കുറുപ്പംപടി ∙ ടൗൺ മധ്യത്തിൽ 90ൽ പരം മുറികളുള്ള ഹോസ്റ്റൽ കെട്ടിടം വെറുതെ കിടന്നു നശിക്കുന്നത് അധികൃതർ അറിയുന്നുണ്ടോ? ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം (ഡയറ്റ്) വളപ്പിലാണ് ആരും ഉപയോഗിക്കാതെ കെട്ടിടം നശിച്ചു കൊണ്ടിരിക്കുന്നത്. പരിസരമാകെ കാടും മരങ്ങളും വളർന്നു കെട്ടിടത്തിലേക്കു പ്രവേശിക്കാൻ കഴിയാത്ത അവസ്ഥയാണ്.
ടിടിസി വിദ്യാർഥികൾക്കു താമസിക്കുന്നതിനായി വർഷങ്ങൾക്കു മുൻപ് മികച്ച രീതിയിൽ നിർമിച്ച ഹോസ്റ്റലാണിത്.
ടിടിസി പഠനത്തിനെത്തിയ വിദ്യാർഥികൾ താമസിച്ചിരുന്നു. കെടുകാര്യസ്ഥതയും ചുമതല വഹിക്കാൻ ആളില്ലാത്തതും ഹോസ്റ്റലിന്റെ തകർച്ചയ്ക്കു കാരണമായി.
കോവിഡ് വ്യാപന കാലത്ത് രായമംഗലം പഞ്ചായത്ത് കോവിഡ് ബാധിതരെ പരിചരിക്കുന്നതിനുള്ള സിഎഫ്എൽടിസിയായി ഈ കെട്ടിടം ഉപയോഗിച്ചിരുന്നു. ഇതോടെയാണ് ഇങ്ങനെയൊരു വലിയ കെട്ടിടം കുറുപ്പംപടിയിലുണ്ടെന്നു പുറംലോകം അറിയുന്നത്.
കോവിഡ് കാലത്ത് ഉപയോഗിച്ച കട്ടിലുകളും മേശയും ഇപ്പോഴും അവിടെയുണ്ട്. ഇതിനു ശേഷം ആരും തിരിഞ്ഞു നോക്കിയിട്ടില്ല.
ഡയറ്റും ലാബ് എൽപി സ്കൂളും ജില്ലാ പഞ്ചായത്തിന്റെ കീഴിലാണോ ഗ്രാമപഞ്ചായത്തിന്റെ കീഴിലാണോയെന്ന് ഇപ്പോഴും വ്യക്തതയില്ല.
അധ്യാപക പരിശീലന കേന്ദ്രമാണ് ഡയറ്റ്. ഇവിടെ അധ്യാപക പരിശീലനത്തിനെത്തുന്ന വിദ്യാർഥികൾക്കു പരിശീലനത്തിനുള്ള വിദ്യാലയമാണ് ലാബ് സ്കൂൾ.
ഡയറ്റും സ്കൂളും പഞ്ചായത്തിന് കൈമാറുന്നത് സംബന്ധിച്ച് ഇടയ്ക്കു ചർച്ചകൾ നടന്നെങ്കിലും വിജയത്തിലെത്തിയില്ല. കുടുംബശ്രീയുടെ മേൽനോട്ടത്തിലോ സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലോ വർക്കിങ് വിമൻസ് ഹോസ്റ്റൽ അടക്കമുള്ള സംരംഭങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന കെട്ടിടമാണ് നശിച്ചു കൊണ്ടിരിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

