പിറവം ∙ അറ്റകുറ്റപ്പണികൾക്കു മൂലമറ്റം വൈദ്യുതി നിലയം അടച്ചതു മൂലം മൂവാറ്റുപുഴയാറിൽ ഉണ്ടായ ജലദൗർലഭ്യം കനത്ത മഴ ലഭിച്ചതോടെ മറികടക്കാനാകുമെന്ന പ്രതീക്ഷയിൽ ജല അതോറിറ്റി. വൈദ്യുതി ഉൽപാദനത്തിനു ശേഷം പുറന്തള്ളുന്ന വെള്ളമാണു പുഴയിലെ ജലനിരപ്പ് നിയന്ത്രിക്കുന്നത്.
ഇൗ മാസം 11 മുതലാണു വൈദ്യുതി നിലയത്തിൽ ഉൽപാദനം നിർത്തിയത്. എന്നാൽ ഇൗ ദിവസങ്ങളിൽ തുടർച്ചയായി പെയ്യുന്ന മഴ മൂലം പുഴയിലെ ജലനിരപ്പു കാര്യമായി താഴ്ന്നിട്ടില്ല.
ശരാശരി 50 മില്ലീമീറ്റർ വരെ മഴ പിറവത്തു മഴമാപിനിയിൽ രേഖപ്പെടുത്തുന്നുണ്ട്.
മഴയത്തു സമീപ മേഖലകളിൽ നിന്നു പുഴയിലേക്കു ചേരുന്ന കൈവഴികളിലൂടെ എത്തുന്ന വെള്ളവും ഇപ്പോഴത്തെ ജലസമൃദ്ധിക്കു കാരണമായി പറയപ്പെടുന്നു.സാധാരണ നിലയിൽ 3 മില്യൻ ക്യുബിക് മീറ്റർ വെള്ളമാണ് വൈദ്യുതി ഉൽപാദനത്തിനു ശേഷം മൂലമറ്റത്തു നിന്നു പുറന്തള്ളിയിരുന്നത്. ഇപ്പോൾ അത് 1 മില്യൻ ക്യുബിക് മീറ്ററായി കുറഞ്ഞതായാണു കണക്ക്.
പശ്ചിമ കൊച്ചിയിൽ ശുദ്ധജലം വിതരണം ചെയ്യുന്ന ജനറം, ആലപ്പുഴയിലേക്കുള്ള ജപ്പാൻ, കോട്ടയം ജില്ലയിലേക്കുള്ള മേവെള്ളൂർ തുടങ്ങിയ പദ്ധതികളാണു പിറവം നഗരസഭാ പരിധിയിൽ പുഴയിൽ നിന്നു വെള്ളം ശേഖരിക്കുന്നത്.
ചൂണ്ടി പദ്ധതിയിലേക്കു വെള്ളം ശേഖരിക്കുന്നതു രാമമംഗലത്തു നിന്നാണ്. പിറവം നിയോജക മണ്ഡലത്തിലെ പ്രധാന പദ്ധതിയായ കക്കാട്, നെച്ചൂർ പദ്ധതികൾക്കും വെള്ളം ശേഖരിക്കുന്നുണ്ട്.
മൂവാറ്റുപുഴയാറിൽ ജലക്ഷാമം ഉണ്ടായാൽ പെരിയാറിൽ നിന്നു വെള്ളം എത്തിക്കുന്നതിനു പദ്ധതി തയാറാക്കിയെങ്കിലും ഇതുവരെയും വേണ്ടി വന്നിട്ടില്ല.
ഭൂതത്താൻകെട്ട് ബറാജിന്റെ ഷട്ടറുകൾ അടച്ച് സംഭരിച്ചു 10 ദിവസത്തേക്കു പമ്പിങ്ങിനുള്ള വെള്ളം മൂവാറ്റുപുഴയാറിലേക്ക് ഒഴുക്കുന്നതിനായിരുന്നു ലക്ഷ്യം. ഇതിനായി ഷട്ടറുകൾ അടച്ചു കോതമംഗലം, മുളവൂർ ബ്രാഞ്ച് കനാലുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കിയെങ്കിലും വെള്ളം തുറന്നു വിട്ടിട്ടില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

