മൂവാറ്റുപുഴ ∙ ആനിക്കാട് ചിറപ്പടി സ്റ്റേഡിയത്തിൽ കളികൾ നടക്കുകയാണെങ്കിൽ സമീപത്തുള്ള കുടുംബങ്ങളിലേക്കു പോകാൻ കളി തീരുന്നതുവരെ കാത്തു നിൽക്കേണ്ടി വരും. കാരണം സ്റ്റേഡിയത്തിന്റെ ഉള്ളിലൂടെയാണ് ഇവരുടെ വീട്ടിലേക്കുള്ള വഴി.
കളി നടക്കുമ്പോൾ ഈ വഴി നടന്നാൽ പാഞ്ഞുവരുന്ന പന്ത് തലയിലും മറ്റും കൊണ്ട് അപകടങ്ങൾ ഉണ്ടാകും. വഴിയിലൂടെ ആരെങ്കിലും നടന്നു പോകുകയാണെങ്കിൽ കളിക്കാർക്ക് കളി നിർത്തി കാത്തു നിൽക്കേണ്ടി വരും.
അൻപതോളം കുടുംബങ്ങളിലെ അംഗങ്ങൾ യാത്ര ചെയ്യുന്നത് ഇപ്പോൾ ചിറപ്പടി സ്റ്റേഡിയത്തിന്റെ ഉള്ളിലൂടെയാണ്.
ഫുട്ബോൾ, ക്രിക്കറ്റ് തുടങ്ങിയ കളികൾ നടക്കുമ്പോൾ കളിക്കാർക്കും പാഞ്ഞു വരുന്ന പന്തുകൾക്കിടയിലൂടെയും വേണം കൊച്ചുകുട്ടികളും വയോജനങ്ങളും ഉൾപ്പെടെ കടന്നുപോകുന്നത്. സ്റ്റേഡിയത്തിനുള്ളിൽ കൂടി തന്നെയാണു കാറുകളും, ബൈക്കുകളും, ഓട്ടോറിക്ഷകളും എല്ലാം കടന്നുപോകുന്നത്.
ഇടയ്ക്കിടെ വിവിധ ടൂർണമെന്റുകൾ നടക്കാറുള്ള സ്റ്റേഡിയത്തിൽ നാട്ടുകാർ കടന്നു പോകുമ്പോൾ കളി തടസ്സപ്പെടുന്ന സ്ഥിതിയാണ്. യാത്രക്കാർക്ക് പലർക്കും പന്തുകൊണ്ടുള്ള അടിയേറ്റിട്ടുണ്ടെങ്കിലും ഗുരുതരമായ അപകടങ്ങൾ ഒഴിവായത് തലനാരിഴയ്ക്കാണ്.
സ്റ്റേഡിയത്തിന്റെ ഇടതുവശം ചേർന്ന് ഒരു വഴി ഉണ്ടെങ്കിലും ഇവിടെ കാടുപിടിച്ചു കിടക്കുകയാണ്.
ഇവിടെ മുളങ്കാട് വളർന്നു നിൽക്കുകയാണ്. വർഷങ്ങൾക്കു മുൻപ് ജോസഫ് വാഴയ്ക്കൻ എംഎൽഎ ആയിരുന്നപ്പോൾ വഴി ടാർ ചെയ്തു സഞ്ചാരയോഗ്യമാക്കാൻ ഫണ്ട് അനുവദിച്ചു നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതാണ്.
എന്നാൽ പദ്ധതി പാതിവഴിയിൽ നിലച്ചു.
നാട്ടുകാർ പല സ്ഥലങ്ങളിലും പരാതി നൽകിയെങ്കിലും അനുകൂലമായ നടപടി ഇതുവരെ ഉണ്ടായിട്ടില്ല.
സ്റ്റേഡിയത്തിൽ കായിക മത്സരങ്ങൾക്കു തടസ്സമില്ലാതിരിക്കാനും യാത്രക്കാർക്ക് അപകടങ്ങൾക്ക് ഉണ്ടാകാതിരിക്കാനും ഉപയോഗിക്കാതെ കിടക്കുന്ന വഴി സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

