
എളങ്കുന്നപ്പുഴ∙ ഗോശ്രീ ബസുകൾക്കു നഗരത്തിലേക്കുള്ള പെർമിറ്റ് നൽകിയിട്ടും അധികൃതർ സർവീസിനു തടസ്സം സൃഷ്ടിക്കുന്നതായി ആരോപണം. ഡിസംബറിൽ പെർമിറ്റിനു അപേക്ഷിച്ച 4 ബസുകൾക്കു പെർമിറ്റ് അനുവദിച്ചെങ്കിലും ടൈം ഷെഡ്യൂൾ നൽകാത്തതുമൂലം സർവീസ് നടത്താനാകുന്നില്ല.
കുടുങ്ങാശേരി – കാക്കനാട്,അണിയിൽ – വൈറ്റില (2),അയ്യമ്പിള്ളി – കലൂർ എന്നീ സർവീസുകളാണു അധികൃതരുടെ തടസ്സം മൂലം സർവീസ് ആരംഭിക്കാനാവാത്തത്.
ടൈംഷെഡ്യൂൾ നിശ്ചയിക്കുന്നതിനായി 6 തവണ യോഗം വിളിച്ചെങ്കിലും ഓരോ തവണയും മാറ്റിവയ്ക്കുകയാണ്. അടുത്ത തീയതി നിശ്ചയിട്ടിച്ചില്ല. ഒരു ബസ് ഉടമ പരാതി നൽകിയതിനെ തുടർന്നു ഒരാഴ്ചയ്ക്കുള്ളിൽ ടൈം ഷെഡ്യൂൾ നൽകാൻ കലക്ടർ ഉത്തരവിട്ടു.
തുടർ നടപടിയുണ്ടായില്ല. മറ്റൊരു ബസ് ഉടമ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഒരുമാസത്തിനകം നടപടി പൂർത്തിയാക്കാനുള്ള ഉത്തരവ് സമയം കഴിഞ്ഞിട്ടും നടപ്പായില്ല.
നഗരത്തിലേക്കു സർവീസ് നടത്തുന്ന ഗോശ്രീബസുകൾ നഷ്ടത്തിലാകുമെന്ന കണക്കുകൂട്ടൽ തെറ്റി ലാഭത്തിലായതോടെ ഈ സർവീസിനു മറ്റു ബസ് ഉടമകളിൽ ചിലർ തടസ്സം സൃഷ്ടിക്കുന്നതാണ് ടൈംഷെഡ്യൂൾ നൽകാത്തതിനു പിന്നിലെന്നാണു ആരോപണം.
വൈപ്പിനിൽ 23 ബസുകൾ 65 ലക്ഷം രൂപയ്ക്കു വരെ വിൽപന നടത്താൻ ശ്രമം നടത്തുന്നു. ഇത് ബസിന്റെ വിലയേക്കാൾ റൂട്ടിനുള്ള വിലയാണ്.
കൂടുതൽ ബസുകൾ നഗരത്തിലേക്കു സർവീസ് നടത്തിയാൽ മറ്റു ബസുകളുടെ വരുമാനത്തിൽ കുറവ് വരും.
ഇത് വിൽപനയെ ബാധിക്കുമെന്നതാണ് ഉടമകളുടെ പ്രശ്നം.ബസുമായി എത്തിയാലേ പെർമിറ്റ് അനുവദിക്കൂ എന്ന വ്യവസ്ഥമൂലം അപേക്ഷിച്ച അന്നു മുതൽ ബസ് എടുത്ത് 3-ാം മാസം 25,000 രൂപ വീതം ടാക്സും വർഷത്തിൽ 65000 മുതൽ 75000 രൂപ വരെ ഇൻഷ്വൂറൻസും ഓടാതെ കിടക്കുന്ന ബസുകൾക്കായി അടച്ചു ഭീമമായ നഷ്ടം നേരിടുകയാണെന്നു ബന്ധപ്പെട്ട ഉടമകളായ വി.വി.സുധീർ,ഒ.വി.ബെന്നി,പി.ആർ.ബിജു എന്നിവർ ചൂണ്ടിക്കാട്ടി.
നഗരസർവീസ് തടഞ്ഞതിനെതിരെ പ്രതിഷേധം
ഗോശ്രീബസുകളുടെ നഗരസർവീസ് തടസ്സപ്പെടുത്തുന്നതിൽ വൈപ്പിനിലെ റസിഡന്റ്സ് ഏപെക്സ് കൗൺസിലുകളുടെ കേന്ദ്രസംഘടനയായ ഫ്രാഗ് പ്രതിഷേധിച്ചു.
ഏറെക്കാലത്തെ സമരത്തെ തുടർന്നു നിലവിൽ വന്ന സംവിധാനം തകർക്കാനുള്ള ഉദ്യോഗസ്ഥതല നീക്കം ചെറുക്കുമെന്നു പ്രസിഡന്റ് വി.പി.സാബു,ജന:സെക്രട്ടറി അനിൽ പ്ലാവിയൻസ് എന്നിവർ ചൂണ്ടിക്കാട്ടി.
നഗരത്തിലേക്കുള്ള കെഎസ്ആർടിസി ബസും സ്വകാര്യബസും ഒരേസമയം സർവീസ് നടത്തുന്നത് ഒഴിവാക്കണം. ഇതിനായി സമയം പുനഃപരിശോധിക്കണമെന്നു കെഎസ്ആർടിസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
രാത്രി 9.30നു ശേഷം ഹൈക്കോടതി ജംക്ഷനിൽനിന്നു വൈപ്പിനിലേക്കു ബസ് ഇല്ലാത്തതിനു പരിഹാരമായി കെഎസ്ആർടിസിയുടെ വടക്കൻ മേഖലയിലേക്കുള്ള ദീർഘദൂര സർവീസുകളിൽ ചിലത് ഗോശ്രീപാലം,മാല്യങ്കര വഴി തിരിച്ചു വിടണം. കെഎസ്ആർടിസി,സ്വകാര്യബസുകളിൽ പഴക്കം ചെന്നത് മാറ്റി പുതിയ ബസുകൾ ഏർപ്പെടുത്തണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]