
തോപ്പുംപടി ജംക്ഷനിലെ ഗതാഗതക്കുരുക്കഴിയണം: ഡിവൈഡർ നിർമാണം അശാസ്ത്രീയം; നിർത്തണമെന്ന് ആവശ്യം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മട്ടാഞ്ചേരി∙ തോപ്പുംപടി ജംക്ഷനിൽ ഗതാഗത കുരുക്കിന് വഴിയൊരുക്കുന്ന മീഡിയൻ നിർമാണത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. അശാസ്ത്രീയമായി നടത്തുന്ന കോൺക്രീറ്റ് ഡിവൈഡർ നിർമാണം നിർത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് തോപ്പുംപടി മണ്ഡലം കമ്മിറ്റി കലക്ടർക്ക് പരാതി നൽകി. മീഡിയൻ നിർമാണം അടിയന്തരമായി നിർത്തി വയ്ക്കണമെന്ന് എഐവൈഎഫ് കൊച്ചി മണ്ഡലം കമ്മിറ്റിയും ആവശ്യപ്പെട്ടു.വീതി കുറഞ്ഞതും തിരക്കേറിയതുമായ റോഡിൽ 1 മീറ്റർ വീതിയിലാണ് മീഡിയൻ നിർമിക്കുന്നതെന്ന് പരാതിയിൽ പറയുന്നു.ബസ് സ്റ്റോപ്പിൽ ബസുകൾ നിർത്തിയിട്ടാൽ മറ്റ് വാഹനങ്ങൾക്കു കയറി പോകാൻ സാധ്യമല്ലാതെ വലിയ ഗതാഗത കുരുക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നതെന്ന് വ്യാപാരികളും യാത്രക്കാരും പറയുന്നു.
തോപ്പുംപടി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഇ.ജെ.അവറാച്ചൻ, ബ്ലോക്ക് സെക്രട്ടറിമാരായ ഐ.എ. ജോൺസൺ, പ്രേം ജോസ്, കെ.ജെ.ആഷ് ലി, ജേക്കബ് പൊന്നൻ, ജെയ്സൻ ജോർജ്, ലിഫിൻ ജോസഫ് എന്നിവരാണ് നിവേദനം നൽകിയത്.ബസ് സ്റ്റാൻഡ്, ഓട്ടോ റിക്ഷ സ്റ്റാൻഡ്, സ്കൂൾ, ആരാധനാലയം എന്നിവയുള്ള ജംക്ഷനിൽ നിരന്തരം ഗതാഗത കുരുക്ക് ഉണ്ടാകാൻ മാത്രമേ ഈ മീഡിയൻ നിർമാണം ഉപകരിക്കൂ എന്നും നിർമാണം നിർത്തി വച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും പ്രസിഡന്റ് കെ.അനൂബ്, സെക്രട്ടറി പി.കെ.ഷിഫാസ് എന്നിവർ അറിയിച്ചു.