
മൂവാറ്റുപുഴ∙ നഗരത്തിനു ഭീഷണിയായി മാറിയിരിക്കുന്ന വവ്വാൽ ബസ് കാത്തിരിപ്പു കേന്ദ്രം സംരക്ഷിച്ചു നിലനിർത്താൻ നഗരസഭ വകയിരുത്തിയ 4 ലക്ഷം ഉപയോഗിച്ചില്ല. ഇരുമ്പു തൂണുകളും മറ്റും തുരുമ്പെടുത്ത് ബസ് കാത്തിരിപ്പു കേന്ദ്രത്തിനു ബലക്ഷയം സംഭവിച്ചിട്ടുണ്ട്.
ഇക്കാര്യം ചൂണ്ടിക്കാണിച്ച് 1 വർഷം മുൻപ് മലയാള മനോരമ വാർത്ത നൽകിയതിനു പിന്നാലെയാണ് നഗരസഭ അറ്റകുറ്റപ്പണികൾക്കായി 4 ലക്ഷം രൂപ അനുവദിച്ചത്. എന്നാൽ ഈ തുക ഇതുവരെ വിനിയോഗിക്കാൻ കഴിഞ്ഞിട്ടില്ല.
4 ലക്ഷം രൂപയ്ക്ക് അറ്റകുറ്റപ്പണികൾ ഏറ്റെടുക്കാൻ കരാറുകാർ ആരും മുന്നോട്ടു വരാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
40 ലക്ഷം രൂപ ചെലവഴിച്ച് 8 വർഷം മുൻപ് നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രമാണ് തുരുമ്പ് എടുത്തു ഏതു നിമിഷവും തകർന്നു വീഴാവുന്ന അവസ്ഥയിൽ എത്തിയിരിക്കുന്നത്.വവ്വാൽ ചിറകിന്റെ മാതൃകയിൽ കൂറ്റൻ തൂണുകൾക്കു മുകളിൽ ടെൻസൈൽ ഫാബ്രിക് ഉപയോഗിച്ചാണ് മേൽക്കൂര തീർത്തത്. വിലകൂടിയ ടെൻസൈൽ ഫാബ്രിക് ദീർഘകാലം ഈടു നിൽക്കുമെങ്കിലും ഇവ സ്ഥാപിച്ചിരിക്കുന്ന ഇരുമ്പു പൈപ്പുകളിലാണു തുരുമ്പ് വ്യാപിക്കുന്നത്.
ഇപ്പോൾ നഗര വികസനം നടക്കുന്നതിനാൽ മരങ്ങൾ എല്ലാം മുറിച്ചു നീക്കിയതോടെ എവിടെ നിന്നു നോക്കിയാലും ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ മേൽക്കൂരയിലെ ഇരുമ്പു പൈപ്പുകളിലെ തുരുമ്പ് കാണാം. ഇത് വലിയ തോതിൽ വ്യാപിച്ചിട്ടുണ്ട്.
ടെൻസൈൽ ഫാബ്രിക് ഘടിപ്പിച്ചിട്ടുള്ള നട്ടും ബോൾട്ടും എല്ലാം തുരുമ്പെടുത്ത നിലയിലാണ്.
2019 ൽ ആണ് ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ നിർമാണം പൂർത്തിയായത്. ഇതിനു ശേഷം ഇന്നു വരെ ഇതിൽ അറ്റകുറ്റപ്പണികൾ നടന്നിട്ടില്ല.
മേൽക്കൂരയ്ക്കു മുകളിലെ പൈപ്പുകളിൽ തുരുമ്പ് വ്യാപിക്കുന്നത് ഒഴിവാക്കി പൈപ്പുകൾ ബലപ്പെടുത്താൻ നടപടി ഉണ്ടായില്ലെങ്കിൽ വലിയ ദുരന്തത്തിനു കാരണമാകുമെന്നാണ് ഇവിടെ പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരും വ്യക്തമാക്കിയത്. ടെൻസൈൽ ഫാബ്രിക് മേൽക്കൂരയിൽ നിന്നു വിട്ടു താഴേക്കു പതിച്ചാലും വലിയ അപകടങ്ങൾക്കു കാരണമാകും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]