അങ്കമാലി ∙ കുണ്ടന്നൂർ ബൈപാസിന് (എറണാകുളം ബൈപാസ്) സ്ഥലം വിട്ടുനൽകുന്ന അങ്കമാലി വില്ലേജ് നിവാസികൾ ആശങ്കയിൽ. മുല്ലശേരി പാലം മുതൽ കരയാംപറമ്പ് പാലം വരെയുള്ള ഭാഗത്ത് പലയിടങ്ങളിലും സ്ഥലം അളന്നു തിട്ടപ്പെടുത്തി കല്ലുകൾ സ്ഥാപിച്ചിട്ടില്ല. അങ്കമാലി വില്ലേജിൽ സ്ഥലം നഷ്ടപ്പെടുന്നവർക്ക് എത്ര സ്ഥലം നഷ്ടമാകുമെന്ന ധാരണയില്ല. മറ്റു വില്ലേജുകളിൽ കല്ലിടലും അതിനെ തുടർന്നുള്ള സർവേ നടപടികളും പൂർത്തിയായി.
അങ്കമാലി വില്ലേജിൽ യഥാസമയം ത്രിഡി വിജ്ഞാപനം ഇറങ്ങില്ലെന്ന് ഉറപ്പായി. ത്രിഡി വിജ്ഞാപനം ഇറങ്ങാതെ വന്നാൽ സ്ഥലം ഉടമകൾക്ക് പലിശ ലഭിക്കുകയില്ല.
കുറച്ചുവില്ലേജുകളുടെ മാത്രം ത്രിഡി വിജ്ഞാപനം യഥാസമയം ഇറക്കുമെന്നാണ് അറിയുന്നത്.
ആ വിജ്ഞാപനം മറ്റു വില്ലേജുകൾക്കു കൂടി ബാധകമാകുന്ന തരത്തിൽ ഭേദഗതി ഉത്തരവും ഇറങ്ങിയേക്കും. അങ്കമാലി വില്ലേജിൽ പലയിടങ്ങളിലും അതിർത്തി തിരിച്ച് കല്ലുകൾ സ്ഥാപിച്ചിട്ടില്ലെന്നു പ്രദേശവാസിയും ചൈതന്യ റസിഡന്റ്സ് അസോസിയേഷൻ മുൻ പ്രസിഡന്റുമായ എ.വി.ഏലിയാസ് പറഞ്ഞു.ബൈപാസ് കടന്നുപോകുന്ന പ്രദേശങ്ങളിലെ എംപിമാരുടെയും എംഎൽഎമാരുടെയും ജനപ്രതിനിധികളുടെയും അവലോകനയോഗം മന്ത്രി പി.രാജീവിന്റെ അധ്യക്ഷതയിൽ ചേർന്നിരുന്നു.
ഈ മാസം പതിനഞ്ചിനുള്ളിൽ സ്ഥലം അളന്നു തിട്ടപ്പെടുത്തുന്നത് പൂർത്തിയാക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. എന്നാൽ പ്രഖ്യാപനം പാലിക്കപ്പെട്ടില്ല.
കരയാംപറമ്പ് മുതൽ കുണ്ടന്നൂർ വരെ 18 വില്ലേജുകളിലായി ഏക്കർ കണക്കിനു സ്ഥലമാണ് ഏറ്റെടുക്കുന്നത്. ബൈപാസ് നിർമാണത്തിന് ആദ്യവിജ്ഞാപനം വന്നതു മുതൽ വളരെയധികം പരാതികൾ നിലനിൽക്കുന്നുണ്ട്. ദേശീയപാത 66,966 എന്നിവയ്ക്ക് സ്ഥലം ഏറ്റെടുത്തതുപോലെ 2013ലെ ആക്ട് പ്രകാരം ഭൂമി ഏറ്റെടുക്കണമെന്നതാണ് പ്രധാന ആവശ്യം..
വീടുകൾ, കെട്ടിടങ്ങൾ തുടങ്ങിയവ ഏറ്റെടുക്കുമ്പോൾ കാലപ്പഴക്കം കൂടാതെ നഷ്ടപരിഹാരം നൽകണം. വീടുകൾ നഷ്ടപ്പെടുമ്പോൾ പുതിയതു നിർമിക്കുന്നതിന് വളരെയധികം തുക ചെലവാകും.
അങ്കമാലി വില്ലേജിൽ സ്ഥലം വിട്ടുകൊടുക്കുമ്പോൾ വീടുകൾ നഷ്ടമാകുന്നുണ്ട്. വീട്, കെട്ടിടം ഭാഗികമായി ഏറ്റെടുക്കുമ്പോൾ അതു മുഴുവനായും ഏറ്റെടുക്കണമെന്നാണ് മറ്റൊരു ആവശ്യം. എന്നാൽ ഭൂവുടമകളുടെ ആവശ്യങ്ങൾക്കൊന്നും സംസ്ഥാന സർക്കാരും ദേശീയപാത അതോറിറ്റിയും ഇതുവരെ കാര്യമായ പരിഗണന നൽകിയിട്ടില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]