള്ളൽ കണ്ടെത്തിയത്.
സംഭവം വാർത്തയായതോടെ പാലത്തിന്റെ നിർമാണ ചുമതല വഹിച്ച റെയിൽവേ ഉദ്യോഗസ്ഥരും റോഡ്സ് ആൻഡ് ബ്രിജസ് ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. മേൽപാലത്തിലെ മുകളിലത്തെ കോൺക്രീറ്റ് പാളിയിലാണു (വെയർ കോട്ട്) വിള്ളലുകൾ ഉണ്ടായതെന്നാണ് ഉദ്യോഗസ്ഥർ അന്നു പറഞ്ഞിരുന്നത്. ഒട്ടേറെ സ്ഥലങ്ങളിൽ കോൺക്രീറ്റിൽ പൊട്ടൽ വീണതിനാൽ ശാശ്വത പരിഹാരമായി പാലത്തിന്റെ മുകൾഭാഗം ടാർ ചെയ്യണമെന്നായിരുന്നു അന്ന് ആർബിഡിസികെ ഉദ്യോഗസ്ഥർ നിർദേശിച്ചത്.
അടർന്ന കോൺക്രീറ്റ് പാളി പൂർണമായും നീക്കിയ ശേഷം ടാറിങ് നടത്തിയാൽ തീരാവുന്ന പ്രശ്നമാണെന്നും പാലത്തിനു ബലക്ഷയം ഉണ്ടായിട്ടില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.റെയിൽവേയുടെ നിയന്ത്രണത്തിലുള്ള ഭാഗമായതിനാൽ സംയുക്തമായ ചർച്ചകൾക്കു ശേഷമാകും എന്തു ചെയ്യണമെന്നതിൽ അന്തിമ തീരുമാനമെടുക്കുമെന്നാണു ഉദ്യോഗസ്ഥർ പറഞ്ഞിരുന്നത്.
എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ഇതിൽ തീരുമാനമായിട്ടില്ല. പാലത്തിലെ കുഴികൾ യാത്രക്കാർക്കു ഭീഷണിയായ സാഹചര്യത്തിൽ ഉടൻ പ്രശ്നത്തിനു പരിഹാരം കാണണമെന്നാണ് ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

