
കൊച്ചി ∙ വൈദ്യുത പോസ്റ്റില്ലാത്ത എംജി റോഡ്, വൈദ്യുതി കൊണ്ടുപോകുന്നതു ഭൂമിക്കടിയിലൂടെ കേബിൾ വഴി, ഇതു നടക്കാത്തൊരു സ്വപ്നമല്ല, കെഎസ്ഇബി സമർപ്പിച്ച 27 കോടി രൂപയുടെ പദ്ധതിക്കു തത്വത്തിൽ അനുമതി ലഭിച്ചു. സ്കാഡ പദ്ധതി പ്രകാരമുള്ള വികസനം കൂടി ചേർത്താണെങ്കിൽ പദ്ധതി സൂപ്പറാവും.
അപ്പോൾ ചെലവ് 73 കോടി. ഇതിനു പക്ഷേ, അനുമതിയായിട്ടില്ല.തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിലാണു വൈദ്യുത പോസ്റ്റ് ഇല്ലാതാക്കുന്ന പദ്ധതി.
ഇപ്പോൾ 11 കെ വി, അതിനു താഴെ സർവീസ് ലൈൻ എന്നിങ്ങനെയാണു വൈദ്യുത പോസ്റ്റിന്റെ അവസ്ഥ.
ഇതിൽ നിന്നു 11 കെ വി അണ്ടർഗ്രൗണ്ട് കേബിൾ ആക്കിയെങ്കിലും സർവീസ് ലൈൻ ഇപ്പോഴും പോസ്റ്റിനു മുകളിൽതന്നെ. എംജി റോഡിൽ ഒറ്റ പോസ്റ്റിൽ നിന്നു 100–200 കണക്ഷൻ വരെ നൽകിയിരിക്കുന്നതു കാണാം.
ഇതെല്ലാം അഴിച്ചുമാറ്റി സർവീസ് ലൈനും അണ്ടർ ഗ്രൗണ്ട് ആക്കി ഫീഡർ പില്ലർ സ്ഥാപിച്ചായിരിക്കും വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും കണക്ഷൻ നൽകുക.വൈദ്യുത പോസ്റ്റുകൾ ഇല്ലാതാവുന്നതോടെ എംജി റോഡിന്റെ മുഖകാന്തി വർധിക്കും. മാധവ ഫാർമസി മുതൽ വെണ്ടുരുത്തി പാലം വരെയാണു പദ്ധതി നടപ്പാക്കുക.
തേവര, കോളജ് സെൻട്രൽ സെക്ഷനുകൾക്കു കീഴിൽ വരുന്ന പ്രദേശമാണിത്.
വിതരണ ശൃംഖലയാകെ കൺട്രോൾ റൂമുമായി ബന്ധിപ്പിക്കുന്നതാണു സ്കാഡ പദ്ധതി. ഇതിനായി പ്രത്യേകം കേബിൾ വലിക്കണം.
ലൈൻ ഓൺ ആക്കാനും ഓഫ് ആക്കാനും ഓരോ സ്ഥലത്തും ലൈൻ മാൻ പോകേണ്ടതില്ല. കൺട്രോൾ റൂമിൽ ഇരുന്നു മൊബൈൽ ഉപയോഗിച്ച് ചെയ്യാം.
കളമശേരിയിൽ ഇതിനു കൺട്രോൾ റൂം സ്ഥാപിച്ചിട്ടുണ്ട്.വൈദ്യുത പോസ്റ്റ് പോകുമ്പോൾ, ഇപ്പോൾ അതിലൂടെ വലിച്ചിട്ടുള്ള കേബിൾ ഓപ്പറേറ്റർമാർ സ്വന്തം മാർഗം കണ്ടെത്തേണ്ടിവരും. എയർടെൽ, ജിയോ തുടങ്ങിയ വമ്പൻമാർ സ്വന്തം നിലയിൽ പോസ്റ്റുകൾ സ്ഥാപിച്ച് അവരുടെ കേബിളുകൾ വലിച്ചിട്ടുണ്ട്.
അതിനാൽ പോസ്റ്റുകളും ഓവർഹെഡ് കേബിളുകളും പൂർണമായി ഇല്ലാതാവുമെന്നു പറയുകവയ്യ.
വൈദ്യുത പോസ്റ്റ് ഇല്ലാതാവുമ്പോൾ സംഭവിക്കുന്നത്
∙ നൂറുകണക്കിനു കേബിളുകളാണ് ഓരോ വൈദ്യുത പോസ്റ്റിലും തൂങ്ങിക്കിടക്കുന്നത്. ഇതിൽ പകുതിയോളം മാത്രമാണ് ഇലക്ട്രിക് കേബിളുകൾ.
ബാക്കിയെല്ലാം ടെലികോം, കേബിൾ ടിവി കേബിളുകൾ. ഇതിൽ ലൈവ് ആയ കേബിളുകൾ പകുതി മാത്രം.
ബാക്കിയെല്ലാം പതിറ്റാണ്ടുകൾക്കു മുൻപേ ഉപയോഗ ശൂന്യമായവ. ഇതെല്ലാം ഇല്ലാതാവും.
∙ കേബിൾ ഇല്ലാതെ സിറ്റിയുടെ ഒരു ഫോട്ടോ എടുക്കാൻ പറ്റില്ല. നഗരത്തിന്റെ മുഖം വികൃതമാക്കുന്നതിൽ ഒന്നാം സ്ഥാനം ഇൗ കേബിളുകൾക്കാണ്.
ഒരു പക്ഷേ, കേബിൾ ഇല്ലാത്തൊരു പടം എംജി റോഡിൽ എടുക്കാൻ കഴിഞ്ഞേക്കും. ∙ പോസ്റ്റിൽ നിന്നു തൂങ്ങിക്കിടക്കുന്ന കേബിൾ കുരുങ്ങി എത്രയോ അപകടങ്ങൾ, മരണങ്ങൾ.
അതിനൊരു ശമനം ഉണ്ടാവും. ∙ ഗതാഗതം മെച്ചപ്പെടും എന്നതാണു ഏറെ പ്രധാനം.
മിക്കവാറും ജംക്ഷനുകളിൽ ഫ്രീ മൂവ്മെന്റ് തടസ്സപ്പെടുത്തി ഒരു ഇലക്ട്രിക് പോസ്റ്റ് ഉണ്ടാവും. പോസ്റ്റ് പോകുന്നതോടെ റോഡിന്റെ വീതി കൂടും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]