കൊച്ചി∙ സങ്കടക്കടലായി കഥയുടെയും കളിചിരികളുടെയും ‘പാലാഴി’. പ്രിയനടൻ ശ്രീനിവാസന് അന്ത്യാഞ്ജലി അർപ്പിക്കാൻ കണ്ടനാട്ടെ പാലാഴി വീട്ടുമുറ്റത്ത് ഇന്നലെ ഒഴുകി നിറഞ്ഞത് സമൂഹത്തിന്റെ എല്ലാ തുറകളിൽ നിന്നുമുള്ളവർ.
രാവിലെ ആറരയോടെ വീട്ടിലേക്കുള്ള ജനപ്രവാഹം ആരംഭിച്ചിരുന്നു. മാധ്യമ പ്രതിനിധികളും പുലർച്ചെ തന്നെ വീട്ടു മുറ്റത്തും പരിസരത്തുമായി തമ്പടിച്ചു. വീടിന്റെ അങ്കണത്തിൽ ചിതയൊരുക്കിയ ഭാഗത്തെ കെട്ടിടങ്ങളുടെ മുകളിലും മതിൽക്കെട്ടിനു മുകളിലുമെല്ലാം ക്യാമറകൾ നിരന്നു.
സംസ്കാര സമയമടുത്തതോടെ വീട്ടുമുറ്റം നിറഞ്ഞു കവിഞ്ഞ ആരാധകരെ പൊലീസും സിനിമ പ്രവർത്തകരും ഇടപെട്ടു പലതവണ പുറത്തേക്കു നീക്കേണ്ടി വന്നു. ശ്രീനിവാസന്റെ സ്വദേശമായ കണ്ണൂരിലെ പാട്യത്തു നിന്ന് ഒട്ടേറെ സുഹൃത്തുക്കളും ബന്ധുക്കളും ഇന്നലെ കണ്ടനാട്ടിലെത്തി.
രാവിലെ പത്തിനാണു സംസ്കാര സമയം നിശ്ചയിച്ചതെങ്കിലും നിലയ്ക്കാത്ത ജനപ്രവാഹം കണക്കിലെടുത്ത് ഒന്നര മണിക്കൂർ കൂടി കഴിഞ്ഞാണു ചടങ്ങുകൾക്കായി ഭൗതികശരീരം പുറത്തേക്ക് എടുത്തത്.
വ്യക്തിപരമായി ഏറെ ബന്ധമുള്ള നാട്ടുകാരനെയാണു നഷ്ടപ്പെട്ടതെന്നും തന്റെ അഭിനയപാടവം കൊണ്ട് എല്ലാവരെയും സ്വാധീനിച്ചിരുന്ന നടനായിരുന്നു ശ്രീനിവാസനെന്നും വസതിയിലെത്തിയ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. പ്രേക്ഷകരുടെ നിലവാരം ഉയർത്തുന്ന പ്രതിഭകളിൽ ഏറെ മുന്നിലാണു ശ്രീനിവാസന്റെ സ്ഥാനമെന്നു നടൻ ജഗദീഷ് പറഞ്ഞു. ശ്രീനിവാസന്റെ മരണം വാക്കുകൾ കൊണ്ട് വിവരിക്കാനാകാത്ത നഷ്ടമാണെന്ന് നടി പാർവതി തിരുവോത്ത് പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, എംഎൽഎമാരായ രമേശ് ചെന്നിത്തല, അനൂപ് ജേക്കബ്, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, സംസ്ഥാന സർക്കാരിന്റെ ഡൽഹി പ്രതിനിധി കെ.വി.തോമസ്, ബെന്നി ബഹനാൻ എംപി, സിപിഎം സെക്രട്ടേറിയറ്റ് അംഗം പി.കെ.ബിജു, ജില്ലാ സെക്രട്ടറി എസ്.സതീഷ്, സംസ്ഥാന കമ്മിറ്റിയംഗം എസ്.ശർമ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ജില്ലാ സെക്രട്ടറി എൻ.അരുൺ, ജോസഫ് എം.പുതുശ്ശേരി, കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.സി.തോമസ് എന്നിവർ അന്ത്യോപചാരം അർപ്പിച്ചു.
അമ്മ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ, നടനും എംഎൽഎയുമായ എം.മുകേഷ്, അഭിനേതാക്കളായ റഹ്മാൻ, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ലാൽ, സുരേഷ് കൃഷ്ണ, ബാബുരാജ്, അൻസിബ ഹസൻ, നിവിൻ പോളി, അജു വർഗീസ്, രഞ്ജി പണിക്കർ, ദിലീപ്, ഇന്ദ്രൻസ്, ടിനി ടോം, സരയൂ, ഗോകുൽ സുരേഷ്, നമിത പ്രമോദ്, സ്നേഹ ശ്രീകുമാർ, സുധീർ, നിഖില വിമൽ, ലക്ഷ്മി പ്രിയ, രേഖ, പ്രിയങ്ക, രമേഷ് പിഷാരടി, സിദ്ദിഖ്, വിനീത്, സോഹൻ സീനുലാൽ, ഗോവിന്ദ് പത്മസൂര്യ, മണികണ്ഠൻ ആചാരി, ജോജി ജോൺ, വിജയകുമാർ പ്രഭാകരൻ, സംവിധായകരായ ഫാസിൽ, രാജസേനൻ, രാജീവ് അഞ്ചൽ, ബ്ലെസി, എബ്രിഡ് ഷൈൻ, തിരക്കഥാകൃത്ത് റോബിൻ തിരുമല, നിർമാതാക്കളായ ആന്റോ ജോസഫ്, ജി സുരേഷ് കുമാർ, അവതാരക രഞ്ജിനി ഹരിദാസ് തുടങ്ങിയവരും വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

