
പറവൂർ ∙ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ സംരക്ഷിക്കുകയാണെന്ന് ആരോപിച്ചും രാജി ആവശ്യപ്പെട്ടും ഡിവൈഎഫ്ഐയും അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷനും പ്രതിപക്ഷനേതാവിന്റെ ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.പ്രകടനമായെത്തിയ പ്രവർത്തകർ ദേശീയപാതയിൽ കേസരി കോളജ് സ്റ്റോപ്പിനടുത്ത് പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് മറികടന്ന് ഓഫിസിന് മുന്നിലെത്തി. ഓഫിസിന്റെ പ്രധാന ഗേറ്റ് അവിടെ ഉണ്ടായിരുന്ന കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ അടച്ചു.
മതിലിന്റെ ഇരുവശത്തു നിന്ന് ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഓഫിസ് അങ്കണത്തിലേക്ക് പ്രവേശിച്ച ചില ഡിവൈഎഫ്ഐ പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ അടിപിടിയുണ്ടായി.
ഡിവൈഎഫ്ഐ പ്രവർത്തകർ വടികൊണ്ട് തങ്ങളുടെ പ്രവർത്തകരെ അടിച്ചെന്നു കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിപിൻ ദാസ്, കെഎസ്യു താലൂക്ക് പ്രസിഡന്റ് ആന്റണി ടോം എന്നിവരും ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗം കെ.വി.വിനിലും ആശുപത്രിയിൽ ചികിത്സ തേടി.ഓഫിസിന് നേരെ കല്ലേറ് ഉണ്ടായെന്നും റോഡരികിൽ പ്രതിപക്ഷനേതാവിന്റെ പേര് എഴുതി സ്ഥാപിച്ചിരുന്ന ബോർഡ് നശിപ്പിച്ചെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. എന്നാൽ, പ്രതിപക്ഷനേതാവിന്റെ ഓഫിസിൽ ഉണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകർ തങ്ങൾക്കു നേരെയാണ് കല്ലെറിഞ്ഞതെന്നാണ് സമരക്കാർ പറയുന്നത്.
ഒടുവിൽ പൊലീസും നേതാക്കളും ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു.
പ്രതിഷേധയോഗം അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ജില്ല സെക്രട്ടറി പുഷ്പ ദാസ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി എം.രാഹുൽ അധ്യക്ഷനായി.
സംസ്ഥാന കമ്മിറ്റി അംഗം എൽ.ആദർശ്, സിപിഎം ഏരിയ സെക്രട്ടറി ടി.വി.നിധിൻ, മഹിള അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം പി.എസ്.ഷൈല, ഏരിയ സെക്രട്ടറി എം.ആർ.റീന, പ്രസിഡന്റ് എം.എ.രശ്മി, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ്.സന്ദീപ്, എൻ.ശ്രേഷ, ബ്ലോക്ക് പ്രസിഡന്റ് അഖിൽ ബാവച്ചൻ എന്നിവർ പ്രസംഗിച്ചു. പ്രതിപക്ഷനേതാവിന്റെ നിലപാടിനെതിരെ ഡിവൈഎഫ്ഐയും അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷനും ചേർന്ന് ഇന്ന് 5ന് പറവൂരിൽ പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]