
നിരങ്ങി നിരങ്ങി – MOTOR BIKE 8.30 : ഐഎംജി ജംക്ഷൻ
കോരിച്ചൊരിയുന്ന മഴ. ഹെൽമറ്റിന്റെ ഗ്ലാസിൽ വെള്ളവും ഫോഗും.
35–40 കിലോമീറ്റർ വേഗത്തിൽ ആസ്വദിച്ചെത്തിയ ബൈക്ക് ഐഎംജി ജംക് ഷനിൽ ബ്രേക്കിട്ടു. മീഡിയ അക്കാദമി സിഗ്നൽ ജംക്ഷൻ വരെ നീണ്ടുകിടക്കുന്ന വാഹനനിരയെ പുച്ഛത്തോടെ നോക്കി വലതു വശം പിടിച്ചു മുന്നോട്ട്.
നിശ്ചലാവസ്ഥയിലായ കാറുകൾക്കുള്ളിൽ താടിക്കു കയ്യുംകൊടുത്തിരിക്കുന്നവരുടെ അസൂയ നിറഞ്ഞ നോട്ടം. പൈനാപ്പിൾ നിറമുള്ള നൂറുരൂപ റെയിൻ കോട്ടിൽ മഴ തല്ലിയലയ്ക്കുമ്പോൾ ആ നോട്ടമാണ് ഏക ആശ്വാസം.
അളകാപുരി ഹോട്ടലിനു മുന്നിലെത്തിയതോടെ എതിർവശത്തു നിന്നു വണ്ടികൾ. ഇടത്തേക്ക് ഒതുക്കി അനുസരണയോടെ ബൈക്ക് നിന്നു.
മുന്നിലെ നാലുചക്രങ്ങൾക്കു പിന്നാലെ മണപ്പിച്ചുമണപ്പിച്ചു കുറച്ചുദൂരം കൂടി. കലക്ടറേറ്റ് കഴിഞ്ഞതും വീണ്ടും ഇടതുചാടി ഒരു മുന്നേറ്റം.
8.45: കുന്നുംപുറം
സിഗ്നലും കടന്നു കുന്നുംപുറം ജംക്ഷനിലേക്ക്.
ഇൻഡസ് കാർ ഷോറൂം കഴിയുമ്പോൾ റോഡിന്റെ പകുതിയോളം മെട്രോയുടെ ഇരുമ്പു ബാരിക്കേഡ് കയ്യേറിയിരിക്കുന്നു. വലതുവശത്തുകൂടി മുന്നേറാനുള്ള ധൈര്യമില്ല.
പോരാത്തതിനു വളവും. തൊട്ടുമുന്നിൽ വീണ്ടും വാഹനങ്ങളുടെ നീണ്ടനിര.
ഹെൽമറ്റിൽ മഴയുടെ ചെണ്ടമേളം. ഒരിടം കിട്ടി മുന്നോട്ടെടുക്കാനൊരുങ്ങുമ്പോൾ ഓട്ടോച്ചേട്ടന്റെ വക അപ്രതീക്ഷിത ഓവർടേക്കിങ്.
ഇടത്തേക്ക് ഒതുക്കി സേഫ് ആയി.കുന്നുംപുറം ജംക്ഷനിൽ മൂന്നുഭാഗത്തുനിന്നു വന്ന് അടുപ്പുകൂട്ടി കിടക്കുന്ന വാഹനങ്ങളുടെ കുരുക്കഴിക്കാൻ മഴയത്ത് ഒരു ബസ് കണ്ടക്ടറുടെ ഏകാംഗ നാടകം. നീട്ടിനീട്ടിയുള്ള ഹോണടി.
ഇടതുവശത്തു കിട്ടിയ ചെറിയ ഗ്യാപ്പിലൂടെ പടമുകൾ റോഡിലേക്കു കയറി. മൂന്നാം ഗിയറിലേക്ക് ഇടുന്ന നേരംകൊണ്ടു പെട്രോൾ പമ്പിനു മുന്നിലെ സിംഗിൾ ലൈനിലേക്കു കയറാനുള്ള വണ്ടികളുടെ തിക്കിത്തിരക്കിൽ വീണ്ടും സ്റ്റോപ്.
പാതി ക്ലച്ചിൽ എൻജിൻ മൂപ്പിച്ചു നിരങ്ങിനീങ്ങുമ്പോൾ വലതുവശത്തുകൂടി ജീവിക്കാനുള്ള നെട്ടോട്ടവുമായി ഒരു പ്രൈവറ്റ് ബസ്.
9.05: പടമുകൾ
സിംഗിൾ ലൈനിലേക്ക് കയറി ബിലാലിന്റെ തട്ടുകടയുടെ മുന്നിലെത്തിയതും പഠേ..എന്ന ശബ്ദത്തോടെ ബൈക്കിന്റെ മുൻചക്രം കുഴിയിലേക്ക്. ഞെട്ടലിൽ വണ്ടിയൊന്ന് ഓഫായി.
പിന്നിൽ ഹോണടി മേളം. വീണ്ടും സ്റ്റാർട്ട് ചെയ്തു നിരങ്ങിനിരങ്ങി മുന്നോട്ട്.
സിവിൽ ലൈൻ റോഡിലെ കുഴികൾക്കു പുറമേ ചെറിയ പൈപ്പിനായി വെട്ടിയ ഏതാനും ഇഞ്ചുള്ള ഇത്തരം വിടവുകൾ പാലാരിവട്ടം പാലം വരെ ഇരുചക്രവാഹനങ്ങളുടെ പേടിസ്വപ്നമാണ്.
9.13: വാഴക്കാല
വാഴക്കാല ജംക്ഷനിൽ ആളെക്കയറ്റാൻ നിർത്തിയ പ്രൈവറ്റ് ബസിനു പിന്നിൽ മുറുകിവരുന്ന കുരുക്ക്. മഴയല്ലേ,പാവം ബൈക്കുകാർ പൊക്കോട്ടേ എന്ന വിചാരമില്ലാതെ വലതുവശം ചേർന്നു ബ്ലോക്ക് ചെയ്തു കിടക്കുന്ന കാറുകാർ.
ഗ്ലാസിൽ തട്ടി അപേക്ഷയോടെ ഒരു കൈ ആംഗ്യം. കിട്ടിയ ചെറിയ ഗ്യാപ്പിൽ ചെമ്പുമുക്കിലേക്ക്.
9.20: ചെമ്പുമുക്ക്
ചെമ്പുമുക്കിലെ ഇടറോഡിൽനിന്നു വാഹനപ്രവാഹം.
വീണ്ടും ‘ജാം ചച്ച ജൂം ചച്ച’. ക്ലച്ച് പിടിച്ച് പിടിച്ചു വിരലുകൾ കരയാൻ തുടങ്ങി.
സെക്കൻഡ് ഗിയറിൽ ഓടിയോടി ബോറടിച്ചെന്നു ബൈക്കും. മഴവെള്ളത്തിൽ വാഹന പുക കലർന്ന കരിഞ്ഞ മണവും ആസ്വദിച്ച് ആലിൻചുവട്ടിലേക്ക്.
അതു കൂടി കഴിഞ്ഞാൽ ആഹാ.. പാലാരിവട്ടം.
9.30: പാടിവട്ടം
അയ്യനാട് പാലം കഴിഞ്ഞു കുറച്ചു മുന്നോട്ടു ചെന്നപ്പോൾ അപ്രതീക്ഷമായൊരു കുഴി.
വീഴാതിരിക്കാൻ വലത്തോട്ടൊന്നു വെട്ടിച്ചതും മറ്റൊരു സ്കൂട്ടറിൽ തൊട്ടുതൊട്ടില്ലെന്ന മട്ടിൽ ബ്രേക്ക്. ഭാഗ്യം രണ്ടു പേർക്കും ഒന്നും പറ്റിയില്ല.
ആലിൻചുവട്ടിലേക്കുള്ള സിംഗിൾ ലൈനിൽ ക്ഷമയുടെ ആട്ടിൻസൂപ്പും കുടിച്ച് ഏതാനും മിനിറ്റ്.
9.37: ആലിൻചുവട്
ആലിൻചുവട് കഴിഞ്ഞു പൈപ്പ് ലൈൻ ജംക്ഷന്റെ സ്വാതന്ത്ര്യത്തിലേക്ക് ഇഴയുമ്പോൾ ഉള്ളുനിറയെ വൈകീട്ടത്തെ തിരിച്ചുപോക്കിന്റെ ആധി. ∙ ബൈക്കിൽ യാത്ര ചെയ്തിട്ടും രാവിലെ തിരക്ക് കൂടുതൽ ആയതിനാൽ 5. 2 കിലോമീറ്റർ യാത്രചെയ്യാൻ എടുത്തത് ഒരു മണിക്കൂർ 17 മിനിറ്റ്.
ഇഴഞ്ഞ് ഇഴഞ്ഞ് – BUS 2.15 : ഐഎംജി ജംക്ഷൻ
ഇൻഫോപാർക്ക് – കാക്കനാട് റോഡിലെ ഐഎംജി ജംക്ഷൻ.
മുന്നിൽ വാഹനങ്ങളുടെ നീണ്ട നിര.
പതിയെ പതിയെ നിരങ്ങി നീങ്ങി കലക്ടറേറ്റ് ജംക്ഷനിലൂടെ സിവിൽ ലൈൻ റോഡ് വഴി എൻജിഒ ക്വാർട്ടേഴ്സ് പിന്നിട്ട് 15 മിനിറ്റ് കൊണ്ട് കുന്നുംപുറം ജംക്ഷനിലെത്തി.
2.30 : കുന്നുംപുറം
സിഗ്നൽ കടന്നു കുന്നുംപുറത്തേക്ക്. പടമുകൾ പെട്രോൾ പമ്പിനു മുന്നിലെത്തിയപ്പോഴാണു യാഥാർഥ കുരുക്കു തുടങ്ങുന്നത്.
മെട്രോ റെയിൽ നിർമാണത്തിനു റോഡിന്റെ മധ്യഭാഗം കെട്ടി അടച്ചതോടെ ഇരു വശങ്ങളിലും ഒരു ലെയ്ൻ ട്രാഫിക് മാത്രം. കാക്കനാട് കലക്ടറേറ്റ് ലിങ്ക് റോഡിൽ നിന്നെത്തുന്ന വാഹനങ്ങൾ കൂടിയായതോടെ കുന്നുംപുറത്തു കട്ട
ബ്ലോക്ക്. നിരങ്ങി നീങ്ങുന്നതിനിടെ ഇടയ്ക്കു കുത്തിക്കയറ്റി ബ്ലോക്ക് വീണ്ടും രൂക്ഷമാക്കുന്ന കാറുകളും ഓട്ടോറിക്ഷകളും വേറെ.
എത്ര മിടുക്കനായ ഡ്രൈവറും പകച്ചു പോകുന്ന സന്ദർഭം. എങ്ങനെയൊക്കെയോ ഓടിച്ചു വൺലൈൻ ട്രാഫിക്കിലേക്കു കടന്നാലും രക്ഷയില്ല.
ഇടയ്ക്കു കുഴികൾ. അതും കടന്നു മുന്നോട്ടു പോയാൽ പടമുകൾ – പാലച്ചുവട് റോഡിലേക്കു കയറാനും അവിടെ നിന്നെത്തുന്ന വാഹനങ്ങൾക്കു പ്രധാന റോഡിലേക്കു കടക്കാനുമുള്ള തിരക്ക്.
ഇതെല്ലാം കടന്നു പടമുകൾ ജംക്ഷനിൽ എത്തി.
2.40: പടമുകൾ
ഇവിടെ കുരുക്കു തീരുമെന്നു കരുതിയെങ്കിൽ തെറ്റി. കോളനി സ്റ്റോപ്പിൽ നിന്ന് അടുത്ത കുരുക്ക് .
ഇവിടെ നിന്നങ്ങോട്ട് ഒരു വണ്ടിക്കു മാത്രം പോകാവുന്ന വീതി. ഇതിനിടയിലൂടെ ഫുട്പാത്തിനു മുകളിലൂടെയും കുത്തിക്കയറ്റി പായാൻ ശ്രമിക്കുന്ന വാഹനങ്ങൾ.
വാഴക്കാല വരെ ഇടറോഡുകളിൽ നിന്നെത്തുന്ന വാഹനങ്ങളും യൂടേൺ എടുക്കുന്നവയും എല്ലാം കൂടി ചേരുമ്പോൾ കുരുക്കോടു കുരുക്ക്. ചിലർ വണ്ടി ഓഫ് ചെയ്തു കിടക്കുന്നതും കാണാം.
ഞെങ്ങിഞെരുങ്ങി വാഴക്കാലയിലെത്തി.
2.50 : വാഴക്കാല
വാഴക്കാലയിൽ സ്വകാര്യ ബസുകൾക്കു സ്റ്റോപ്പുണ്ട്. മൂലേപ്പാടം റോഡിൽ നിന്നെത്തുന്ന വാഹനങ്ങളുടെ നീണ്ട
നിര. ചെമ്പുമുക്ക് വരെ വീണ്ടും കുരുക്ക്.
അവിടെയുമുണ്ടു ബസ് സ്റ്റോപ്പ്. ചെമ്പുമുക്ക് മുതൽ പാടിവട്ടം വരെയാണ് ഈ റൂട്ടിൽ അൽപം ആശ്വാസം നൽകുന്ന ഭാഗം.
എന്നാൽ ഈ ആശ്വാസം ആലിൻചുവട് എത്തുന്നതോടെ ആശങ്കയായി മാറും. വെണ്ണല ഭാഗത്തു നിന്നെത്തുന്ന വാഹനങ്ങൾ പ്രധാന പാതയിലേക്കു കടക്കുന്നതോടെ കുപ്പിക്കഴുത്തു പോലുള്ള ഇവിടം ശ്വാസം മുട്ടും.
ഇതിനിടയിൽ ഒന്നിലേറെ യൂടേണുകൾ. എല്ലാം കടന്നു പാലാരിവട്ടം ബൈപാസിലെത്തിയപ്പോൾ സമയം 3.00 . ∙ ആറര കിലോമീറ്റർ കടന്നു കിട്ടാൻ എടുത്ത സമയം 45 മിനിറ്റ്.
കുരുങ്ങി കുരുങ്ങി- CAR 2.30 : ഐഎംജി ജംക്ഷൻ
കാക്കനാട് ഐഎംജി ജംക്ഷൻ.
അതിവേഗം നടന്നുപോകാനൊരുങ്ങുന്ന ഗാന്ധിജിയുടെ പൂർണകായ പ്രതിമയുടെ പിന്നാലെ വാഹനങ്ങളുടെ മെല്ലെപ്പോക്ക്. സ്കൂൾ വിടുന്ന സമയമാണ്.
പാതിയുറക്കത്തിലായ കുട്ടികളെ നിറച്ചു ബസ്സുകൾ, വാനുകൾ, ഓട്ടോറിക്ഷകൾ. ഇൻഫോ പാർക്ക്, സ്മാർട് സിറ്റി, സെപ്സ്… ഷിഫ്റ്റ് തീർത്ത് ടെക്കികൾ കാബുകളിലും അല്ലാതെയും പരക്കംപായുന്ന നേരം.
എന്തുകാര്യം, ഗാന്ധി നടന്നു ദണ്ഡിയിലെത്തിയാലും വണ്ടികൾ നിരങ്ങി തൊട്ടടുത്ത കലക്ടറേറ്റ് പടിക്കലെത്തില്ല. ഇടച്ചിറയിൽനിന്നും പള്ളിക്കരയിൽനിന്നുമുള്ളവർ ഇടറോഡുകളിൽനിന്നുള്ള കുത്തിക്കയറ്റലുകൾ താണ്ടിയാണ് ഇതുവരെ എത്തിയതെന്നോർക്കണം.
ഉണ്ണിയപ്പച്ചട്ടികണക്കു കിടക്കുന്ന റോഡുകളുടെ ഫുൾ ബോഡി മസാജും ഇതിനിടെ നടന്നിട്ടുണ്ടാകും.
2.50: കലക്ടറേറ്റ്
‘ഒച്ചെ’ൻജിനുകൾ കലക്ടറേറ്റ് പടിക്കലെത്തിയപ്പോൾ സമയം 2.50. വണ്ടികൾ വീണ്ടും നിശ്ചലാസനത്തിൽ.
ഇപ്പോഴൊന്നും നിര നീങ്ങുമെന്നു തോന്നുന്നില്ല. വാഹനം ഓഫ് ചെയ്യുന്നതാണു ബുദ്ധി.
ഇവിടെ ഒരു ഗുണമുണ്ട്; ഗ്ലാസ് വിൻഡോ താഴ്ത്തിയാൽ തൊട്ടടുത്ത ഹോട്ടലുകളിൽ നിന്നുള്ള വറവുമണം കിട്ടും. ഉണ്ടവർക്കു മണം നുണഞ്ഞിരിക്കാം.
പക്ഷേ ഉച്ചയൂണു മുടങ്ങിയവരുടെ വിശപ്പ് മെഴുതിരിപോലെ ആളിക്കത്തും. ദൈവമേ, ഒരു താലി മീൽ കഴിക്കാനുള്ള സമയം കഴിഞ്ഞിട്ടും ഹോട്ടലിനു മുൻപിൽ നിന്നു വണ്ടിയനങ്ങുന്നില്ലല്ലോ!
ഇതിനിടെ, എതിരെ നിന്നുള്ള വണ്ടികൾ പലതും സുരഭി നഗറിലേക്കും മറ്റു ഹൗസിങ് കോളനികളിലേക്കുമുള്ള ക്രോസ് റോഡുകളിലേക്കു കയറാനൊരുങ്ങുന്നതു കൂടുതൽ കുരുക്കുണ്ടാക്കും.
ബ്ലോക്ക് ഇപ്പോൾ ‘കപീഷിന്റെ വാലു’പോലെ നീണ്ട് അങ്ങു മീഡിയ അക്കാദമി സിഗ്നൽ ജംക്ഷനിൽ പച്ചകത്തുന്നതും കാത്തു കിടപ്പാണ്. കുരുക്കിന്റെ ഒരു കവര ബൈ റോഡ് വഴി ഇരുമ്പനം റോഡിലേക്കും ഇഴഞ്ഞു നീളുന്നുണ്ട്.
സമാന്തരമായി സീപോർട്ട്– എയർപോർട്ട് റോഡിലേക്കും തിരക്കിന്റെ ആഘാതം പടരുന്നുണ്ട്.
3.20: പടമുകൾ ജംക്ഷൻ
മൂന്നു മണി കഴിഞ്ഞതോടെ സിഗ്നൽ കടക്കാനായി. പടമുകൾ ജംക്ഷൻ വരെയുള്ള റോഡിലും മെട്രോ പണി തുടങ്ങിയിട്ടുണ്ട്.
ഇരുവശത്തും ഇരുമ്പു ബാരിയറുകൾ, യന്ത്രങ്ങൾ, പണി സാമഗ്രികളുമായി കൂറ്റൻ ട്രെയിലറുകൾ. റോഡിന്റെ വീതി പാതിയായി.
മുക്കിയും മുരണ്ടും പടമുകൾ ജംക്ഷനിലെത്തിയപ്പോൾ 3.20. ഇനിയാണു കളി മാറുന്നത്.
പാലാരിവട്ടം, എൻജിഒ ക്വാർട്ടേഴ്സ്, കാക്കനാട് എന്നിവിടങ്ങളിൽനിന്നുള്ള വാഹനങ്ങളുടെ ത്രിവേണീ സംഗമമാണു പടമുകളിൽ. കാര്യങ്ങൾ കൊഴുപ്പിക്കാൻ റോങ് സൈഡ് വഴി പാഞ്ഞുവന്ന കിടുക്കാച്ചിമഴ.
കോട്ടില്ലാത്ത ഇരുചക്രക്കാർ സൈഡ് ഒതുക്കി നിർത്തിയതോടെ വഴി കൂടുതൽ ഇടുങ്ങി.ഇവിടെനിന്നു പാലാരിവട്ടം പൈപ്പ് ലൈൻ ജംക്ഷൻ വരെയാണ് ഇപ്പോൾ മെട്രോ ഇൻഫോപാർക്ക് ഫെയ്സിന്റെ പ്രധാന പണി നടക്കുന്നത്.
വീതി പരമാവധി കൂട്ടിയെങ്കിലും ഇരുമ്പു വൻമതിലുകൾ കൊണ്ടു റോഡ് രണ്ടായി പകുത്തിട്ടുണ്ട്. ഒരു പാതിയിലൂടെ പരമാവധി ഒരു വരി ഗതാഗതമേ സാധ്യമാവൂവെങ്കിലും നമ്മുടെ ഡ്രൈവർ മഹാരഥന്മാർ തിക്കിത്തിരുകി മൂന്നു നിരയായൊക്കെ കടന്നുപോകും.
മിക്ക വാഹനങ്ങളിലും ചളുക്കിന്റെയും ഉരച്ചിലെന്റെയും പെരുന്നാളാണ്. കിട്ടിയ സൂചിപ്പഴുതിലൂടെ നുഴഞ്ഞു കയറാനൊരുങ്ങുന്ന ‘നീലയൊട്ടക’ങ്ങളുടെ ഹോണടി.
കേട്ടു കേട്ട് അതിപ്പോൾ സിംഫണി പോലെ ആസ്വാദ്യം.
3.50: വാഴക്കാല
ഇതിനിടെ വെണ്ണലയിൽ നിന്നും ക്രോസ് റോഡുകളിൽ നിന്നുമുള്ള വാഹനങ്ങൾകൂടി ഘോഷയാത്രയിൽ അണിചേരും. 3.50നു വാഴക്കാലയിൽ.
ഇരുവശത്തും മുട്ടിനുമുട്ടിനു ഹോട്ടലുകളാണ്. കറങ്ങുന്ന കമ്പിയിൽ കിടന്നു മൊരിയുന്ന ‘കോഴീന്റെ മണം’ ഗ്ലാസ് പൊളിച്ച് അകത്തു വരുന്നുണ്ട്.
ഈ തിരക്കിനിടയിലും വയറിന്റെ വിളി കേട്ടു സൈഡൊതുക്കി ഒരു ഷവർമയ്ക്ക് ഓർഡർ കൊടുക്കുന്നുണ്ടു ചില ർ. ചെമ്പുമുക്കിലെത്തിയപ്പോൾ മണി നാലു കഴിഞ്ഞു.
4.20: പാലാരിവട്ടം
ഇളവേറ്റും അയവെട്ടിയും പാലാരിവട്ടം പൈപ്പ് ലൈൻ ജംക്ഷനിൽ 4.20നെത്തി. എഫ്എം ഇതിനിടെ എത്ര പാട്ടുകൾ പാടിയോ എന്തോ! വാഹനം എത്ര ലീറ്റർ പെട്രോൾ കുടിച്ചോ ആവോ!
ആർക്കറിയാം? അല്ലെങ്കിൽ തന്നെ ആരറിഞ്ഞിട്ടെന്താ…∙ 5. 2 കിലോമീറ്റർ കാർ യാത്രയ്ക്ക് എടുത്ത സമയം ഒരു മണിക്കൂർ 50 മിനിറ്റ്.
വേണമെങ്കിൽ വഴിയുണ്ട്
കാക്കനാട്ടെ ഗതാഗതക്കുരുക്ക് ഒരു പരിധി വരെയെങ്കിലും പരിഹരിക്കാൻ രണ്ടു നിർദേശങ്ങളാണു നാട്ടുകാരും യാത്രക്കാരും മുന്നോട്ടു വയ്ക്കുന്നത്. താൽക്കാലിക പരിഹാരമായി പെട്ടെന്നു ചെയ്യാവുന്നത്– ഇടറോഡുകൾ വികസിപ്പിച്ച്, നവീകരിച്ചു കുറച്ചു വാഹനങ്ങൾ അതു വഴി തിരിച്ചു വിടുക.
രണ്ടാമത്തെ നിർദേശം ദീർഘകാല അടിസ്ഥാനത്തിലുള്ളതാണ്. കൊച്ചി നഗരത്തിൽ നിന്നു കാക്കനാട്ടേക്കു പ്രഖ്യാപിച്ചിട്ടുള്ള നിർദിഷ്ട
എക്സ്പ്രസ് ഹൈവേ യാഥാർഥ്യമാക്കുക. കൊച്ചി നഗരത്തിൽ നിന്നു കാക്കനാട്ടേക്ക് ഒട്ടേറെ ഇടറോഡുകളുണ്ട്. ഇടപ്പള്ളി ഭാഗത്തു നിന്നു മരോട്ടിച്ചോട്, തോപ്പിൽ, ദേശീയമുക്ക് വഴി സിവിൽ ൈലൻ റോഡിലെ വാഴക്കാലയിലും എൻജിഒ ക്വാർട്ടേഴ്സ് ജംക്ഷനിലും വാഹനങ്ങൾക്കെത്താം.
റോഡ് കയ്യേറ്റവും പാർക്കിങ്ങും ഒഴിവാക്കി പരമാവധി പ്രയോജനപ്പെടുത്തിയാൽ ഇടത്തരം, ചെറുകിട
വാഹനങ്ങൾക്ക് ഇതുവഴി കടന്നു പോകാം. പാലാരിവട്ടം–വൈറ്റില ബൈപാസിൽ നിന്നു വെണ്ണല, പാലച്ചുവട്, ടിവി സെന്റർ വഴി സീപോർട്ട് എയർപോർട്ട് റോഡിലൂടെയും കാക്കനാട് ജംക്ഷനിലെത്താം. വെണ്ണല മുതൽ ടിവി സെന്റർ വരെ റോഡിലെ കയ്യേറ്റം ഒഴിവാക്കി പാർക്കിങ് നിയന്ത്രിച്ചു ഗതാഗതം സുഗമമാക്കിയാൽ ഇതുവഴി വലിയ വാഹനങ്ങൾക്കുൾപ്പെടെ സഞ്ചരിക്കാം.
നിലവിൽ ഈ റോഡ് ഉപയോഗിക്കുന്നുണ്ടെങ്കിലും കുരുക്കും അനധികൃത പാർക്കിങ്ങും പ്രതികൂല ഘടകമാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]