
‘ഒറ്റയടിക്കു റോഡ് പൊളിച്ചാൽ പ്രതിസന്ധി, മൂവാറ്റുപുഴ ടൗൺ അധികനാൾ കുരുങ്ങില്ല, ആശങ്കകൾ അടിസ്ഥാനരഹിതം’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മൂവാറ്റുപുഴ∙ നഗര വികസന പ്രവർത്തനങ്ങൾ അനന്തമായി നീളും എന്ന ആശങ്കയും പ്രചാരണവും അടിസ്ഥാന രഹിതമാണെന്നും സമയബന്ധിതമായി നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്നും മാത്യു കുഴൽനാടൻ എംഎൽഎ. ഒറ്റയടിക്കു റോഡ് പൂർണമായി പൊളിച്ചാൽ നഗരത്തിലെ സാധാരണ ജനങ്ങൾക്കും വ്യാപാര സമൂഹത്തിനും മാസങ്ങളോളം പ്രതിസന്ധി ഉണ്ടാകും. ഇത് ഒഴിവാക്കുന്ന വിധത്തിലാണ് നഗര റോഡ് നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.കച്ചേരിത്താഴം മുതൽ സയാന ഹോട്ടൽ വരെയാണ് നഗര റോഡ് വികസനം നടക്കുന്നത്.
കെആർഎഫ്ബി, കെഎസ്ഇബി, ജല അതോറിറ്റി എന്നീ വകുപ്പുകളുടെ ഏകോപനത്തിലൂടെ ആണ് പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത്. കച്ചേരിത്താഴം മുതൽ സയാന ഹോട്ടലിനു മുൻഭാഗം വരെ 8 മീറ്റർ വീതിയിൽ നിർമാണം ആരംഭിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. നിലവിലെ റോഡിന്റെ മധ്യ ഭാഗത്ത് കൂടിയാണ് പൈപ്പുകൾ പോകുന്നത് എന്നായിരുന്നു ജല അതോറിറ്റി പറഞ്ഞിരുന്നത്.
എന്നാൽ നിർമാണം ആരംഭിച്ച ഘട്ടത്തിൽ ജലവിതരണം നടത്തുന്ന ജല അതോറിറ്റിയുടെ പൈപ്പുകൾ 4 മീറ്റർ കഴിഞ്ഞപ്പോൾ തന്നെ കണ്ടെത്തിയത് മൂലം 8 മീറ്റർ വീതിയിൽ നടത്താനിരുന്ന നിർമാണം 4 മീറ്റർ വീതിയിൽ ആദ്യഘട്ടം പൂർത്തീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. 5 പതിറ്റാണ്ടു മുൻപ് സ്ഥാപിച്ച പൈപ്പുകളുടെ മുകൾ ഭാഗത്തു നിർമാണം നടക്കുമ്പോൾ പൈപ്പുകൾ പൊട്ടാനും കുടിവെള്ള വിതരണം മുഴുവനായി സ്തംഭിക്കാനും സാധ്യത ഉണ്ട്. അതിനാലാണ് പൈപ്പ് ലൈൻ ഒഴിവാക്കിയുള്ള 4 മീറ്റർ വീതിയിലുള്ള ഭാഗം ആദ്യം പൂർത്തീകരിക്കുന്നത്.
ഇതോടൊപ്പം തന്നെ ഈ ഭാഗത്ത് കോൺക്രീറ്റ് ചേംബറിന്റെ ഉള്ളിലൂടെ പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലികളും പുരോഗമിക്കുന്നുണ്ട്. റോഡ് നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ തന്നെ പല ഭാഗങ്ങളിലും വീടുകളിലേക്കും മറ്റു സ്ഥാപനങ്ങളിലേക്കും പോകുന്ന പൈപ്പുകൾ പൊട്ടുകയും വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്യുന്ന സാഹചര്യവും നിലവിലുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ഈ ഭാഗത്തെ ചെളി മുഴുവൻ കോരി മാറ്റി ജിഎസ്പി നിറച്ച ശേഷമാണ് നിർമാണം നടക്കുന്നതെന്നും എംഎൽഎ പറഞ്ഞു. നിർമാണ പ്രവർത്തനങ്ങളോട് അക്ഷമ കാണിക്കാതെ വികസന പദ്ധതിക്കായി എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘മെല്ലെപ്പോക്ക് അവസാനിപ്പിക്കണം’
മൂവാറ്റുപുഴ∙ നഗര റോഡ് വികസന പദ്ധതിയുടെ ഭാഗമായി നടക്കുന്ന നിർമാണ പ്രവർത്തനങ്ങളുടെ മെല്ലെപ്പോക്ക് നടപടി അവസാനിപ്പിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തരമായി ഇടപെടണമെന്ന് മുൻ എംഎൽഎ ബാബു പോൾ, മുൻ നഗരസഭാ ചെയർമാൻ പി.എം. ഇസ്മായിൽ, സിപിഎം ഏരിയ സെക്രട്ടറി അനീഷ് എം. മാത്യു എന്നിവർ ആവശ്യപ്പെട്ടു.മന്ദഗതിയിൽ നടക്കുന്ന ജലവിതരണ പൈപ്പുകളുടെ മാറ്റി സ്ഥാപിക്കൽ റോഡ് നിർമാണത്തെ ബാധിച്ചു.
റോഡ് നിർമാണത്തിനായി കൂടുതൽ യന്ത്രങ്ങളും തൊഴിലാളികളെയും എത്തിച്ച് വേഗം വർധിപ്പിക്കുന്നതിനും രാത്രിയിലും നിർമാണം നടത്തുന്നതിനുള്ള നടപടി സ്വീകരിക്കാനും കരാറുകാരൻ തയാറാകുന്നില്ല. വള്ളക്കാലി ജംക്ഷനിൽ ഡക്ട് നിർമാണം പൂർത്തീകരിക്കുന്നതിനുള്ള ഭൂമി ഏറ്റെടുക്കൽ കോടതി സ്റ്റേ മൂലം തടസ്സപ്പെട്ടിരിക്കുകയാണ്.കാലവർഷം ആരംഭിക്കുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങൾ വേനൽ അവധി കഴിഞ്ഞു തുറക്കുന്നതിനും മുൻപായി റോഡ് നിർമാണത്തിന്റെ ഇപ്പോഴത്തെ ഘട്ടം പൂർത്തീകരിച്ച് ഗതാഗതം പുനഃസ്ഥാപിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.