
പള്ളുരുത്തി∙ സ്വകാര്യ വഴി ഉടമയറിയാതെ കോർപറേഷന്റെ ആസ്തി റജിസ്റ്ററിൽ ഉൾപ്പെടുത്തിയതിനു സെക്രട്ടറിക്കും ഓവർസീയർക്കും 25000 രൂപ പിഴയും ഉടമയ്ക്ക് 25,000 രൂപ നഷ്ടപരിഹാരവും നൽകാൻ ഓംബുഡ്സ്മാൻ ഉത്തരവിട്ടു. പള്ളുരുത്തി സ്വദേശി പി.എസ്.ബാബു സുരേഷിന്റെ പരാതിയിൽ തദ്ദേശ സ്വയംഭരണ സ്ഥാപന ഓംബുഡ്സ്മാൻ പി.ഡി.രാജന്റേതാണ് ഉത്തരവ്. കൊച്ചി കോർപറേഷന്റെ ഗ്രേഡ് 2 ഓവർസീയറായിരുന്ന കെ.സുകുവാണ് എതിർകക്ഷി.
ഇപ്പോൾ തിരുവനന്തപുരം കോർപറേഷനിലാണ് സുകു ജോലിനോക്കുന്നത്. കൃത്യവിലോപം കാട്ടിയിട്ടും സുകുവിനെതിരെ നടപടിയെടുക്കാത്തതിനാണു സെക്രട്ടറിക്ക് പിഴയിട്ടത്.
2017-ൽ ബാബു സുരേഷിന്റെ ഭാര്യ ഷീബയുടെ വീട്ടിലേക്കുള്ള വഴി അയൽവാസിക്കു വേണ്ടി ഇവരുടെ അനുമതിയില്ലാതെ പൊതുവഴിയാക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതി.
3.9 മീറ്റർ വീതിയുള്ള വഴിയിൽ 2.6 മീറ്റർ ഷീബയുടെ സ്വകാര്യ സ്വത്താണ്. ബാക്കി 1.3 മീറ്റർ 3 കുടുംബങ്ങൾ നടവഴിയായി ഉപയോഗിക്കുന്നുമുണ്ട്.
എന്നാൽ, മറ്റൊരു സമീപവാസി ഈ വഴി പൊതുവഴിയാക്കാൻ ശ്രമിക്കുകയായിരുന്നു. ഷീബയുടെ വീട്ടിലേക്കുള്ള വഴി പൊതുവഴിയാണെന്ന അന്നത്തെ കൗൺസിലറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വഴി നഗരസഭ കോൺക്രീറ്റ് ചെയ്തിട്ടുണ്ടെന്നു ഓവർസീയർ വ്യാജ റിപ്പോർട്ട് നൽകി.
ആസ്തി റജിസ്റ്ററിൽ എഴുതാനുള്ള അധികാരം സെക്രട്ടറിക്ക് മാത്രമായിരിക്കെ പൊതുവഴിയെന്നു സുകു രേഖപ്പെടുത്തിയതായും തെളിഞ്ഞു. 2.6 മീറ്റർ വഴിയിൽ മറ്റാർക്കും അവകാശമില്ലെന്നു കൊച്ചി മുൻസിഫ് കോടതിയും വിധിച്ചു.
സ്വകാര്യ സ്വത്താണെന്ന് കൊച്ചി താലൂക്ക് സർവേയറും റിപ്പോർട്ട് നൽകി. സ്വകാര്യ വഴി ആസ്തി റജിസ്റ്ററിൽ ചേർത്ത നടപടിയും റദ്ദാക്കിയിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]