കൊച്ചി ∙ മത്സരത്തിനുള്ള വിസിലടിച്ചാൽ മതി, തദ്ദേശ തിരഞ്ഞെടുപ്പിന് ജില്ലയിൽ എല്ലാം സെറ്റ്. പാർട്ടികളും മുന്നണികളും ഉണർന്നു.
സർക്കാർ സംവിധാനങ്ങൾ നേരത്തേതന്നെ ഉഷാർ. സ്ഥാനമോഹികൾ അണിയറയിൽ തകൃതിയായ ഒരുക്കത്തിൽ.
ഭരിച്ചവർ നേട്ടങ്ങളും എതിർത്തവർ ദോഷങ്ങളും എണ്ണിത്തിട്ടപ്പെടുത്തുന്നു. നവംബർ 5നു തിരഞ്ഞെടുപ്പു പ്രഖ്യാപനമുണ്ടായേക്കുമെന്ന് അണിയറ സംസാരം.
പിന്നെ എല്ലായിടവും തിരഞ്ഞെടുപ്പിന്റെ ലഹരിയിലാകും. ജനപ്രതിനിധികളിൽ 50% വനിതകളായിരിക്കുമെന്നതിനാൽ ആശാ വർക്കർമാർ, കുടുംബശ്രീ എന്നിവിടങ്ങളിലേക്കാണു പാർട്ടികളുടെ കണ്ണ്.
അതിൽ തന്നെ ആശാ വർക്കർമാർക്കാണ് മാർക്കറ്റ് കൂടുതൽ. ഭർത്താവ് ഒഴിയുന്നിടത്ത് ഭാര്യയും പിതാവിന്റെ സീറ്റിൽ മക്കളും വരുന്നതരം കുടുംബ സീറ്റ് ഇക്കുറിയും ഉണ്ടാകാൻ എല്ലാ സാധ്യതകളുമുണ്ട്.
2220
ഇതൊരു മാജിക് നമ്പറല്ല, പ്രാദേശിക പഞ്ചായത്തു മുതൽ ജില്ലാ പഞ്ചായത്തുവരെയുള്ള ത്രിതല പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവയിൽ ആകെയുള്ള ജനപ്രതിനിധികളുടെ എണ്ണം 2220 ആണ്.
കമ്മിഷൻ റെഡി
വോട്ടർ പട്ടിക പ്രസിദ്ധീകരിക്കൽ, വാർഡുകളുടെ സംവരണ നറുക്കെടുപ്പ് – എല്ലാം ചേർന്ന തിരക്കിലാണു സാധാരണ തിരഞ്ഞെടുപ്പു പ്രഖ്യാപിക്കാറ്.
ഇക്കുറി നേരത്തേതന്നെ എല്ലാം പൂർത്തിയാക്കി. പുതിയ വോട്ടർമാരെ ഉൾപ്പെടുത്തിയും ഇല്ലാത്തവരെ നീക്കിയും പട്ടിക പ്രസിദ്ധീകരിച്ചു. അതിന്റെ ഹിയറിങ് നടക്കുന്നു.
ഇൗ ആഴ്ച അവസാനം അന്തിമ പട്ടികവരും. ജില്ലയിൽ ആകെ 116 വരണാധികാരികളെ നിശ്ചയിച്ചു.
ആകെയുള്ളത് 111 തദ്ദേശ സ്ഥാപനങ്ങൾ. 2010നു ശേഷം ഇപ്പോഴാണു വാർഡുകളുടെ അതിർത്തി പുനർനിർണയം വരുന്നത്.
അതു പൂർത്തിയായി.വനിതാ വാർഡുകളും പട്ടികജാതി, പട്ടികജാതി വനിത, പട്ടിക വർഗ വാർഡുകൾ നിശ്ചയിച്ചു.
പാർട്ടികളുടെ റോൾ
പാർട്ടികൾ പരമ്പരാഗത രീതിയിൽ തയാറെടുപ്പു തുടങ്ങി. സ്ഥാനാർഥികൾ വരുന്നതോടെ അരങ്ങ് ഉണരും.
തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുൻപുതന്നെ ട്വന്റി20 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മറ്റു പാർട്ടികൾക്ക് മുന്നണി തലത്തിലെ സീറ്റ് വിഭജനം നടത്തണം.
അതിനു ശേഷമേ സ്ഥാനാർഥി നിർണയം പറ്റൂ. സ്വന്തം പാർട്ടിയിൽ എതിരാളികളിലെന്ന് ഉറപ്പിച്ച വാർഡുകളിൽ സ്ഥാനമോഹമുള്ളയാളുകൾ ഇപ്പോഴേ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു.
സ്വതന്ത്രർ സ്വന്തം നിലയിൽ ഫ്ലെക്സ് വരെ വച്ചു. പക്ഷേ, ചിഹ്നം കിട്ടാൻ കുറേ കാത്തിരിക്കണം.
ചിഹ്നം ഉറപ്പുള്ളതു പാർട്ടി സ്ഥാനാർഥികൾക്കു മാത്രം. മതിലുകളിൽ വെള്ളയടിച്ച് ബുക്ക് ചെയ്തു കാത്തിരിക്കുകയാണവർ. സ്ഥാനാർഥികളാകാൻ തിരക്ക് ഏറ്റവും കുറവ് ബ്ലോക്ക് പഞ്ചായത്തിനാണ്.
പഞ്ചായത്തിനും മുനിസിപ്പാലിറ്റിക്കും കോർപറേഷനുമാണ് ഇടി. മൂന്നിടത്തും തനതു വരുമാനമുണ്ടെന്നതാണു കാരണം. തുടർച്ചയായി 2 പ്രാവശ്യം ജനപ്രതിനിധിയായവരെ പരിഗണിക്കേണ്ടെന്നാണു സിപിഎം, സിപിഐ തീരുമാനം. 3 പ്രാവശ്യം ജനപ്രതിനിധിയായവരെ പരിഗണിക്കേണ്ടെന്നു മുസ്ലിം ലീഗ് തീരുമാനിച്ചെങ്കിലും അതു വേണ്ടെന്ന് ഇപ്പോൾ നിശ്ചയിച്ചു.
ജന സമ്മതി, ജയ സാധ്യത
ഇതു രണ്ടുമാണ് എല്ലാ സ്ഥാനാർഥികളുടെയും അടിസ്ഥാന യോഗ്യത.
പക്ഷേ, കാര്യത്തോടടുക്കുമ്പോൾ മതവും സമുദായവും കുടുംബവും ബന്ധവും സർവ്വോപരി ഗ്രൂപ്പും രംഗത്തുവരും. വാർഡ് കമ്മിറ്റികൾ ഒറ്റപ്പേര് നിർദേശിച്ചാൽ, അതിന് പഞ്ചായത്ത് കോർകമ്മിറ്റി അനുമതി നൽകിയാൽ ആ പേരിന് അംഗീകാരം എന്നതാണ് കോൺഗ്രസിന്റെ തീരുമാനം.
സിപിഎം സ്ഥാനാർഥി നിർണയവും താഴത്തട്ടിൽ തന്നെ. പഞ്ചായത്ത് സ്ഥാനാർഥികൾ ലോക്കൽ കമ്മിറ്റികളിലും മുനിസിപ്പാലിറ്റികൾ ഏരിയ കമ്മിറ്റികളിലും തീരുമാനിക്കും. വിജയിക്കാനാണ് ഇക്കുറി മത്സരമെന്നു ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനാൽ ജില്ലയിൽ ത്രികോണ പോരാട്ടവും ചില സ്ഥലങ്ങളിൽ ചതുർമുഖ പോരാട്ടവും വരും.
കാത്തിരിക്കുന്ന ചിലരുണ്ട്
തിരഞ്ഞെടുപ്പു വന്നടുത്തിട്ടും വേണ്ട ഉത്സാഹമില്ലാത്ത ചിലരുണ്ട്.
തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ പദവി സംവരണ തീരുമാനംകൂടി വന്നിട്ടുവേണം അവർക്ക് ഇറങ്ങാൻ. പ്രസിഡന്റുമാരും ചെയർപഴ്സൻമാരും മേയറും ജനറൽ ആയിരുന്നിടത്ത് ഇക്കുറി വനിതയാവും.
അതിൽ തന്നെ പട്ടികജാതി, പട്ടിക വനിത എന്നിങ്ങനെയുള്ള സംവരണം കൂടി വരാനുണ്ട്. അതുപക്ഷേ, സംസ്ഥാന തലത്തിലാണു തീരുമാനിക്കുന്നത്. സീനിയർ കൗൺസിലർ വീണ്ടും മത്സരിച്ചു ജയിച്ച് വെറും കൗൺസിലറായി വീണ്ടും ഇരിക്കുന്നതിനേക്കാൾ, അധ്യക്ഷ സ്ഥാനത്തെക്കുറിച്ച് ധാരണയായിട്ട് മത്സരിക്കുന്നതല്ലേ നല്ലത് എന്നാണ് ഇക്കൂട്ടരുടെ ധാരണ.
∙ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ എണ്ണം
ജില്ലാ പഞ്ചായത്ത് – 28
ബ്ലോക്ക് പഞ്ചായത്ത് – 202
ഗ്രാമ പഞ്ചായത്ത് – 1467
മുനിസിപ്പാലിറ്റി – 447
കോർപറേഷൻ – 76
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

