മൂവാറ്റുപുഴ ∙ നഗരസഭ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട അസം ബീഗത്തിന് ഇന്നലെ ജീവിതത്തിലെ ഏറ്റവും ആഹ്ലാദകരമായ ദിനമായിരുന്നു.
ജനപ്രതിനിധിയായി സത്യപ്രതിജ്ഞയെടുക്കേണ്ട അതേ ദിവസം തന്നെയായിരുന്നു ഏറെ നാളായി കാത്തിരുന്ന മകളുടെ വിവാഹവും. രാവിലെ വിവാഹ വീട്ടിലെ തിരക്കുകൾക്കിടയിൽ നിന്നാണ് അസം ബീഗം നഗരസഭ കൗൺസിൽ ഹാളിലേക്ക് ഓടിയെത്തിയത്.
തന്റെ മകൾ അഡ്വ. അൽക്ക ഫാത്തിമ നജീബിന്റെ വിവാഹദിനത്തിൽ തന്നെ ജനപ്രതിനിധിയായി ചുമതലയേൽക്കണമെന്നത് യാദൃശ്ചികമെങ്കിലും സ്വപ്നതുല്യമായ നിയോഗമായി.
നാടിനോടുള്ള തന്റെ പ്രതിബദ്ധത ഉറപ്പിച്ചു കൊണ്ട് സത്യപ്രതിജ്ഞാ വാചകങ്ങൾ ഏറ്റുചൊല്ലിയ ശേഷം, ഒട്ടും വൈകാതെ തന്നെ അവർ മകളുടെ അടുത്തേക്ക് പാഞ്ഞെത്തി.
ഏറെ നാൾ മുൻപ് ഭർത്താവ് മരിച്ചതോടെ മകൾക്ക് ഉമ്മയും ബാപ്പയുമായി തണലേകിയത് അസം ബീഗമായിരുന്നു. അതുകൊണ്ട് തന്നെ മകളുടെ വിവാഹം അവരുടെ ജീവിതത്തിലെ വലിയ സ്വപ്നസാക്ഷാത്കാരമായി.
സത്യപ്രതിജ്ഞ കഴിഞ്ഞ് കൗൺസിൽ ഹാളിൽ നിന്നു നേരെ വിവാഹ വേദിയിൽ എത്തിയ അസം ബീഗത്തിനു പിന്തുണയുമായി സത്യപ്രതിജ്ഞാ ചടങ്ങ് പൂർത്തിയാക്കിയ ഉടൻ നഗരസഭയിലെ മറ്റ് അംഗങ്ങളും വീട്ടിലേക്ക് എത്തി. ആലപ്പുഴ ബക്കർ കോട്ടേജിൽ റഹീം അബൂബക്കറിന്റെയും സൈനബ ഇബ്രാഹിമിന്റെയും മകൻ അബ്ദുൽ റൗഫ് ആണു വരൻ.
ഒരു ജനപ്രതിനിധി എന്ന നിലയിലും കരുത്തയായ ഒരു അമ്മ എന്ന നിലയിലും ഒരേസമയം തന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത അസം ബീഗത്തിന് നാട്ടുകാരും സഹപ്രവർത്തകരും അഭിനന്ദന പ്രവാഹമാണ്.
നഗരസഭയിലെ ചെയർപഴ്സൻ, വൈസ് ചെയർപഴ്സൻ തിരഞ്ഞെടുപ്പ് 26ന്
മൂവാറ്റുപുഴ ∙ നഗരസഭയിലെ ചെയർപഴ്സൻ, വൈസ് ചെയർപഴ്സൻ തിരഞ്ഞെടുപ്പ് 26ന് 2.30ന് നടക്കും. ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത് പ്രസിഡന്റുമാരുടെയും വൈസ് പ്രസിഡന്റുമാരുടെയും തിരഞ്ഞെടുപ്പ് 27ന് നടക്കും.
മൂവാറ്റുപുഴ നഗരസഭ, ബ്ലോക്ക് പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള ആയവന, ആരക്കുഴ, ആവോലി, കല്ലൂർക്കാട്, പായിപ്ര, മാറാടി, മഞ്ഞള്ളൂർ, വാളകം പഞ്ചായത്തുകളിലെ പുതുതായി തിരഞ്ഞെടുത്ത അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്നലെ പ്രൗഢമായ ചടങ്ങുകളോടെ നടന്നു. മൂവാറ്റുപുഴ നഗരസഭയിലെ ഏറ്റവും മുതിർന്ന അംഗമായ ഇരുപത്തിയേഴാം വാർഡ് പ്രതിനിധി ഷേർലി പൗലോസിനു വരണാധികാരി ഡിഇഒ സലാഹുദ്ദീൻ സത്യവാചകം ചൊല്ലിക്കൊടുത്തു.
ഷേർലി പൗലോസ് മറ്റ് അംഗങ്ങൾക്കു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
തുടർന്ന് അംഗങ്ങൾ സത്യപ്രതിജ്ഞ റജിസ്റ്ററിലും കക്ഷിബന്ധ റജിസ്റ്ററിലും ഒപ്പിട്ടു. കൂറുമാറ്റം സംബന്ധിച്ച പരാതികൾ വരുമ്പോൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ പരിഗണിക്കുന്ന പ്രധാന രേഖ കക്ഷിബന്ധ റജിസ്റ്ററാണ്.
ബ്ലോക്ക് പഞ്ചായത്തിൽ ആർഡിഒ പി.എൻ. അനി ആണ് സത്യപ്രതിജ്ഞാ ചടങ്ങുകൾക്കു നേതൃത്വം നൽകിയത്.
ആദ്യം മഞ്ഞള്ളൂർ ഡിവിഷനിൽ നിന്നുള്ള ജോൺ കളമ്പുകാട്ട് സത്യവാചകം ചൊല്ലി സത്യപ്രതിജ്ഞ ചെയ്തു. പിന്നീട് ജോൺ കളമ്പുകാട്ട് മറ്റ് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
പഞ്ചായത്തുകളിലും തിരഞ്ഞെടുക്കപ്പെട്ട മുതിർന്ന അംഗമായിരുന്നു ആദ്യം സത്യപ്രതിജ്ഞ ചെയ്തത്.
തുടർന്ന് ഇവർ മറ്റംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. 8 പഞ്ചായത്തുകളിലും വിപുലമായ ചടങ്ങുകളാണ് ഒരുക്കിയിരുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

