കൊച്ചി∙ തേവര കോന്തുരുത്തിയിൽ വീട്ടിലെത്തിച്ച ലൈംഗികത്തൊഴിലാളിയായ യുവതിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ചാക്കിൽകെട്ടി ഉപേക്ഷിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കോന്തുരുത്തി പ്രതിഭ നഗർ വീട്ടു നമ്പർ–3കൊടിയന്തറ കെ.കെ.ജോർജ് (61) ആണ് സൗത്ത് പൊലീസിന്റെ പിടിയിലായത്.
പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി ബിന്ദുവിനെ(43) പ്രതി വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെ കമ്പിപ്പാര കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു. മൃതദേഹം സമീപത്തുള്ള ഓടകളിലോ ജലാശയത്തിലോ ഉപേക്ഷിക്കാൻ വേണ്ടിയാണു ചാക്കിൽ കയറ്റിയതെന്നു പ്രതി മൊഴി നൽകിയതായി എറണാകുളം എസിപി സിബി ടോം പറഞ്ഞു. പകുതിയോളം ചാക്കിൽ കയറ്റിയ മൃതദേഹവുമായി വീട്ടിലേക്കുള്ള വഴിയിൽ തളർന്നിരിക്കുന്ന ജോർജിനെ രാവിലെ 6.15ന് ജോലിക്കെത്തിയ ഹരിതകർമ സേനാംഗം കണ്ടതോടെയാണു കൊലപാതകം പുറത്തറിഞ്ഞത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ബാറിൽ പോയി മദ്യപിച്ച ശേഷം വെള്ളിയാഴ്ച രാത്രി 10ന് ബിന്ദുവിനെ എറണാകുളം സൗത്തിൽ നിന്ന് ജോർജ് ഓട്ടോറിക്ഷയിൽ കൂട്ടിക്കൊണ്ടു വരികയായിരുന്നു.
ജോർജിന്റെ ഭാര്യ മകളുടെ കുട്ടിയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ പൊൻകുന്നത്തു പോയതിനാൽ വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. 500 രൂപയാണു യുവതിക്ക് വാഗ്ദാനം ചെയ്തത്.
എന്നാൽ, വീട്ടിലെത്തിയ ശേഷം ബിന്ദു 2000 രൂപ ആവശ്യപ്പെട്ടു. ഇതെച്ചൊല്ലിയുള്ള തർക്കത്തിനിടെ ജോർജ് വീട്ടിലുണ്ടായിരുന്ന കമ്പിപ്പാര ഉപയോഗിച്ചു രണ്ടു തവണ ബിന്ദുവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. മരിച്ചുവെന്ന് ഉറപ്പായതോടെ പുലർച്ചെ വീട്ടിൽ നിന്ന് അര കിലോമീറ്റർ അകലെയുള്ള അപ്പക്കടയിൽ പോയി രണ്ടു ചാക്കു വാങ്ങി ബിന്ദുവിന്റെ മൃതദേഹം അതിൽ കയറ്റി പുറത്തേക്കു വലിച്ചിഴച്ചു കൊണ്ടു പോകാൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു.
ഇതിനിടെ മദ്യലഹരിയിലായിരുന്ന ജോർജ് കുഴഞ്ഞുവീണ് ഉറങ്ങിപ്പോയി. രാവിലെ മാലിന്യം ശേഖരിക്കാൻ എത്തിയ ഹരിതകർമ സേനാംഗം മണി ഗിരിജനാണു തല മുതൽ അര വരെയുള്ള ഭാഗം ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹവും അതിന് അരികിലിരിക്കുന്ന ജോർജിനെയും കണ്ടത്.
അരയ്ക്കു താഴേക്കു നഗ്നമായ നിലയിലായിരുന്നു മൃതദേഹം. ഇവർ വിവരം കൗൺസിലർ ബെൻസി ബെന്നിയെ അറിയിച്ചു. കൗൺസിലറാണു സൗത്ത് പൊലീസിനെ വിവരം അറിയിച്ചത്.ജോർജിനെ കസ്റ്റഡിയിലെടുത്തു വീടു പരിശോധിച്ചപ്പോൾ രക്തം തളം കെട്ടിയതു കണ്ടെത്തി.
ഇതോടെ, കൊലപാതകമാണെന്നു സ്ഥിരീകരിച്ചു.
ചാക്കു തേടി നടന്നു, മൃതദേഹം വലിച്ചിഴച്ച് കുഴഞ്ഞു, കളവ് പറഞ്ഞു; ഒടുവിൽ പെട്ടു
കൊച്ചി∙ പാതിരാത്രിയോടെ കൊലപാതകം നടത്തിയ ശേഷം പുലർച്ചെ വരെ ചാക്കിനു വേണ്ടി അന്വേഷണം. ഒടുവിൽ ചാക്ക് ലഭിച്ചിട്ടും മൃതദേഹം അതിൽ കയറ്റി വലിച്ചു കൊണ്ടു പോകാൻ കഴിയാതിരുന്നതോടെ ആരോ തന്റെ വീട്ടുമുറ്റത്തു മൃതദേഹം കൊണ്ടിട്ടെന്ന നാട്യം.
എന്നാൽ, വീട്ടിനുള്ളിലെ മുറിയിൽ തളം കെട്ടിയ രക്തവും മൃതദേഹം വീട്ടിൽ നിന്നു പുറത്തേക്കു വലിച്ചിഴച്ചതിന്റെ രക്തപ്പാടും കണ്ടെത്തി പൊലീസ് ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചു. മദ്യപിച്ചാൽ അല്ലറ ചില്ലറ പ്രശ്നങ്ങൾ ഉണ്ടാക്കാറുള്ള ജോർജിനെ കൊലപാതകിയായി കണ്ടതിന്റെ ഞെട്ടലിലായിരുന്നു ഇന്നലെ കോന്തുരുത്തിക്കാർ.
മാലിന്യ ശേഖരണത്തിന് രാവിലെ 6.15ന് ഹരിതകർമ സേനാംഗം മണി എത്തുമ്പോൾ തന്റെ വീട്ടിലേക്കുള്ള വഴിയിൽ കുത്തിയിരിക്കുകയായിരുന്നു ജോർജ്.
മണിയോട് ആരോ തന്റെ വീടിനു മുന്നിൽ മൃതദേഹം കൊണ്ടിട്ടു എന്നാണു പറഞ്ഞത്. കൗൺസിലറും നാട്ടുകാരും എത്തിയപ്പോൾ തന്നെ പിടിച്ചെഴുന്നേൽപ്പിക്കാൻ ആവശ്യപ്പെട്ടു.
എന്നാൽ, ഇവർ ജോർജിനെ അകത്താക്കി ഗേറ്റ് പൂട്ടിയ ശേഷം പൊലീസിനെ വിളിച്ചു. മൃതദേഹത്തിന്റെ കഴുത്തിൽ കയർ കെട്ടി വലിച്ചിഴച്ചു കൊണ്ടു പോകാനും ശ്രമിച്ചതായി പൊലീസ് പറയുന്നു. ഫ്ലാറ്റ്, ഹോസ്റ്റൽ എന്നിവയുടെ ഇടയിലൂടെ കഷ്ടിച്ച് ബൈക്കിന് കടന്നുപോകാവുന്ന വീതിയിൽ 20 മീറ്ററോളം ദൈർഘ്യമുള്ള വഴിയാണു ജോർജിന്റെ വീട്ടിലേക്കുള്ളത്.
ഇതിന്റെ പകുതി ദൂരം വരെ മൃതദേഹം വലിച്ചിഴച്ച് എത്തിച്ചു.
കയറും കൊല നടത്താൻ ഉപയോഗിച്ച കമ്പിപ്പാരയും കണ്ടെടുത്തിട്ടുണ്ട്. കൊലപാതകം നടന്ന വീട്ടിൽ നിന്ന് അര കിലോമീറ്റർ അകലെയുള്ള ടി.കെ.സന്തോഷ് എന്നയാളുടെ അപ്പക്കടയിൽ നിന്നാണു ചാക്കുകൾ വാങ്ങിയത്.
നാട്ടിൽ മറ്റു പലരും വിവിധ ആവശ്യങ്ങൾക്കായി ചാക്കുകൾ വാങ്ങാറുള്ളതിനാൽ സംശയം തോന്നിയില്ലെന്ന് ഇവർ പറയുന്നു. മകളുടെ കുഞ്ഞിന്റെ പിറന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഇന്നലെ വൈകിട്ട് പൊൻകുന്നത്തേക്കു ചെല്ലുമെന്നാണു ഭാര്യയോടു ജോർജ് പറഞ്ഞത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഭാര്യ ഫോണിൽ സംസാരിച്ചിരുന്നു.
പിന്നീട് വിളിച്ചില്ലെന്നാണു ഭാര്യ പറയുന്നത്.
25 കൊല്ലം മുൻപ് വയനാട്ടിൽ നിന്ന് എത്തിയതാണു ജോർജും കുടുംബവും.
15 കൊല്ലം മുൻപാണ് ഇപ്പോൾ താമസിക്കുന്ന വീടു വാങ്ങിയത്. ഓടിട്ട
ഈ വീടു പകുത്ത് 2 മുറി ഇതര സംസ്ഥാനക്കാർക്കു വാടകയ്ക്കു നൽകിയിട്ടുണ്ട്. കൊല നടക്കുമ്പോൾ ഇതര സംസ്ഥാനക്കാർ വീട്ടിലുണ്ടായിരുന്നു. എന്തോ വീഴുന്ന ഒച്ച കേട്ടെങ്കിലും പുറത്തിറങ്ങിയില്ല എന്നാണ് ഇവർ പൊലീസിനോടു പറഞ്ഞത്.
പ്രായമായ ആളുകളെ പരിചരിക്കുന്ന ജോലിയാണ് ജോർജിന്. ജോലി കഴിഞ്ഞു കയ്യിൽ പണമെത്തിയാൽ പിന്നെ തുടരെ മദ്യപിക്കുകയാണു രീതിയെന്നു നാട്ടുകാർ പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

